
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുൻഭാര്യയും നടിയുമായ രേണു ദേശായി. പവൻ കല്യാണിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും, പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരാളെ വീണ്ടും വ്യക്തിപരമായി വേട്ടയാടുന്നത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
13 വർഷത്തെ ദാമ്പത്യത്തിന് ശേഷം പരസ്പര ബഹുമാനത്തോടെയാണ് വേർപിരിയുന്നതെന്നും കുട്ടികളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായി തുടരുമെന്നും പവൻ കല്യാണും അന്നയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകളും അധിക്ഷേപങ്ങളും ഉയർന്നതോടെയാണ് രേണു ദേശായിയുടെ ഇടപെടൽ.
കഠിനമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യക്തി ഏത് വലിയ പദവിയിലുള്ള ആളായാലും അവരും ഒരു മനുഷ്യനാണെന്ന കാര്യം ആളുകൾ മറക്കരുതെന്ന് രേണു ചൂണ്ടിക്കാട്ടി. അപൂർണ്ണമായ ചില്ലുകൊട്ടാരങ്ങളിൽ ജീവിക്കുന്നവർ മറ്റുള്ളവരുടെ വീടുകൾക്ക് നേരെ കല്ലെറിയരുതെന്നും, സഹാനുഭൂതി കാണിക്കുകയാണ് വേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. തന്റെ നിലപാടിന് പിന്നിൽ രാഷ്ട്രീയമോ വ്യക്തിഗതമോ ആയ ലാഭങ്ങളില്ലെന്നും വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുന്നത് കൊണ്ടാണ് പ്രതികരിച്ചതെന്നും രേണു വ്യക്തമാക്കി.
2009-ൽ വിവാഹിതരായ പവൻ കല്യാണും രേണു ദേശായിയും 2012-ലാണ് വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. തുടർന്ന് 2013-ലാണ് റഷ്യൻ വംശജയായ അന്നയെ പവൻ കല്യാൺ വിവാഹം കഴിക്കുന്നത്. പവൻ കല്യാണിന്റെ മൂന്നാമത്തെ വിവാഹബന്ധവും വേർപിരിയലിലേക്ക് എത്തിയത് വലിയ ചർച്ചയായിരിക്കെ, അദ്ദേഹത്തിന് പിന്തുണയുമായി മുൻഭാര്യ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി.
രേണുവിന്റെ വാക്കുകൾ
“ഒരു വ്യക്തി കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും വിമർശിക്കുന്നത് ധാർമ്മികമായി ശരിയല്ല. ഇതിനകം തന്നെ വീണുപോയ ഒരു വ്യക്തിയെ വീണ്ടും ചവിട്ടിമെതിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. അവർ എത്ര വലിയ പദവിയിലോ നിലയിലോ ഉള്ളവരായാലും, അവരും ഒരു മനുഷ്യനാണെന്ന കാര്യം മറക്കരുത്. അവരും ആരുടെയെങ്കിലും മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ആണ്. നാം സ്വയം അപൂർണ്ണമായ ചില്ലുകൊട്ടാരങ്ങളിൽ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ വീടുകൾക്ക് നേരെ കല്ലെറിയരുത്. സഹാനുഭൂതിയും ദയയുമാണ് മനുഷ്യനായിരിക്കാനുള്ള പ്രാഥമിക യോഗ്യത. എന്റെ പോസ്റ്റിന് പിന്നാലെ അനാവശ്യമായ രാഷ്ട്രീയ, വ്യക്തിഗത ഊഹാപോഹങ്ങൾ പടച്ചുവിടരുത്. ദയയും വിവേകവും കാണിക്കാൻ എനിക്ക് പേടിഎം വഴി പണമൊന്നും കിട്ടിയിട്ടില്ല. തലച്ചോറ് പ്രവർത്തിക്കുന്നത് കൊണ്ടാണ് കാര്യങ്ങളെ ഇത്തരത്തിൽ വസ്തുനിഷ്ഠമായി കാണുന്നത്.”