
മിസ്റ്റർ ബീൻ മാതൃകയിലുള്ള കഥാപാത്രത്തെ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി നടൻ സൈജു കുറുപ്പ്. സോഷ്യൽ മീഡിയയിൽ മിസ്റ്റർ ബീനുമായുള്ള സൈജുവിന്റെ മുഖഭാവ താരതമ്യങ്ങളും എഐ വീഡിയോകളും വലിയ രീതിയിൽ തരംഗമാകാറുണ്ടെങ്കിലും, അത്തരം കഥാപാത്രങ്ങളെ അനുകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് താരം വെളിപ്പെടുത്തി. അടുത്തിടെ ഒരു പുതുമുഖ സംവിധായകൻ മിസ്റ്റർ ബീന് സമാനമായ ഒരു കഥാപാത്രവുമായി സമീപിച്ചിരുന്നെങ്കിലും താൻ അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. ലെജൻഡറിയായ ഒരു നടൻ മുൻപ് തന്നെ മനോഹരമായി ചെയ്ത ഒന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീണ്ടും അത് ചെയ്യുന്നതിൽ കാര്യമില്ലെന്ന നിലപാടാണ് സൈജു പങ്കുവെച്ചത്.
മിസ്റ്റർ ബീൻ എപ്പിസോഡുകൾ താൻ മുഴുവനായി കണ്ടിട്ടുപോലുമില്ലെന്നും, തന്റെ സിനിമകളിലെ പെട്ടെന്നുള്ള ഞെട്ടലും ചിരിയുമൊക്കെ കഥാപാത്രങ്ങളുടെ പ്രത്യേക മീറ്റർ അനുസരിച്ച് സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആടുകളിലെ അറയ്ക്കൽ അബു, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രസന്നൻ തുടങ്ങിയ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരേക്കാൾ ഒരു പടി മുകളിലുള്ള മാനറിസങ്ങൾ ഉള്ളവരായതിനാലാണ് ആ രീതിയിൽ അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ താൻ അങ്ങനെയല്ല ഞെട്ടാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെയും ഹിന്ദിയിൽ ഷാരൂഖ് ഖാൻ, ഗോവിന്ദ, ആമിർ ഖാൻ, മിഥുൻ ചക്രവർത്തി എന്നിവരുടെയും അഭിനയ ശൈലികൾ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണെന്നും അവരെയൊക്കെ അനുകരിക്കാൻ തോന്നുമ്പോൾ ബോധപൂർവ്വം മാറി ചിന്തിച്ച് സ്വന്തം ശൈലിയിൽ ചെയ്യാനാണ് ശ്രമിക്കാറുള്ളതെന്നും സൈജു കുറുപ്പ് മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സൈജു കുറുപ്പിന്റെ വാക്കുകൾ
”മിസ്റ്റര്‍ ബീനുമായി താരതമ്യം ചെയ്യുന്ന ഒരുപാട് വിഡിയോകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ലെങ്കിലും ആളുകള്‍ അയച്ചു തരും. സത്യത്തില്‍ എനിക്ക് അതുപോലൊത്തൊരു കഥാപാത്രമാക്കി എടുക്കാന്‍ ഒരു പുതുമുഖ സംവിധായകന്‍ സമീപിച്ചിരുന്നു. പക്ഷെ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നേരത്തെ തന്നെ ചെയ്തു വച്ചിരിക്കുന്ന, ലെജന്‍ഡറിയായ ആക്ടര്‍ ആണ് അദ്ദേഹം. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന പരിപാടി എനിക്ക് കിട്ടിയില്ല. അങ്ങനെ ചെയ്യുന്നതില്‍ കാര്യമില്ലല്ലോ.
മിസ്റ്റര്‍ ബീനിന്റെ ഒരു എപ്പിസോഡ് മുഴുവനൊന്നും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അതീന്ന് എടുത്തിട്ടുള്ള ഞെട്ടലാണെന്ന് പറയാന്‍. എനിക്ക് അങ്ങനെ ഞെട്ടാനെ അറിയുകയുള്ളു സിനിമയില്‍. ജീവിതത്തില്‍ ഞാന്‍ ഞെട്ടുമ്പോള്‍ അങ്ങനെയൊന്നും ഞെട്ടാറുമില്ല. പക്ഷെ അറയ്ക്കല്‍ അബുവും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നനുമൊക്കെ മറ്റ് കഥാപാത്രങ്ങളില്‍ നിന്നും ഒരു മീറ്റര്‍ മുകളിലാണ്. അതുകൊണ്ടാണ് അതുപോലെ ഞെട്ടുന്നതും ചിരിക്കുന്നതുമൊക്കെ.
നമുക്ക് കോപ്പി ചെയ്യാന്‍ തോന്നുന്നതു പോലെയുള്ള അഭിനേതാക്കള്‍ ഇന്ത്യയിലും മലയാളത്തിലുമൊക്കെ ഉണ്ടായിട്ടുണ്ട്. ലാലേട്ടനേയും മമ്മൂട്ടി സാറിനേയുമൊക്കെ സ്വാഭാവികമായും കോപ്പി ചെയ്യാന്‍ നമുക്ക് തോന്നിപ്പോകും. പക്ഷെ നമ്മള്‍ അത് അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് വേറെ രീതിയില്‍ ചെയ്യുന്നതാണ്. അതേപോലെ ഹിന്ദിയില്‍ ഷാരൂഖ് ഖാന്റെ മാനറിസങ്ങളും ഗോവിന്ദ ആയാലും ആമിര്‍ ഖാന്‍ ആയാലും മിഥുന്‍ ചക്രവര്‍ത്തിയും എനിക്ക് ഇഷ്ടമുള്ളവരാണ്. അവരുടെ മാനറിസങ്ങള്‍ മനസില്‍ പതിഞ്ഞതാണ്. ചില സാഹചര്യങ്ങളില്‍ അതുപോലെ വന്നു പോകും. പക്ഷെ അത് മാറ്റി വേറെ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഇത് തന്നെ ഞാന്‍ ചെയ്യുന്നില്ല, അപ്പോള്‍ പിന്നെ അത് ഞാന്‍ ഒരിക്കലും ചെയ്യില്ല.”