‘റണ്‍വെ’ മമ്മൂട്ടി ഉപേക്ഷിച്ചതല്ല; ദിലീപിലേക്ക് സിനിമ എത്തിയതിനു പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഉദയകൃഷ്ണ

','

' ); } ?>

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ ‘റണ്‍വെ’ എന്ന ചിത്രം മമ്മൂട്ടി നിരസിച്ചതാണെന്ന പ്രചാരണങ്ങൾ തള്ളി തിരക്കഥാകൃത്ത് ഉദയകൃഷ്ണ. മമ്മൂട്ടി സിനിമയോട് ‘നോ’ പറഞ്ഞിരുന്നില്ലെന്നും, മറിച്ച് നിർമ്മാതാവിന്റെ അപ്രതീക്ഷിത പിന്മാറ്റവും അണിയറയിലെ മറ്റു മാറ്റങ്ങളുമാണ് ചിത്രം ദിലീപിലേക്ക് എത്താൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കാൻ ചാനൽ മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ ഈ വമ്പൻ ഹിറ്റിന്റെ പിറവിക്ക് പിന്നിലെ കൗതുകകരമായ വിവരങ്ങൾ ഉദയകൃഷ്ണ പങ്കുവെച്ചത്.

ജോഷി സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘റണ്‍വെ’യ്ക്ക് ഇന്നും വലിയ ആരാധകവൃന്ദമാണുള്ളത്. എന്നാൽ, ‘വാളയാർ ചെക്ക്പോസ്റ്റ്’ എന്ന പേരിൽ മമ്മൂട്ടിയെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റായിരുന്നു ഇതെന്ന് ഉദയകൃഷ്ണ വെളിപ്പെടുത്തുന്നു. ബാലു കിരിയത്തിന്റെ നിർമ്മാണത്തിൽ ഒരുങ്ങേണ്ടിയിരുന്ന ആ ചിത്രം പല കാരണങ്ങളാൽ മുടങ്ങിപ്പോയി. പിന്നീട് ഈ കഥയുമായി പല പ്രമുഖ സംവിധായകരെയും സമീപിച്ചെങ്കിലും ആർക്കും താൽപ്പര്യമുണ്ടായിരുന്നില്ല.

തുടർന്ന് ഉദയകൃഷ്ണയും സിബി കെ. തോമസും തമിഴ്നാട്ടിലായിരുന്ന മമ്മൂട്ടിയെ നേരിൽ കണ്ട് കഥ പറഞ്ഞു. കരിയറിൽ അല്പം മോശം സമയത്തിലൂടെ കടന്നുപോയിരുന്ന മമ്മൂട്ടി, അന്ന് സംവിധായകൻ സിദ്ദിഖിന്റെ ‘ക്രോണിക് ബാച്ചിലർ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടൻ തന്നെ സിദ്ദിഖിനെ ഫോണിൽ വിളിച്ച് അഭിപ്രായം തേടി. ഉദയകൃഷ്ണയും സിബി കെ. തോമസും ചേർന്ന് തന്നെ ചിത്രം സംവിധാനം ചെയ്യുകയാണെങ്കിൽ മമ്മൂട്ടിക്ക് ഈ പ്രോജക്റ്റ് ചെയ്യാമെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. പിറ്റേന്ന് രാവിലെ ലൊക്കേഷനിലെത്തിയ തങ്ങളോട് ‘സംവിധാനം ചെയ്യാനൊക്കെ അറിയുമോ?’ എന്ന് ചോദിച്ച മമ്മൂട്ടി, സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതം മൂളുകയും ചെയ്തു.

എന്നാൽ, ചിത്രീകരണത്തിലേക്ക് കടക്കുന്നതിന് മുൻപ് നിർമ്മാതാവ് പ്രോജക്റ്റിൽ നിന്നും പിന്മാറിയതോടെ വലിയ നിരാശയോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സംവിധായകൻ ജോഷിയോട് ഈ കഥ പറഞ്ഞപ്പോഴാണ് ‘റണ്‍വെ’യുടെ തലവര മാറുന്നത്. ഈ കഥാപാത്രം ദിലീപ് ചെയ്താൽ നന്നാകുമെന്ന് നിർദ്ദേശിച്ചത് ജോഷിയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലേക്ക് ഇന്ദ്രജിത്തിനെ നിർദ്ദേശിച്ചതും അദ്ദേഹം തന്നെയാണ്. ജോഷിയുടെ നിർദ്ദേശപ്രകാരം ദിലീപിന്റെ ശൈലിക്കൊത്ത് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തുകയും, അങ്ങനെ ഇന്നുകാണുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘റണ്‍വെ’ പിറക്കുകയുമായിരുന്നുവെന്ന് ഉദയകൃഷ്ണ കൂട്ടിച്ചേർത്തു.

ഉദയ്‌കൃഷ്ണയുടെ വാക്കുകൾ

”ആ സിനിമ ആദ്യം ചെയ്യാനിരുന്നത് വാളയാര്‍ ചെക്‌പോസ്റ്റ് എന്ന പേരിലായിരുന്നു. ബാലു കിരിയത്തിന്റെ പ്രൊഡക്ഷനില്‍ മമ്മൂക്കയെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അത് നടക്കാതെ പോയി. ഈ സിനിമയുടെ കഥ പല സംവിധായകരോടും പറഞ്ഞിരുന്നു. അവര്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.

മമ്മൂക്കയെ കണ്ട് കഥ പറഞ്ഞിരുന്നു. അദ്ദേഹം ആ സമയത്ത് തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തില്‍ ഞാനിപ്പോള്‍ സിനിമ ചെയ്യുന്നില്ല. സിദ്ധീഖിന്റെ ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് ഇത്തിരി മോശം സമയമായിരുന്നു. ഞാനൊന്ന് സിദ്ധീഖുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞു. സിദ്ധീഖാക്കയുടെ മറുപടി ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാം. അവരോട് തന്നെ ചെയ്യാന്‍ പറ, അവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മമ്മൂക്ക അത് തുടങ്ങിക്കോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിന്റെ പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ എങ്ങനെയാ, സംവിധാനം ചെയ്യാനൊക്കെ അറിയുമോ? എന്ന് ചോദിച്ചു. നിങ്ങള്‍ ചെയ്‌തോളാന്‍ പറഞ്ഞു. പക്ഷെ ആ സമയത്ത് നിര്‍മാതാവ് പിന്മാറി. നിരാശയായി. അങ്ങനെ അത് ഡ്രോപ്പ് ചെയ്തു. പിന്നെ ജോഷിയേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ കഥ ദിലീപ് ചെയ്താല്‍ നന്നാകുമെന്ന് പറയുന്നത്. ദിലീപും ഇന്ദ്രജിത്തും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ആയിരുന്നു. ദിലീപിന് വേണ്ടി കുറച്ച് മാറ്റിയെഴുതി. ആ മാറ്റിയെഴുതിയ സിനിമയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്ന റണ്‍വെ.”