
ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനായ ‘സീൻ’ എന്ന ചിത്രത്തിലെ നസ്ലിന്റെ വില്ലൻ വേഷത്തിന് പ്രശംസയുമായി ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ. നസ്ലിൻ വളർന്നുവരുന്ന ഭാവിയിലെ സൂപ്പർസ്റ്റാറാണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നസ്ലിന്റെ തമിഴ് അരങ്ങേറ്റ ചിത്രവും ചേതൻ ഡിസൂസയ്ക്കൊപ്പമുള്ള ആദ്യ പ്രൊജക്റ്റുമാണിത്.
സ്വാഭാവിക അഭിനയശേഷിയുള്ള നടനാണ് നസ്ലിനെന്ന് അഭിനന്ദിച്ച ചേതൻ ഡിസൂസ, ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നതായല്ല തനിക്ക് അനുഭവപ്പെട്ടതെന്നും വ്യക്തമാക്കി.
‘സീൻ’ സിനിമയിലെ നസ്ലിന്റെ പ്രകടനവും അഭിനയമികവിലെ വളർച്ചയും കാണുമ്പോൾ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇനിയും മികച്ച പ്രകടനങ്ങൾ തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചേതൻ ഡിസൂസയുടെ കുറിപ്പിന് നസ്ലിൻ ഹൃദ്യമായ കമന്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.
നേരത്തെ, പ്രശസ്ത സംവിധായകൻ അറ്റ്ലിയും നസ്ലിനെ ഭാവിയിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചിരുന്നു. അസാമാന്യമായ കരിസ്മയും സ്ക്രീൻ പ്രസൻസുമുള്ള പെർഫോമറാണ് നസ്ലിനെന്നും നാളെ ഉറപ്പായും സിനിമ ഇൻഡസ്ട്രി ഭരിക്കുമെന്നുമായിരുന്നു അറ്റ്ലിയുടെ പ്രതികരണം. അറ്റ്ലിയുടെ ഈ പ്രശംസയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചിരുന്നതായി കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ നസ്ലിൻ വ്യക്തമാക്കിയിരുന്നു.
ചേതന്റെ വാക്കുകൾ
‘നസ്ലിൻ എത്രത്തോളം മെച്ചപ്പെട്ടുവെന്നും ‘സീൻ’ സിനിമയിൽ എത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ഈ യുവാവിനെക്കുറിച്ച് ഓർത്ത് അഭിമാനമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരുക. വളർന്നുവരുന്നത് ഭാവിയിലെ സൂപ്പർസ്റ്റാർ ആണ്.’