
കരിയറിന്റെ തുടക്കകാലത്ത് നഷ്ടപ്പെട്ടുപോയ വലിയൊരു അവസരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റെജീന കസാൻഡ്ര. സംവിധായകൻ അറ്റ്ലിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘രാജാ റാണി’യിലെ ആദ്യ കാസ്റ്റ് താനും നടൻ ശിവകാർത്തികേയനും പ്രിയ ആനന്ദുമായിരുന്നുവെന്ന് റെജീന വെളിപ്പെടുത്തി. സിനിമയിലേക്ക് കടന്നുവരുന്ന കാലത്ത് ശിവകാർത്തികേയൻ തനിക്ക് അടുത്ത സുഹൃത്തായിരുന്നുവെന്നും ‘കേഡി ബില്ല കില്ലാഡി രംഗ’ എന്ന ചിത്രത്തിന് മുൻപ് ഇവർ ഒന്നിക്കേണ്ടിയിരുന്നത് ഈ പ്രൊജക്റ്റിലാണെന്നും താരം ഓർക്കുന്നു. എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമാജീവിതത്തിലെ കൗതുകകരമായ ഓർമ്മകൾ പങ്കുവെച്ചത്.
എന്നാൽ നിർമ്മാതാക്കൾക്ക് കൂടുതൽ അറിയപ്പെടുന്ന (Established) താരങ്ങളെ ആവശ്യമുണ്ടായിരുന്നതിനാൽ പിന്നീട് സിനിമയുടെ മുഴുവൻ കാസ്റ്റും മാറ്റുകയായിരുന്നു. തുടർന്ന് നസ്രിയ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിലേക്ക് എത്തുകയായിരുന്നുവെന്നും റെജീന വ്യക്തമാക്കി. ‘മൂക്കുത്തി അമ്മൻ 2’ എന്ന ചിത്രത്തിൽ ഭൈരവി എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നതിനിടയിലാണ് നടിയുടെ പഴയകാല വെളിപ്പെടുത്തൽ.
റജീനയുടെ വാക്കുകൾ
‘ആ സമയത്ത് ശിവകാര്ത്തികേയന് ഇന്ന് കാണുന്നതുപോലെ വലിയ സ്റ്റാറായിട്ടൊന്നുമില്ല. സിനിമയിലേക്ക് വന്ന സമയമായിരുന്നു അത്. കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അറ്റ്ലീയുടെ ആദ്യത്തെ സിനിമ രാജാ റാണിയിലെ ആദ്യത്തെ കാസ്റ്റ് ഞങ്ങളായിരുന്നു. ഞാനും ശിവകാര്‍ത്തികേയനും പ്രിയ ആനന്ദുമായിരുന്നു അന്നത്തെ കാസ്റ്റ്. പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ആ കാസ്റ്റ് മൊത്തം മാറ്റി. കാരണം അന്ന് അതിന്റെ പ്രൊഡ്യൂസേഴ്സിന് എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം. അതിന് ശേഷമാണ് കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നത്,’ റെജീന കസാന്‍ഡ്ര പറയുന്നു.