
ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘സീനി’ലൂടെ നെഗറ്റീവ് ഷെയ്ഡിലുള്ള തകർപ്പൻ കഥാപാത്രവുമായി തമിഴിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ നസ്ലിൻ. ചിത്രത്തിൽ ‘ഈശ്വരൻ’ എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ച നസ്ലിന് പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര ലോകത്തു നിന്നും വൻ പ്രശംസയാണ് ലഭിക്കുന്നത്. സൂര്യയുടെ സ്ക്രീൻ പ്രസൻസിനൊപ്പം ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്.
നസ്ലിന്റെ അഭിനയത്തെ പ്രശംസിച്ച് നടൻ സംഗീത് പ്രതാപും രംഗത്തെത്തി. ‘തൂക്കി… അതാണല്ലോ ശീലം’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചാണ് സംഗീത് തന്റെ സന്തോഷവും പിന്തുണയും പങ്കുവെച്ചത്.
തെന്നിന്ത്യൻ തലത്തിൽ വലിയ വിജയമായി മാറിയ ‘പ്രേമലു’വിന്റെ തമിഴ് പതിപ്പിലൂടെയാണ് നസ്ലിൻ തമിഴ് പ്രേക്ഷകർക്കിടയിൽ പ്രശസ്തനായത്. എന്നാൽ പ്രേമലുവിലെ കോമഡി-റോമാന്റിക് വേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തവും ശക്തവുമായ കഥാപാത്രമായാണ് താരം സീനിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം നസ്ലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.