“ഭാഗ്യം കൊണ്ട് മാത്രം സിനിമ കിട്ടുന്ന നടൻ”; ട്രോളുകൾക്കും റീലുകൾക്കുമെതിരെ ശക്തമായ മറുപടിയുമായി അർജുൻ അശോകൻ

','

' ); } ?>

ഭാഗ്യം കൊണ്ട് മാത്രമാണ് തനിക്ക് സിനിമകൾ ലഭിക്കുന്നതെന്നും തന്റെ ചിത്രങ്ങളൊന്നും വിജയിക്കാറില്ലെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റീലുകൾക്കെതിരെ പ്രതികരിച്ച് നടൻ അർജുൻ അശോകൻ. താൻ അഭിനയിച്ച് തിയേറ്ററുകളിൽ വിജയമായ സിനിമകളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് താരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകൻ മനസ്സുതുറന്നത്.

അവസാനം പുറത്തിറങ്ങിയ ‘ചത്താ പച്ച’, ‘തലവര’ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതായും അതിനുമുമ്പ് ‘ഭ്രമയുഗം’, ‘രോമാഞ്ചം’ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നുവെന്നും അർജുൻ ഓർമ്മിപ്പിച്ചു. എല്ലാ സിനിമകളും വിജയിക്കണമെന്നില്ലെന്നും ചിലത് പരാജയപ്പെടാറുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നിരുന്നാലും, തനിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നതെന്ന രീതിയിൽ എന്തിനാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു.

സമൂഹമാധ്യമങ്ങൾ വളരെ മിതമായി മാത്രം ഉപയോഗിക്കുന്ന വ്യക്തിയാണ് താനെന്ന് അർജുൻ വ്യക്തമാക്കി. മോഹൻലാൽ പറയാറുള്ളതുപോലെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം സ്വീകരിക്കുകയും അല്ലാത്തവ ഒഴിവാക്കി സമാധാനമായി മുന്നോട്ട് പോകുകയുമാണ് തന്റെ രീതി. ചില പോസ്റ്റുകൾ കാണുമ്പോൾ മനുഷ്യനെന്ന നിലയിൽ പ്രതികരിക്കാൻ തോന്നാറുണ്ടെങ്കിലും, കമന്റുകളിലൂടെയുള്ള മറുപടികൾ വായനക്കാർ പല രീതിയിൽ വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതിനാൽ അതിന് മുതിരാറില്ല. വെറുതെ വിവാദങ്ങൾക്കു പോകാതെ സ്വന്തം വഴിയിലൂടെ മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു. തന്റെ വീഡിയോയ്ക്ക് അസംബന്ധ അടിക്കുറിപ്പ് നൽകിയ സോഷ്യൽ മീഡിയ പേജിനെതിരെ താരം കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു.

അർജുൻ അശോകന്റെ വാക്കുകൾ

”സോഷ്യല്‍ മീഡിയ വളരെ ക്ലീനായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈയ്യടുത്തൊരു റീല്‍ കണ്ടു. എന്തോ ഭാഗ്യത്തിന് സിനിമകള്‍ കിട്ടുന്ന നടനാണ് ഞാനെന്ന രീതിയിലുള്ളത്. എന്തിനാണ് ആ റീല്‍ ഇട്ടതെന്ന് അറിയില്ല. എന്റെ പടങ്ങള്‍ ഹിറ്റാകാറില്ലെന്ന രീതിയിലാണ് സംസാരിക്കുന്നത്. പടങ്ങള്‍ പൊട്ടാറുണ്ട്. എല്ലാ പടമൊന്നും ഹിറ്റാകാറില്ല. അവസാനം ഇറങ്ങിയ ചത്താ പച്ച അത്യാവശ്യം കുഴപ്പമില്ലാതെ ഓടി. തലവര കുഴപ്പമില്ലാതെ ഓടി. അതിന് മുമ്പ് ഭ്രമയുഗവും രോമാഞ്ചവും ഓടി. എന്നിട്ടും ആളുകള്‍ എന്തിനാണ് ഇങ്ങനൊരു റീല്‍ ഇടുതെന്ന ഐഡിയ എനിക്ക് കിട്ടിയില്ല. ലാലേട്ടന്‍ പറഞ്ഞത് പോലെ, ആവശ്യമുള്ളത് മാത്രം എടുക്കാം, ഇല്ലാത്തത് എടുക്കണ്ട. പീസ്ഫുളായിട്ട് ഇരിക്കാം.

ചിലത് കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. മനുഷ്യനല്ലേ. തീര്‍ച്ചയായും തോന്നും. പക്ഷെ നമ്മള്‍ പ്രതികരിച്ചാല്‍ അത് വേറെ രീതിയിലേക്ക് മാറിയേക്കാം. നമ്മള്‍ വാക്കാലല്ല പറയുന്നത്. കമന്റിലാണ് പറയുന്നത്. അത് ഓരോ ആള്‍ക്കാരും വായിക്കുമ്പോള്‍ അവര്‍ നല്‍കുന്ന വ്യഖ്യാനത്തിലാകും കാര്യങ്ങള്‍ എടുക്കുക. നമ്മള്‍ പറയുന്ന രീതിയിലാകില്ല. എന്തിനാണ് വെറുതെ, നമ്മള്‍ നമ്മുടെ വഴിയ്ക്ക് അങ്ങ് പോവുക.