“ഞാൻ പ്രഖ്യാപിച്ചത് രോമാഞ്ചം 2 മാത്രം”: നിലപാട് വ്യക്തമാക്കി ജിത്തു മാധവൻ

','

' ); } ?>

താൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരേയൊരു രണ്ടാം ഭാഗം ‘രോമാഞ്ചം’ സിനിമയുടേത് മാത്രമാണെന്ന് വ്യക്തമാക്കി സംവിധായകൻ ജിത്തു മാധവൻ. ‘ആവേശം’, സൂര്യ നായകനായ ‘സീൻ’ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം തിരുത്തി.

സൂര്യ ചിത്രം ‘സീൻ’ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കവേയാണ് ജിത്തു മാധവൻ സിനിമകളുടെ തുടർഭാഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കിയത്. ‘ആവേശം’, ‘സീൻ’ എന്നീ ചിത്രങ്ങളുടെ ഒടുവിൽ കാണിച്ച ടെയിൽ എൻഡ് രംഗങ്ങൾ രണ്ടാം ഭാഗത്തിനുള്ള പ്രഖ്യാപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്റർ വിട്ടിറങ്ങുമ്പോഴും കഥ അവിടെ അവസാനിച്ചിട്ടില്ലെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ വേണ്ടിയാണ് അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയത്.

രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം അനുയോജ്യമായ സമയവും സാഹചര്യവും ഒത്തുവരുമ്പോൾ സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആവേശത്തിന് രണ്ടാം ഭാഗം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ആയിട്ടില്ല. ആദ്യ ഭാഗത്തിന്റെ വിജയം നിലനിർത്തേണ്ട ഉത്തരവാദിത്തം ഉള്ളതിനാൽ കൃത്യമായ പ്ലാനിംഗോടെ അനുയോജ്യമായ സമയം വരുമ്പോൾ മാത്രമേ തുടർപ്രവർത്തനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്ന് സംവിധായകൻ വ്യക്തമാക്കി.

ജിത്തു മാധവന്റെ വാക്കുകൾ;

ഞാന്‍ അനൗണ്‍സ് ചെയ്തിട്ടുള്ള രണ്ടാം ഭാഗം രോമാഞ്ചത്തിന്റേത് മാത്രമാണ്. ബാക്കിയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ആവേശത്തിന്റെയും സീനിന്റെയും അവസാനം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമല്ല. കഥ അവസാനിക്കുന്നില്ല എന്ന സൂചനമാത്രമാണ്. സിനിമ കഴിഞ്ഞു, ഇതുവരെയുള്ള കഥമാത്രമാണുള്ളത് എന്നു പറയുന്നതിനപ്പുറത്തേക്ക് തിയേറ്റര്‍ വിട്ടു പോകുമ്പോഴും സിനിമ ഇവിടെ അവസാനിച്ചിട്ടില്ല, തുടരുന്നുണ്ടെന്ന അനുഭൂതി ലഭിക്കണം എന്നതാണ് ആഗ്രഹം.

അതുകൊണ്ടാണ് ആവേശത്തിലാണെങ്കിലും സീനിലാണെങ്കിലും അങ്ങനെയൊരു ടെയില്‍ എന്‍ഡ് സീക്വന്‍സ് വെച്ചത്. രോമാഞ്ചത്തില്‍ മാത്രമാണ് ഞാന്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. അത് വരുമെന്നു തന്നെ വിശ്വസിക്കുന്നു. സമയവും സാഹചര്യങ്ങളും ശരിയാകുമ്പോള്‍ അത് സംഭവിക്കും.

ആവേശത്തിന്റെ രണ്ടാം സിനിമയില്‍ ഞാന്‍ അനൗണ്‍സ് ചെയ്തിരുന്നില്ല. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഫഹദ് ഒരു വേദിയില്‍ പറഞ്ഞിരുന്നു. അത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നതല്ലാതെ കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല. അതില്‍ ഒരുപാടുകാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. രണ്ടാം ഭാഗം വന്നിട്ട് നശിപ്പിച്ചു എന്ന് ഇതേ ആളുകള്‍ ചോദിക്കും. അതുപാടില്ലല്ലോ. അതുകൊണ്ട് അനുയോജ്യമായ സമയം വരുമ്പോള്‍ ചെയ്യാം എന്നതാണ് പ്ലാന്‍.