
മക്കള്ക്കായി സ്വന്തം സന്തോഷങ്ങളും സ്വാതന്ത്ര്യവും വിട്ടുകൊടുക്കുന്ന ത്യാഗമനോഭാവം മണ്ടത്തരമാണെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ത്യാഗം സഹിച്ച ശേഷം പിന്നീട് അതിനെയോർത്ത് സങ്കടപ്പെടുന്നതിൽ അർത്ഥമില്ലെന്നും താൻ അത്തരം ത്യാഗങ്ങൾക്കൊന്നും തയ്യാറല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
മക്കൾക്ക് മുന്നിൽ തന്റെ ഒരു സ്വാതന്ത്ര്യവും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ ഭാഗ്യലക്ഷ്മി, യാത്ര ചെയ്യുന്നതിനോ ആഗ്രഹങ്ങൾ പൂർത്തിയാക്കുന്നതിനോ അവരുടെ അനുവാദം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ മക്കൾക്ക് അറിയാമെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല താൻ ജീവിക്കുന്നത്. മരിച്ചു കഴിയുമ്പോൾ മക്കൾക്ക് കോടികൾ ലഭിക്കുന്ന തരത്തിലുള്ള ലൈഫ് ഇൻഷുറൻസുകളോട് തനിക്ക് യോജിപ്പില്ല. ആ തുക ഉപയോഗിച്ച് സ്വന്തം സന്തോഷങ്ങൾ കണ്ടെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, ഭാവിയിലെ ദിവസേനയുള്ള ചെലവുകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും വസ്ത്രത്തിനും യാത്രകൾക്കും വേണ്ട തുക താൻ മാറ്റിവെക്കാറുണ്ടെന്നും താരം വ്യക്തമാക്കി. വസ്തുവകകളും വീടും ഭർത്താവിന്റെ പേരിൽ മാത്രമായി മാറ്റിവെക്കുന്നത് അമ്മമാരുടെ വലിയ മണ്ടത്തരമാണെന്ന് സ്വന്തം മകൻ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി വീഡിയോയിൽ ഓർമ്മിപ്പിച്ചു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ
”മക്കൾ സ്വാർത്ഥരാണ് ഞാനുൾപ്പെടെ എന്ന് മകൻ പറഞ്ഞിട്ടുണ്ട്. എന്റെ രണ്ട് മക്കളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് യാത്ര ചെയ്യുന്നവരാണ്. അവരെന്നെ കൊണ്ട് പോകുന്നൊന്നും ഇല്ല. അവരെന്തിനാണ് എന്നെ കൊണ്ട് പോകുന്നത്. ഞാൻ പോകും. എനിക്ക് പോകണമെന്ന് തോന്നുന്ന സ്ഥലത്ത് ഞാൻ പോകും. അവർ എന്നോടൊപ്പം ജീവിക്കുന്നില്ല എന്നത് കൊണ്ട് എനിക്കവരുടെ അനുവാദത്തിന്റെ ആവശ്യമില്ല. ദൂരെയാണെങ്കിൽ മക്കളേ കുറച്ച് ദിവസം ഞാനിവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞ് പോകും. മക്കളോട് പറയാത്തതായി എന്റെ ജീവിതത്തിൽ ഒന്നുമില്ല. എന്റെ മക്കൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. പക്ഷേ, എന്റെ ഒരു സ്വാതന്ത്ര്യവും ഞാനവർക്ക് വിട്ട് കൊടുക്കില്ല. ഒരു സന്തോഷവും ഞാനവരുടെ കാൽക്കീഴിൽ കൊണ്ട് വെക്കില്ല.
ത്യാഗം എന്നത് വെറും മണ്ടത്തരമാണ്. ചെയ്തിട്ട് കുറേക്കഴിഞ്ഞ് പിന്നെ നമ്മൾ തന്നെ സങ്കടപ്പെടും. വീട് ഭർത്താവിന്റെ പേരിൽ വെച്ചത് ക്രെഡിറ്റായി പറയേണ്ട, അത് അമ്മയുടെ മണ്ടത്തരമാണെന്ന് മോൻ എന്നോട് പറഞ്ഞിട്ടുണ്ട്. മരിച്ച് കഴിയുമ്പോൾ കിട്ടുന്ന തുകയ്ക്കുള്ള ഇൻഷുറൻസിനോട് എനിക്കൊരു യോജിപ്പുമില്ല. ഞാനെന്തിനാണ് ഞാൻ മരിച്ച് പോയിട്ട് അവർക്ക് കോടികൾ കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്നത്. ആ ഇൻഷുറൻസ് അടയ്ക്കുന്ന പെെസയെടുത്ത് ഞാനെന്റെ സന്തോഷം കണ്ടെത്തിക്കോളാം. മെഡിക്കൽ ഇൻഷുറൻസിനും ദെെനം ദിന ചെലവുകൾക്കും ഞാൻ പെെസ മാറ്റി വെക്കും. എന്റെ വസ്ത്രത്തിനും യാത്രകൾക്കും വേണ്ടി മാറ്റി വെക്കും.”