
21 വയസ്സിൽ നായികയായി മലയാള സിനിമയിലേക്ക്. 24 ആം വയസ്സിൽ മനക്കരുത്ത് കൊണ്ട് അർബുദത്തെ തോൽപ്പിച്ച മിടുക്കി. ഭാഷ ഭേദമന്യേ നായികയായും പാട്ടുകാരിയായും പ്രേക്ഷകരുടെ മനം കവർന്ന മലയാളത്തിന്റെ സ്വന്തം മമ്ത മോഹൻദാസ്. തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രത്തിനും വിശ്വാസ്യതയേകുന്ന മാന്ത്രികത മമ്തയ്ക്ക് കൈമുതലായുണ്ട്. അത് കൊണ്ട് തന്നെ മംമ്ത അടയാളപ്പെടുത്തിയ ഓരോ കഥാപാത്രവും ഏറ്റവും പുതുമയോടെ പ്രേക്ഷകരുടെ ഹൃദയത്തിലുമുണ്ട്. മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. മംമ്തയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1984 നവംബർ 14 ന് ബഹ്റൈനിൽ ജനിച്ച മംമ്ത, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു. സംഗീതത്തിന്റെ ഈണത്തിലും അഭിനയത്തിന്റെ മാസ്മരികതയിലും ഒരുപോലെ തിളങ്ങിയ മംമ്ത മോഹൻദാസിന്റെ ജീവിതയാത്ര മലയാള സിനിമയുടെ ചരിത്രത്തിലെ അതിശയിപ്പിക്കുന്ന ഏടുകളിൽ ഒന്നാണ്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ജീവിതത്തോട് കാണിച്ച അസാധാരണമായ ആത്മവീര്യവുമാണ് മംമ്തയെ സാധാരണ നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ബഹ്റൈനിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ മൗണ്ട് കാർമൽ കോളേജിൽ നിന്ന് ബിരുദം നേടിയ താരം, ഐ.ബി.എം, കല്യാൺ കേന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികളുടെ പരസ്യങ്ങളിലൂടെയാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുള്ള മംമ്ത, സിനിമയിലെത്തുന്നതിന് മുൻപ് തന്നെ സംഗീത ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാലോകത്തേക്കുള്ള മംമ്തയുടെ അരങ്ങേറ്റം. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നില്ലെങ്കിലും അതിലെ ഇന്ദിര എന്ന കഥാപാത്രത്തെ മംമ്ത അവതരിപ്പിച്ച രീതി ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മമ്മൂട്ടിക്കൊപ്പം ‘ബസ്സ് കണ്ടക്ടർ’ എന്ന ചിത്രത്തിലും സുരേഷ് ഗോപിക്കൊപ്പം ‘അത്ഭുതം’, ‘ലങ്ക’, ജയറാമിനൊപ്പം ‘മധുചന്ദ്രലേഖ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ‘ബാബ കല്യാണി’യിൽ നായികയായി എത്തിയതോടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മംമ്തയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലേക്കും ചേക്കേറിയ താരം ചുരുങ്ങിയ കാലംകൊണ്ട് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറി. 2006 ൽ വിശാലിന്റെ നായികയായി ‘ശിവപ്പതികാരം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മംമ്ത, അതേ വർഷം തന്നെ തെലുങ്കിൽ ദേവി ശ്രീ പ്രസാദിന്റെ സംഗീതസംവിധാനത്തിൽ ‘രാഖി’ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചുകൊണ്ട് പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ ആലാപനത്തിന് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡും മംമ്തയെ തേടിയെത്തി. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം അഭിനയിച്ച ‘യമദോംഗ’ എന്ന തെലുങ്ക് ചിത്രം വലിയ വിജയമായിമാറി. ഈ ചിത്രത്തിലെ കഥാപാത്രവും അതിലെ ഗാനങ്ങളും മംമ്തയുടെ കരിയറിൽ വഴിതിരിവായി. തുടർന്ന് ‘കൃഷ്ണാർജ്ജുന’, ‘വിക്ടറി’, ‘ഹോമം’, ‘കിംഗ്’ തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിലും തമിഴിൽ ‘ഗോവ’, ‘വില്ല്’ തുടങ്ങിയ ചിത്രങ്ങളിലും നായികയായും ഗായികയായും സജീവ സാന്നിധ്യമായി മാറി.
2009 ൽ മാധവനോടൊപ്പം ‘ഗുരു എൻ ആള്’ എന്ന തമിഴ് ചിത്രത്തിലും ദിലീപ്, ശ്രീനിവാസൻ എന്നിവർക്കൊപ്പം മലയാളത്തിൽ ‘പാസഞ്ചർ’ എന്ന ചിത്രത്തിലും അഭിനയിച്ചു. പാസഞ്ചറിലെ ‘അനുരാധ’ എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷം മംമ്തയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവായി മാറി. ചിത്രം മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടി സൂപ്പർ ഹിറ്റായിമാറി. 2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി വിദ്യാ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും വനിതാ അവാർഡും മാതൃഭൂമി അവാർഡും ഏഷ്യാനെറ്റ് അവാർഡും സ്വന്തമാക്കി. ഇതേ വർഷം പുറത്തിറങ്ങിയ ‘അൻവർ’ എന്ന ചിത്രത്തിലെ പ്രകടനവും അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമയിൽ തിളങ്ങിനിൽക്കുന്നതിനിടയിലാണ് മംമ്തയുടെ ജീവിതത്തെ പിടിച്ചുകുലുക്കിയ ആ വാർത്തയെത്തിയത്. കാൻസർ എന്ന മഹാരോഗത്തിന്റെ രൂപത്തിൽ വലിയൊരു പരീക്ഷണമാണ് മംമ്തയെ തേടിയെത്തിയത്. എന്നാൽ തന്റെ മനക്കരുത്ത് കൊണ്ടും ആത്മവിശ്വാസം കൊണ്ടും ആ രോഗത്തെ അവർ തോൽപ്പിച്ചു. രോഗബാധയെത്തുടർന്ന് ചികിത്സയ്ക്കായി ഇടവേള എടുത്തുവെങ്കിലും പൂർണ്ണ ആരോഗ്യത്തോടെ താരം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. അഭിനയത്തോടൊപ്പം തന്നെ സംഗീതത്തിലും തന്റെ കഴിവ് തെളിയിക്കാൻ മംമ്തയ്ക്ക് സാധിച്ചു. ‘അൻവർ’ എന്ന ചിത്രത്തിലെ “ഞാൻ…” എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള പിന്നണി ഗാനരംഗത്തേക്കും പ്രവേശിച്ചു. പിന്നീട് ‘മൊഹബത്ത്’, ‘അരികെ’യിലെ “ഇരവിൽ വിരിയും”, ‘മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.’യിലെ “കൺ തുറന്നൊരു കല്ല്യാണി”, ‘ആടുപുലിയാട്ടത്തിലെ’ “കറുപ്പാന കണ്ണഴകി” തുടങ്ങിയ നിരവധി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
തിരിച്ചു വരവിനു ശേഷം മലയാളത്തിൽ ‘റേസ്’, ‘നായിക’, ‘പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ’, ‘ഞാനും എന്റെ ഫാമിലിയും’, ‘ജവാൻ ഓഫ് വെള്ളിമല’ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ദിലീപിനൊപ്പം അഭിനയിച്ച ‘മൈ ബോസ്’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി. പ്രിയ നായർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ചിരിക്ക് വകനൽകി. തുടർന്ന് ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിൽ ജെസ്സിക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘വർഷം’, പൃഥ്വിരാജിനൊപ്പം അഭിനയിച്ച ‘ജെയിംസ് ആന്റ് ആലീസ്’, ദിലീപിനൊപ്പം സൂപ്പർ ഹിറ്റായ ‘ടു കൺട്രീസ്’, ‘തോപ്പിൽ ജോപ്പൻ’, ‘ഉദാഹരണം സുജാത’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘9’, ‘ഫോറൻസിക്’, ‘മ്യാവൂ’, ‘ജനഗണമന’, ‘മഹേഷും മാരുതിയും’, ‘ബാന്ദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും സജീവമായിരുന്ന മംമ്ത, സൂര്യ ടിവിയിലെ ‘കയ്യിൽ ഒരു കോടി’ എന്ന ക്വിസ് ഷോയുടെ അവതാരകയായും ജനപ്രിയ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിന്റെ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി ഇന്റർ നാഷനൽ ഫാഷൻ വീക്കിന്റെ ബ്രാൻഡ് അംബാസിഡറായും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളാ സ്ട്രൈക്കേഴ്സ് ടീമിന്റെ ബ്രാൻഡ് അംബാസിഡറായും തിളങ്ങി. കാൻസർ രോഗത്തോട് പൊരുതി വിജയിച്ച മംമ്ത, താൻ നേരിട്ട ദുരിതങ്ങളെക്കുറിച്ച് തുറന്നുപറയാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും ഒരിക്കലും മടിച്ചിട്ടില്ല. ജീവിതത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ പുഞ്ചിരിയോടെ നേരിടാം എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മംമ്ത മോഹൻദാസ്. സൗന്ദര്യവും അഭിനയമികവും ഒത്തിണങ്ങിയ മലയാളത്തിന്റെ സ്വന്തം താരത്തിന് ഇനിയും നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. തിയേറ്ററുകളിൽ തന്റെ മാസ്മരിക അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട മംമ്ത മോഹൻദാസിന് ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.