
ബിഗ് ബോസ് വേദിയിൽ വെച്ച് മോഹൻലാൽ ചോദിച്ച ചോദ്യവും അതിന് താൻ നൽകിയ മറുപടിയും സ്വന്തം ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിക്കുകയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ താരം രേണു സുധി. അടുത്തിടെ കാൻസർ ബാധിതയാണെന്ന വിവരം വെളിപ്പെടുത്തിയ താരം, കീമോതെറാപ്പി സെഷനുകൾ പൂർത്തിയാക്കി രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് ഓൺലൈൻ മാധ്യമങ്ങളോട് മനസ്സ് തുറന്നത്.
ചികിത്സ മൂലം തലമുടി പൂർണമായി കൊഴിഞ്ഞുപോയെന്നും ഇപ്പോൾ കാണുന്നത് വിഗ്ഗാണെന്നും വ്യക്തിമാക്കിയ രേണു, എന്നാൽ ദൈവാനുഗ്രഹത്താലും നിരവധി ആളുകളുടെ പ്രാർത്ഥനയാലുമാണ് താൻ ഈ ഘട്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്നതെന്നും ഇപ്പോൾ സന്തോഷവതിയാണെന്നും കൂട്ടിച്ചേർത്തു.
”ലാലേട്ടൻ അന്നു ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായിപ്പോയി. മൊട്ടയടിച്ചു. ഇപ്പോൾ മുടിയൊക്കെ വളരുന്നുണ്ട്. ഈ കാണുന്നതൊക്കെ വിഗ്ഗാണ്. പക്ഷേ, ദൈവം എന്നെ ഇത്രത്തോളം നിർത്തിയതിൽ ഞാൻ ഹാപ്പിയാണ്. ഒരുപാട് നല്ല ആളുകളുടെ പ്രാർത്ഥന, വഴിപാട്, നേർച്ച ഇതൊക്കെയാണ് എന്നെ മുൻപോട്ട് കൊണ്ടുപോകുന്ന ശക്തി”, രേണു പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7-ലെ ഒരു വീക്കെൻഡ് എപ്പിസോഡിനിടെ “തലമുടി മൊട്ടയടിക്കാൻ റെഡിയാണോ?” എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ, ഉള്ള മുടി തന്നെ ഹെയർ എക്സ്റ്റൻഷൻ ചെയ്തതാണെന്ന് രേണു ചിരിയോടെ മറുപടി നൽകിയിരുന്നു. അന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് തമാശയായി പറഞ്ഞ ആ വാക്കുകൾ പിന്നീട് കാൻസർ ചികിത്സയുടെ രൂപത്തിൽ യാഥാർത്ഥ്യമായതിനെക്കുറിച്ചാണ് താരം ഓർത്തെടുത്തത്. മത്സരത്തിൽ 34-ാം ദിവസം മാനസിക ബുദ്ധിമുട്ടുകളും മക്കളെ കാണണമെന്ന ആഗ്രഹവും മുൻനിർത്തി രേണു സ്വമേധയാ ഷോയിൽ നിന്ന് പടിയറങ്ങുകയായിരുന്നു.