കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവം; ഈണങ്ങളുടെ രാജശില്പി “രവീന്ദ്രൻ മാസ്റ്റർ”

','

' ); } ?>

അതുല്യമായ ഈണക്കൂട്ടുകൾ കൊണ്ട് മലയാള സംഗീതലോകത്തെ വിസ്മയപ്പെടുത്തിയ രവീന്ദ്രൻ മാസ്റ്ററിന്റെ ജന്മവാർഷികമാണിന്ന്. “രവീന്ദ്ര സംഗീതം” എന്നത് മലയാളികളുടെ ഹൃദയത്തിൽ ഒരു സ്വതന്ത്ര അധ്യായമാണ്. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവം പോലെ, രവീന്ദ്രൻ മാഷിന്റെ ഓരോ ഗാനവും ഇന്നും മനസ്സിൽ ഒരു നിത്യമധുരമായ പ്രതിധ്വനിയായി മുഴങ്ങുന്നു. ശാസ്ത്രീയതയുടെയും ഭാവാത്മകതയുടെയും അതുല്യമായ സംഗമം സൃഷ്ടിച്ച സംഗീതസംവിധായകനാണ് അദ്ദേഹം. രവീന്ദ്രൻ മാഷിന് സെല്ലുലോയിഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

മലയാളികളുടെ മനോമുകുരത്തിൽ അമരത്വം നേടിയ ഈണങ്ങളുടെ രാജശില്പിയാണ് രവീന്ദ്രൻ മാസ്റ്റർ. കേവലം സംഗീത ശബ്ദതരംഗങ്ങൾക്കപ്പുറം മലയാളി മനസ്സിനെ ആർദ്രമാക്കുകയും അതിരുകളില്ലാത്ത വികാരവിചാരങ്ങളിലേക്ക് ആനയിക്കുകയും ചെയ്ത സ്വരമാധുര്യത്തിന്റെ വസന്തകാലമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗാനവും. ശാസ്ത്രീയ സംഗീതത്തിന്റെ ഗൗരവവും കാവ്യഭാവത്തിന്റെ നൈർമല്യവും ഒത്തുചേർന്നപ്പോൾ ജന്മമെടുത്തത് കാലത്തെ അതിജീവിക്കുന്ന പ്രതിധ്വനികളായിരുന്നു. 1950 മാർച്ച് 9-ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് രവീന്ദ്രൻ ജനിച്ചത്. ബാല്യത്തിലും യൗവനത്തിലും നിഴൽപോലെ പിന്തുടർന്ന കടുത്ത ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും അദ്ദേഹത്തിന്റെ സംഗീത തപസ്യയെ തളർത്തുന്നതിന് പകരം കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയായിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ പഠനകാലം അദ്ദേഹത്തിന്റെ ഉള്ളിലെ സംഗീതപ്രതിഭയ്ക്ക് കൃത്യമായ ദിശാബോധവും ശസ്ത്രീയ അടിത്തറയും നൽകി. അവിടെവച്ച് മൊട്ടിട്ട കെ.ജെ. യേശുദാസുമായുള്ള സൗഹൃദം പിന്നീട് മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിന്റെ വഴിത്തിരിവായി മാറുകയാണുണ്ടായത്.

1979-ൽ ശശികുമാർ സംവിധാനം ചെയ്ത ‘ചൂള’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ മാസ്റ്റർ സിനിമാ സംഗീതലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. തുടർന്ന് മലയാള സിനിമ കണ്ടത് അതുല്യമായ ഒരു സംഗീത യുഗത്തിന്റെ ഉദയമായിരുന്നു. യേശുദാസും രവീന്ദ്രൻ മാസ്റ്ററും ഒന്നിച്ചപ്പോൾ പിറന്നത് ഓരോന്നും കാതുകളിൽ മാത്രമല്ല, ആത്മാവിൽ പോലും കുളിർമഴ പെയ്യിച്ച സ്വരരാഗ ഗംഗാപ്രവാഹങ്ങളായിരുന്നു. ഭരതം, അമരം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, വടക്കുംനാഥൻ, സൂര്യഗായത്രി തുടങ്ങി അദ്ദേഹം ഈണം പകർന്ന ചിത്രങ്ങളിലെല്ലാം സ്വന്തമായൊരു കയ്യൊപ്പ് ചാർത്താൻ മാസ്റ്റർക്ക് സാധിച്ചു. കേവലം പാട്ടുകൾക്കപ്പുറം ചിത്രത്തിന്റെ കഥാതന്തുവിനോടും കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളോടും ആഴത്തിൽ സംവദിക്കുന്നവയായിരുന്നു ആ ഈണങ്ങളെല്ലാം.

രവീന്ദ്ര സംഗീതം എന്നത് മലയാളികൾക്ക് എന്നും സ്വതന്ത്രമായ ഒരു അനുഭൂതിയാണ്. രാഗശുദ്ധിയും ആലാപനത്തിലെ സൗന്ദര്യവും ലളിതമായി സമന്വയിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ശാസ്ത്രീയ സംഗീതത്തിന്റെ സങ്കീർണ്ണതകൾ സാധാരണക്കാരനിലേക്ക് ഒട്ടും ഭാരമില്ലാതെ എത്തിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. “പ്രമദവനം വേണം…”, “ഹരിമുരളീരവം…”, “കാർമുകിൽ വർണന്റെ ചുണ്ടിൽ ചാരു ചിരി തൂകുന്നു…”, “ഗംഗേ…”, “ദീനദയാലോ രാമാ…” തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭക്തിയുടെയും അനുഭൂതിയുടെയും ആത്മീയ സാന്നിധ്യമായി നിലകൊള്ളുന്നു. ഈണങ്ങളെ സ്വതന്ത്രമായി ചിറകടിച്ചു പറക്കാൻ വിടുകയും യേശുദാസിന്റെ മാന്ത്രിക ശബ്ദത്തിലൂടെ അവയെ അമരത്വത്തിലേക്ക് എത്തിക്കുകയും ചെയ്ത വഴി വേറിട്ടതായിരുന്നു. സംഗീതത്തിന്റെ അനന്തവിഹായസ്സിൽ ഒരു പരുന്തിനെപ്പോലെ ഈണങ്ങളെ പറത്തിവിട്ട സംവിധായകനാണ് രവീന്ദ്രൻ എന്ന് യേശുദാസ് തന്നെ സാക്ഷ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്.

ഇരുനൂറിലധികം ചിത്രങ്ങൾക്ക് ഈണം നൽകിയ മാസ്റ്ററുടെ സംഭാവനകൾക്ക് അനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1991-ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 1992-ൽ ‘ഭരതം’ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ പ്രത്യേക പരാമർശവും അദ്ദേഹത്തെ തേടിയെത്തി. സർഗ്ഗാത്മകതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതജീവിതം നയിച്ച അദ്ദേഹം, സംഗീത ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ‘നന്ദനം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് 2002-ൽ വീണ്ടും സംസ്ഥാന പുരസ്കാരം നേടി തന്റെ പ്രാഭവം തെളിയിച്ചു. 2005 മാർച്ച് 3-ന് ചെന്നൈയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഈണങ്ങൾ മരണത്തെ തോൽപ്പിച്ച് മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

സംഗീതം എന്നത് വെറുമൊരു ശാസ്ത്രമോ സ്വരച്ചേർച്ചയോ മാത്രമല്ലെന്നും അത് ആത്മാവിന്റെ ആഴങ്ങളിൽ നിന്നുവരുന്ന ഭാഷയാണെന്നും രവീന്ദ്രൻ മാസ്റ്ററുടെ ഓരോ ഈണവും നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം എത്ര മുന്നോട്ടുപോയാലും തലമുറകൾ മാറിമറിഞ്ഞാലും ഹരിമുരളീരവത്തിന്റെ ആവർത്തനങ്ങൾ മലയാളി കേട്ടുകൊണ്ടേയിരിക്കും. മലയാള സംഗീതാകാശത്ത് നിത്യപ്രകാശമായി ശോഭിക്കുന്ന രവീന്ദ്രൻ മാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.