
സൂര്യയെ നായകനാക്കി ഒരുക്കിയ ‘സീൻ’ എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെ പുതിയ സിനിമയുടെ ചർച്ചകളുമായി സംവിധായകൻ ജിത്തു മാധവൻ. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ജിത്തുവിന്റെ അടുത്ത പ്രോജക്റ്റ് എന്നാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ. പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും മമിത ബൈജു ചിത്രത്തിൽ നായികയായി എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യ ചിത്രമായ ‘രോമാഞ്ച’ത്തിലൂടെ ശ്രദ്ധ നേടി, ഫഹദ് ഫാസിലിന്റെ ‘ആവേശ’ത്തിലൂടെ വൻ ജനപ്രീതി നേടിയ ജിത്തു മാധവൻ തിരക്കഥയെഴുതിയ ‘ബാലൻ’ എന്ന ചിത്രവും നിരൂപക പ്രശംസ നേടിയിരുന്നു. നസ്രിയ നസീം, നസ്ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യയ്ക്കൊപ്പം ചെയ്ത ‘സീൻ’ എന്ന തമിഴ് ചിത്രവും മികച്ച പ്രകടനത്തോടെ മുന്നേറുന്നതിനിടെയാണ് പുതിയ കൂട്ടുക്കെട്ടിന്റെ വാർത്തകൾ പുറത്തുവരുന്നത്.
‘കിങ് ഓഫ് കൊത്ത’, ‘ഐ ആം ഗെയിം’ എന്നീ ചിത്രങ്ങളുടെ പരാജയങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ദുൽഖർ സൽമാന് ജിത്തു മാധവനുമൊന്നിച്ചുള്ള ചിത്രം വലിയൊരു വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദുൽഖർ-ജിത്തു മാധവൻ-മമിത കൂട്ടുക്കെട്ട് സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇതിനോടകം തന്നെ വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.