
ജീവിതാനുഭവങ്ങളും കാലവും മാറുമ്പോള്‍ നിലപാടുകളിലും മാറ്റം വരുമെന്ന് നടി രജിഷ വിജയന്. മുന്‍പ് ഐറ്റം ഡാൻസിൽ അഭിനയിക്കില്ലെന്ന നിലപാട് തിരുത്തി പുതിയ ചിത്രത്തില്‍ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പോര്ട്രെയ്സ് ബൈ ഗദ്ദാഫി യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രജിഷ ഇക്കാര്യം വ്യക്തമാക്കിയത്.
‘അനുരാഗ കരിക്കിന് വെള്ളം’ സിനിമ ചെയ്യുമ്പോഴുള്ള ചിന്താഗതി അല്ല ഇന്നത്തെ തനിക്കുള്ളതെന്നും പത്ത് വര്‍ഷം കഴിയുമ്പോള്‍ ഈ കാഴ്ചപ്പാടുകളും മാറിയേക്കാമെന്നും രജിഷ പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറേണ്ടതുണ്ടെന്നും യാത്രകളും പുതിയ മനുഷ്യരുമായുള്ള ഇടപെടലുകളുമാണ് ചിന്താഗതി വിശാലമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി കരിയര്‍ ആരംഭിച്ച രജിഷ, പിന്നീട് മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
രജിഷയുടെ വാക്കുകൾ
”സിനിമ മാത്രമല്ല, സമയം മാറുമ്പോഴും നമ്മളെല്ലാവരും മാറും. ജീവിതാനുഭവങ്ങള്‍ മുന്നോട്ട് പോകുന്തോറും എല്ലാവരിലും മാറ്റം അനിവാര്യമാണല്ലോ. പിന്നെ ഓരോരോ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തമായ കഥയും പശ്ചാത്തലവുമായിരിക്കും പറയുക. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുള്ളതായിരിക്കാം. അതെല്ലാം നമ്മളെ മാറ്റിയേക്കും.
പ്രധാനപ്പെട്ട കാര്യം, ഒരു ഗ്രൂപ്പ് ആളുകളുടെ കൂടെ നിശ്ചിത സമയം ചെലവിട്ടു കഴിയുമ്പോഴേക്കും അവരുമായി നമ്മള് സംസാരിക്കും, യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ആളുകളെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യുമ്പോഴുമാണ് നമ്മുടെ ചിന്താഗതി വിശാലമാകുന്നത്. സമയം കഴിയുമ്പോള്‍ എല്ലാവരിലും ആ മാറ്റമുണ്ടാകുമെന്ന് കരുതുന്നു” എന്നും താരം പറയുന്നു. ”അനുരാഗ കരിക്കിന് വെള്ളം ചെയ്യുമ്പോള്‍ എനിക്കുണ്ടായിരുന്ന ചിന്താഗതിയായിരിക്കില്ല ഇന്ന് എനിക്കുള്ളത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതായിരിക്കില്ല.