
തെന്നിന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ നെൽസൺ ദിലീപ്കുമാർ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കടുത്ത പ്രതിസന്ധികളും അവഗണനകളും വെളിപ്പെടുത്തി സംവിധായകൻ രാജ്കുമാർ പെരിയസാമി. 2009-ൽ ആരംഭിച്ച ആദ്യ സിനിമ പാതിവഴിയിൽ മുടങ്ങിയതും, ചിത്രീകരിച്ച ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് നഷ്ടപ്പെട്ടതുമടക്കം നിരവധി തിരിച്ചടികൾ നേരിട്ട ശേഷമാണ് നെൽസൺ ‘ജയിലർ’, ‘ജയിലർ 2’ തുടങ്ങിയ വമ്പൻ വിജയങ്ങളിലേക്ക് എത്തിയതെന്ന് രാജ്കുമാർ പെരിയസാമി പറഞ്ഞു.
2009-ൽ ചിത്രീകരണം ആരംഭിച്ച നെൽസന്റെ ആദ്യ സിനിമ നാലഞ്ചു വർഷത്തോളം നീണ്ടുപോയെങ്കിലും പൂർത്തിയാക്കാനോ റിലീസ് ചെയ്യാനോ സാധിച്ചില്ല. ഏതാനും ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിനിൽക്കെ, സിനിമയുടെ പ്രധാന ഫൂട്ടേജുകൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് കാറിൽ വച്ച് നഷ്ടപ്പെട്ടത് വലിയ ആഘാതമായി. ഇതോടെ സിനിമ ഉപേക്ഷിക്കേണ്ടി വന്ന നെൽസൺ വീണ്ടും ടെലിവിഷൻ പരിപാടികളുടെ സംവിധാനത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് രാജ്കുമാർ വ്യക്തമാക്കി.
ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2018-ൽ നയൻതാരയെ നായികയാക്കി ഒരുക്കിയ ‘കോലമാവു കോകില’യിലൂടെയാണ് നെൽസന്റെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത്. പിന്നീട് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ‘ഡോക്ടർ’ വൻ വിജയമായെങ്കിലും, വിജയ് ചിത്രം ‘ബീസ്റ്റ്’ നേരിട്ട പരാജയത്തോടെ നെൽസന്റെ കരിയർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി.
എന്നാൽ വിമർശനങ്ങൾക്ക് മറുപടിയായി രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലർ’ 700 കോടിയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘ജയിലർ 2’-ഉം വൻ വിജയമായി മാറിയതോടെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിലൊരാളായി നെൽസൺ മാറി. ഏതൊരു ചലച്ചിത്ര പ്രവർത്തകനും പ്രചോദനമാകുന്ന ജീവിതമാണ് നെൽസന്റേതെന്നും, അദ്ദേഹത്തിന്റെ ജീവചരിത്രം ഒരു സിനിമയാക്കാൻ തക്കവണ്ണം സംഭവബഹുലമാണെന്നും രാജ്കുമാർ പെരിയസാമി കൂട്ടിച്ചേർത്തു.
രാജ്കുമാറിന്റെ വാക്കുകൾ
‘‘നെൽസന്റെ ജീവചരിത്രം (ബയോപിക്) വളരെ രസകരമായ ഒന്നാണ്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം 2009-ലാണ് ആരംഭിച്ചത്, എന്നാൽ ആ ചിത്രം റിലീസായില്ല. നെൽസന്റെ ആദ്യ ചിത്രം റിലീസായത് 2018-ലാണ്, അതാണ് ‘കോലമാവു കോകില’. അദ്ദേഹം അനുഭവിച്ച ആ കഷ്ടപ്പാടുകൾ വളരെ വലുതാണ്. ഇത്തരത്തിലുള്ള അവസ്ഥ ഏതൊരു ചലച്ചിത്ര പ്രവർത്തകനും ഉണ്ടാകാം.
ആ സിനിമ പൂർണമായി പൂർത്തിയായില്ല, റിലീസുമായില്ല. ‘ഇനി 10 ദിവസത്തെ ഷൂട്ട് കൂടിയേ ബാക്കിയുള്ളൂ’, ‘ഇനി 8 ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ തീർന്നു’ എന്ന അവസ്ഥയിൽ നാലഞ്ചു വർഷത്തോളം ആ സിനിമ നീണ്ടുപോയി. അതിനുശേഷമുള്ള ചിത്രീകരണം അടങ്ങിയ ഫൂട്ടേജുകൾ ഒരു ലാപ്ടോപ്പിൽ ഉണ്ടായിരുന്നു. ചിത്രീകരിച്ച ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന നെൽസന്റെ ആ ലാപ്ടോപ്പ് കാറിൽ വച്ചിരുന്നു അത് എപ്പോഴോ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം വീണ്ടും ടെലിവിഷൻ പരിപാടികളിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് 2018-ൽ നയൻതാരയെ നായികയാക്കി ഒരുക്കിയ ‘കോലമാവു കോകില’, ശിവകാർത്തികേയന്റെ ‘ഡോക്ടർ’ എന്നിവ വൻ വിജയങ്ങളായി. എന്നാൽ വിജയ്യെ നായകനാക്കി സംവിധാനം ചെയ്ത ‘ബീസ്റ്റ്’ പരാജയപ്പെട്ടതോടെ നെൽസന്റെ കരിയർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി.
വിമർശനങ്ങൾക്ക് മറുപടിയായി രജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലർ’ 700 കോടിയിലധികം നേടി ചരിത്രം കുറിച്ചു. അടുത്തിടെ റിലീസായ ‘ജയിലർ 2’-ഉം വൻ വിജയമായി മാറിക്കഴിഞ്ഞു. ഇതുപോലെ പല സംഭവങ്ങളും നടന്നിട്ടുണ്ട്. ഇതൊക്കെ പുറത്തുവന്നാൽ അതൊരു വലിയ പ്രചോദനാത്മകമായ യാത്രയായിരിക്കും.’’–രാജ്കുമാര് പെരിയസാമിയുടെ വാക്കുകൾ.