“ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം സാരിയാണ്, അത് ട്രഡീഷണലല്ല”; ഷംന കാസിം

','

' ); } ?>

സെൻസേഷണൽ തരംഗമായി മാറിയ ‘ജയിലർ 2’വിലെ ‘അലാ ബോലെലോ…’ എന്ന ഗാനത്തിലെ തന്റെ വേഷത്തെക്കുറിച്ചും ഗ്ലാമറസ് വസ്ത്രങ്ങളോടുള്ള നിലപാടിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഷംന കാസിം. ഗ്ലാമറസ് വേഷങ്ങളോ കനത്ത മേക്കപ്പോ ഇല്ലാതെയാണ് താൻ ഈ ഗാനത്തിൽ വേഷമിട്ടതെന്നും, എന്നാൽ ഒരു പെൺകുട്ടിയുടെ ഏറ്റവും മനോഹരവും സെക്സിയുമായ വസ്ത്രം സാരിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം വ്യക്തമാക്കി. നിയോപ്രൈം എന്റർടെയ്ന്റ്മെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് ഷംന മനസ്സ് തുറന്നത്.

തന്റെ അലമാര മുഴുവൻ സാരികളാണെന്നും എന്നാൽ കുറച്ചൊന്ന് വണ്ണം കുറച്ച ശേഷം സാരിയിലേക്ക് തിരികെ മടങ്ങാമെന്ന കരുതിയാണ് താൻ ഇപ്പോൾ സാരിയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുന്നതെന്നും ഷംന പറഞ്ഞു. കരിയറിന്റെ തുടക്കം മുതൽ തനിക്ക് ഇത്തരം സ്പെഷ്യൽ സോങ്സ് വന്നിട്ടുണ്ടെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ കംഫർട്ട് സോൺ ഉണ്ടെന്ന് താരം വ്യക്തമാക്കി. ‘കാവാല…’ പോലുള്ള പാട്ടുകൾ വന്നാൽ താൻ ചെയ്യാൻ തയ്യാറാകില്ലെന്നും, ഡാൻസ് ചെയ്യാൻ പറ്റുമെങ്കിലും അത്തരം കോസ്റ്റ്യൂമുകൾ ധരിക്കാൻ തനിക്കാവില്ലെന്നും ഷംന കൂട്ടിച്ചേർത്തു.

‘ജയിലർ 2’ വിന്റെ ഡയറക്ടർ തന്നോട് പാട്ടിനെക്കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം ചോദിച്ചത് തന്റെ ഔട്ട്ഫിറ്റിനെക്കുറിച്ചായിരുന്നുവെന്നും, ‘കുർച്ചി മടത്തപെട്ടി’ പോലെ സാരിയായിരിക്കുമെന്നും കേരള പശ്ചാത്തലമായതുകൊണ്ടാണ് വെള്ള സാരി തെരഞ്ഞെടുത്തതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. തന്നേക്കാൾ അഭിനന്ദനം അർഹിക്കുന്നത് ആ പാട്ടിനായി കഷ്ടപ്പെട്ട മറ്റ് ഡാൻസേഴ്സ് ആണെന്നും, ആറ് ദിവസം കൊണ്ടാണ് ഗാനം ചിത്രീകരിച്ചതെന്നും ഷംന ഓർമ്മിച്ചു. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച ചിത്രത്തിലെ ഈ ഗാനം ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഷംനയുടെ വാക്കുകൾ

ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം എന്താണെന്ന് അറിയുമോ ?. അത് സാരിയാണ്. എല്ലാവരും വിചാരിക്കും സാരി ഒരു പാരമ്പര്യതനിമയുള്ള വസ്ത്രമാണെന്ന്. എന്നാൽ അല്ല. ഒരു പെൺകുട്ടിയുടെ ഏറ്റവും സെക്സിയായിട്ടുള്ള വസ്ത്രം സാരി തന്നെയാണ്. എന്റെ അലമാരയിൽ മുഴുവനും സാരിയാണ്. ഇപ്പോഴാണ് സാരിയോട് ഞാനൊരു ബ്രേക്ക് എടുത്തത്. കുറച്ചൊന്ന് വണ്ണം കുറച്ചിട്ട് വേണം സാരിയിലേക്ക് എനിക്ക് മടങ്ങി വരാൻ.

ഞാനൊരു 18-19 വയസിലൊക്കെ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ അമ്മ എന്നോട് ചോദിക്കും, ‘നീ എന്തിനാണ് ഈ സാരി ഉടുക്കുന്നതെന്ന്’. പക്ഷേ എനിക്ക് സാരി ഒരുപാട് ഇഷ്ടമാണ്. പണ്ട് മുതലേ എനിക്ക് സാരിയോട് ക്രെയ്സ് ആണ്. കരിയറിന്റെ തുടക്കത്തിൽ എനിക്കിതുപോലെ കുറേ സ്പെഷ്യൽ സോങുകൾ വന്നിട്ടുണ്ട്. കോസ്റ്റ്യൂമിനേക്കുറിച്ച് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.

വസ്ത്രത്തെക്കുറിച്ച് ഞാനൊരു കുറ്റവും പറയില്ല. പക്ഷേ അത് ധരിച്ചു കഴിഞ്ഞാൽ ഭം​ഗിയുള്ള ആൾക്കാർ ധരിക്കണം. അവർക്കതിന് ഒരു ഫി​ഗർ ഉണ്ടാകണം, അതിനോട് ഒരു നീതി പുലർത്തണം. അതെനിക്ക് ഒരിക്കലും പറ്റില്ല. പിന്നെ ഞാൻ എന്തിനാണ് അത്തരം ഔട്ട്ഫിറ്റുകൾ ധരിച്ച് നശിപ്പിക്കുന്നത്. അത്തരം വസ്ത്രങ്ങൾ ധരിച്ചാൽ എനിക്കത്ര നന്നാകില്ല. ‘കാവാല… ‘ പോലെ ഒരു പാട്ട് ഒക്കെ ആണെങ്കിൽ ഞാൻ എന്തായാലും നോ പറയും.

കാരണം, എനിക്കൊരിക്കലും അത് പറ്റില്ല. ആ ഡാൻസ് ചിലപ്പോൾ എനിക്ക് ചെയ്യാൻ പറ്റുമായിരിക്കും. പക്ഷേ ആ കോസ്റ്റ്യൂം എനിക്കൊട്ടും പറ്റില്ല. സംവിധായകൻ അലാ ബോലെലോ… പാട്ടിനെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാനാദ്യം ചോദിച്ചത്, ‘എന്റെ ഔട്ട്ഫിറ്റ് എന്തായിരിക്കും’ എന്നാണ്. ‘മാം, ഇത് ‘കുർച്ചി മടത്തപെട്ടി’ പോലെയാണ്, സാരിയാണ്.

നിങ്ങളുടെ കംഫർട്ട് സോൺ’ എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ നടക്കുന്ന സംഭവം ആയതുകൊണ്ടാണ് വെള്ള സാരി. പിന്നെ ആ പാട്ടിന്റെ ഭം​ഗി എന്ന് പറയുന്നത് ബാക്കിയുള്ള ഡാൻസേഴ്സ് ആണ്. എന്നേക്കാളും അഭിനന്ദനം നൽകേണ്ടത് അവർക്കാണ്. അത്രയും ഡാൻസേഴ്സിന്റെ എഫേർട്ട് ആണ് ആ പാട്ട്. ആറ് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. ചില ദിവസങ്ങളിൽ മാത്രമാണ് രജനി സാർ ഉണ്ടായിരുന്നത്.”