“എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ എന്ന് വിനയൻ സാറ് ചോദിച്ചു, ഞാൻ തോറ്റു പോയി”; സുധീർ

','

' ); } ?>

വിനയന്റെ സിനിമകളിൽ അഭിനയിച്ചതിനെത്തുടർന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പിന്നീട് സംവിധായകനുമായി ഉണ്ടായ അകൽച്ചയെക്കുറിച്ചും മനസ്സുതുറന്ന് നടൻ സുധീർ സുകുമാരൻ. മലയാള സിനിമയിൽ വിനയന് വിലക്കുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളിൽ താൻ സഹകരിച്ചതെന്നും, അതിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണകളും കാരണം പിണങ്ങേണ്ടി വന്നുവെന്നും സുധീർ മലയാള മനോരക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ പിന്നീട് വിനയനെ നേരിൽ കണ്ട് മാപ്പുപറഞ്ഞ് ആ സൗഹൃദം വീണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ വിലക്കുകൾ വച്ചുനോക്കുമ്പോൾ വലിയൊരു വിഭാഗം ആളുകളുടെ എതിർപ്പ് മറികടന്നാണ് വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’, ‘രഘുവിന്റെ സ്വന്തം റസിയ’ എന്നീ ചിത്രങ്ങളിൽ സുധീർ അഭിനയിച്ചത്. തുടർന്നാണ് കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഡ്രാക്കുള’ (2013) എന്ന ചിത്രത്തിലേക്ക് സുധീർ എത്തുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ശരീരം പാകപ്പെടുത്തിയെടുക്കാൻ രണ്ടു വർഷത്തോളം അധ്വാനിച്ചുവെങ്കിലും സിനിമ തനിക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയില്ലെന്നും അക്കാലത്ത് കടബാധ്യതകൾ ഏറിയതായും അദ്ദേഹം പറഞ്ഞു.

ഇതിനെത്തുടർന്ന് വിനയനുമായി ചെറിയ രീതിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും, സുധീർ നടത്തിയ ചില പരാമർശങ്ങൾ സംവിധായകന് വിഷമമുണ്ടാക്കുകയും ചെയ്തു. താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ വിനയന്റെ വസതിയിലെത്തി ക്ഷമാപണം നടത്തുകയായിരുന്നുവെന്ന് നടൻ ഓർത്തെടുത്തു. സ്വന്തം മകനായി കണ്ട് വിനയൻ ആ തെറ്റുകൾ ക്ഷമിച്ചുവെന്നും, നിലവിൽ തങ്ങൾക്കിടയിൽ പവിത്രമായ ഗുരു-ശിഷ്യ ബന്ധവും ഉറച്ച സൗഹൃദവുമാണ് ഉള്ളതെന്നും സുധീർ വ്യക്തമാക്കി.

സുധീറിന്റെ വാക്കുകൾ

“ഒരുപാട് പേരെ എതിർത്തിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തത്. അന്ന് സിനിമയിൽ വിലക്കും കാര്യങ്ങളുമൊക്കെയായി എല്ലാവരും വിനയൻ സാറിനെ ഒറ്റപ്പെടുത്തുന്ന സംഭവമൊക്കെയുള്ള സമയത്താണ് ‘യക്ഷിയും ഞാനും’ ചെയ്യുന്നത്. ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു അത്.

ഞാൻ പോയി അഭിനയിച്ചു. അത് കഴിഞ്ഞിട്ട് രണ്ടാമത്തെ പടമായ ‘രഘുവിന്റെ സ്വന്തം റസിയ’യിലും അഭിനയിച്ചു. പിന്നെ സാർ പറഞ്ഞു ‘എടാ നമുക്ക് ‘ഡ്രാക്കുള’ ചെയ്യാം, നീ ഡ്രാക്കുളയാവുമോ’ എന്ന്. ‘സാറേ അതെന്ത് ചോദ്യമാണ്, ഞാനാവാ’മെന്ന് പറഞ്ഞു. അപ്പോൾ മലയാളത്തിൽ ഇത് ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സാർ ചോദിച്ചിരുന്നു. ആ പരിമിതി വെച്ച് തന്നെ ചെയ്തു.

നേരെ മറിച്ച് ഇന്നായിരുന്നുവെങ്കിൽ ഇന്നത്തെ സൗകര്യവും പത്തൊമ്പതാം നൂറ്റാണ്ട് ചെയുമ്പോഴുണ്ടായിരുന്ന സപ്പോർട്ടും ടെക്നിഷ്യൻമാരുടെ സഹകരണമൊക്കെ അന്നുണ്ടായിരുന്നെങ്കിൽ ഡ്രാക്കുള ഇന്ന് എവിടെ എത്തിയേനെ. ഒന്നും ഇല്ലായ്മയിൽ നിന്ന് ചെറിയൊരു മൂന്നോ നാലോ കോടി രൂപയ്ക്ക് റൊമാനിയയിൽ പോയി ഷൂട്ട് ചെയ്തു.

എവിടെന്നൊക്കെയോ സാർ പൈസ റോൾ ചെയ്തു. ഭയങ്കര കഷ്ടപ്പെട്ടിട്ടാണ് ആ സിനിമ ചെയ്തത്. രണ്ട് വർഷം ഞാൻ ആ സിനിമയ്ക്ക് വേണ്ടി മെനക്കെട്ടു. ബോഡി ബിൽഡ് ചെയ്തു. ഒരുപാട് കടങ്ങൾ കേറി. സാർ എനിക്ക് പൈസ തന്നില്ല. അവസാനം സാറും ഞാനുമായിട്ട് ചെറിയൊരു സൗന്ദര്യ പിണക്കമുണ്ടായി. എന്റെ വിടുവായിത്തം കൊണ്ട് ‘സാറേ ഡ്രാക്കുള കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല’ എന്ന് പറഞ്ഞപ്പോൾ സാറിനത് വേദനിച്ചു.

സാർ പൈസ തന്നില്ല എന്ന രീതിയിലൊക്കെ അത് പുറത്ത് വന്നു. അങ്ങനെ സാറുമായിട്ട് പിണങ്ങി. പക്ഷേ ഇന്ന് അതെല്ലാം മാറി, ഞങ്ങൾ നല്ല ​ഗുരു- ശിക്ഷ്യ ബന്ധം തന്നെയാണ്. നല്ല സൗഹൃദം തന്നെയാണ്. ഞാൻ ആണ് പുള്ളിയോട് തെറ്റ് ചെയ്തത്. അതൊന്നും വിളിച്ച് പറയാൻ പാടില്ലായിരുന്നു. അതെന്റെ തെറ്റാണ്. ഞാൻ പിന്നെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാലിൽ വീണ് മാപ്പ് പറഞ്ഞു. തെറ്റ് ഏറ്റു പറഞ്ഞു.

അപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞത്, എടാ എന്റെ മോൻ എന്നെ കുറ്റം പറഞ്ഞാൽ അല്ലെങ്കിൽ എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ, മകനല്ലേ അത്രയും നീ കരുതിയാൽ മതി എന്ന്. തോറ്റു പോയില്ലേ ഞാൻ. അത്രയേ ഉള്ളൂ”.