
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ, തന്റെ ചികിത്സയ്ക്ക് സഹായമേകിയ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി അറിയിച്ചു. പനങ്ങാട് ‘മേള’ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് താരം മമ്മൂട്ടിയെ കണ്ടത്. മമ്മൂട്ടിയുടെ കാല് തൊട്ടുതൊഴണമെന്ന തന്റെ വലിയ ആഗ്രഹം ഈ കൂടിക്കാഴ്ചയിലൂടെ സഫലമായെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ചികിത്സാ സഹായത്തിനായി ഒപ്പം നിന്ന രമേഷ് പിഷാരടി, ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷൻ, രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ തുടങ്ങി എല്ലാവർക്കും കണ്ണൻ സാഗർ ഹൃദയംഗമമായ നന്ദി അറിയിച്ചു. പഴയതുപോലെ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയും വീഡിയോയിലൂടെയും ആരാധകരെ അറിയിച്ചു.
കണ്ണൻ സാഗർ പങ്കുവച്ച കുറിപ്പ്:
“ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്കയ്ക്കും പ്രിയപ്പെട്ടവർക്കുമൊപ്പം!ചില കൂടിക്കാഴ്ചകൾക്ക് വാക്കുകളേക്കാൾ ആഴമുണ്ടാകും, കണ്ണീരിന്റെ നനവുണ്ടാകും. വേദനകളുടെ ഇരുട്ടിൽ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പ്രിയപ്പെട്ട മമ്മൂക്കയുടെ മുന്നിൽ നിന്നപ്പോൾ എന്റെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു.! പനങ്ങാട്, മേള സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ടനേരം വാക്കുകൾ മുറിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിങ് ലൊക്കേഷനിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയടുത്ത് കാണുന്നതും സംസാരിച്ചതും ആദ്യമായിരുന്നു.
എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു. “വേദനകളൊക്കെ കഴിഞ്ഞു, ഇനി പഴയതുപോലെ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ വീണ്ടും സജീവമാകണം” എന്ന് ആ ഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടപ്പോൾ, അത് വെറുമൊരു വാക്കല്ലായിരുന്നു… എനിക്ക് കിട്ടിയ പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമായിരുന്നു!
ഈ ഫ്രെയിമിൽ എനിക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട കെ.എസ്. പ്രസാദേട്ടനും, പ്രതിസന്ധികളിൽ തണലായി എപ്പോഴും കൂടെയുള്ള പ്രിയതമ ഗീതയും രാജഗിരി ആശുപത്രിയിലെ കാർഡിയാക് സർജൻ പ്രദീപ് ഡോക്ടർ, കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. വിനോദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു എന്നത് ഇരട്ടി മധുരമായി.
എന്റെ വേദന മമ്മൂക്കയെ അറിയിച്ച രമേഷ് പിഷാരടി, ചികിത്സ കാര്യങ്ങൾ ഏകോപിപ്പിച്ച ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷൻ ഭാരവാഹികൾ, അതിന്റെ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് (ജിൻസ്), കൂടെനിന്ന എം എം എ ഭാരവാഹികൾ, രാജഗിരിയിലെ മാലാഖമാരായ നഴ്സുമാർ, ജീവനക്കാർ പിന്നെ എനിക്കായി പ്രാർത്ഥിച്ച നിങ്ങൾ ഓരോരുത്തരും… എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.
അപ്പോൾ പ്രിയപ്പെട്ടവരേ, ഞാൻ വീണ്ടും വരുന്നു, നിങ്ങൾ തന്ന സ്നേഹത്തിനും ചിരിക്കുമിടയിലേക്ക്.” കണ്ണൻ സാഗർ കുറിച്ചു.
കണ്ണൻ സാഗർ വിഡിയോയിൽ പറഞ്ഞത്:
“എന്റെ ജീവിതത്തിൽ ഒരു പുനർജന്മം ഉണ്ടായിരിക്കുന്നു. ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു പുതിയ ആളായി ഞാൻ സമൂഹത്തിലിറങ്ങിയിരിക്കുന്നു. അതിന് കാരണക്കാരായത് ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയുമാണ്. ഇതിനുവേണ്ടി സൗകര്യം ഒരുക്കി തന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട രമേശ് പിഷാരടിയാണ്, പിന്നെ ജിൻസ് ഓപ്പറേഷൻ കഴിഞ്ഞ് എല്ലാ കാര്യങ്ങളും ഒക്കെയായി. അപ്പോഴും എന്റെ ജീവിതത്തിൽ വലിയൊരു ആഗ്രഹമായിരുന്നു എനിക്ക് ഇത് ചെയ്തുതന്ന മമ്മൂക്കയുടെ കാല് ഒന്ന് തൊട്ടു തൊഴണമെന്ന്. ഞാൻ ഇതിനെക്കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ആ ഒരു നിമിഷം ഇന്ന് സംജാതമായി. ഞാൻ ഇന്ന് മമ്മൂക്കയുടെ കാല് തൊട്ടു തൊഴുതു അദ്ദേഹവുമായി സംസാരിച്ചു, കുറെ തമാശയൊക്കെ പറഞ്ഞു. നിനക്ക് ഒരു കുഴപ്പവുമില്ല നിന്റെ നെഞ്ചിലെ പാട് മാറാനായി ഒരു ഓയിന്റ്മെന്റ് ഞാൻ അയച്ചു തരാം എന്നൊക്കെ അദ്ദേഹം പറഞ്ഞു വളരെ സന്തോഷം. അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. മമ്മൂക്കയെ നേരിട്ട് കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും ആ കാല് തൊട്ടുതൊഴാനും എനിക്ക് വഴിയൊരുക്കിയ പ്രിയപ്പെട്ട ഡോക്ടേഴ്സ് പ്രദീപ് സാർ ഉൾപ്പെടെ രാജഗിരിയിലെ മാലാഖമാരായ നേഴ്സുമാരോടും എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരോടും എല്ലാം ഒരുപാട് നന്ദിയുണ്ട്. അതുപോലെ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ എല്ലാവർക്കും ഒരുപാട് നന്ദി. മമ്മൂക്കയും അദ്ദേഹത്തിന്റെ കുടുംബവും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ഞാനും എന്റെ കുടുംബവും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്. ഈ സൗഭാഗ്യം എല്ലാവർക്കും അങ്ങനെ കിട്ടുന്നതല്ല പക്ഷേ എനിക്ക് അത് ഞാൻ ആണ് വളരെ സന്തോഷവാനാണ് എല്ലാവർക്കും ഒരുപാട് നന്ദി.”