
സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും തനിക്ക് ഇതുവരെ യാതൊരുവിധ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടൻ അശോകൻ. അർഹിച്ച പല പുരസ്കാരങ്ങളും അവസാന നിമിഷത്തിലാണ് കൈവിട്ടുപോയതെന്നും അതിനു പിന്നിൽ ചില വ്യക്തികളുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് പിന്നീട് അറിയാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മാതൃഭൂമി യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ മനസ്സുതുറന്നത്.
തന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളായ ‘പെരുവഴിയമ്പലം’, ‘അമരം’, ‘ജാലകം’, ‘പൊന്ന്’, ‘അനന്തരം’ തുടങ്ങിയവയിലെ പ്രകടനങ്ങൾ സംസ്ഥാന-ദേശീയ തലങ്ങളിൽ അവാർഡിനായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഓരോ തവണയും അവസാന ഘട്ടത്തിൽ പേര് തള്ളപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുവഴിയമ്പലത്തിലെയും അമരത്തിലെയും പ്രകടനത്തിന് തനിക്ക് അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച ഒട്ടേറെപ്പേരുണ്ടെന്നും, സിനിമാ മേഖലയിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴാണ് അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയതിനെക്കുറിച്ച് താനും ചിന്തിച്ചുപോകുന്നതെന്നും അശോകൻ വ്യക്തമാക്കി.
തലക്കെട്ടുകൾ നൽകുക
“എനിക്ക് ഒരു അവാർഡും കിട്ടിയിട്ടില്ല. എന്നോട് ഒരുപാട് പേര് ചോദിക്കാറുണ്ട്. ‘പെരുവഴിയമ്പല’ത്തിന് അവാർഡ് കിട്ടിയിട്ടില്ല. അത് അവസാന നിമിഷം അവാർഡ് തള്ളിപ്പോയ സിനിമയാണ്. പക്ഷേ അതിന് എനിക്ക് അവാർഡ് കിട്ടിയെന്ന് വിചാരിച്ച ഒരുപാട് പേരുണ്ട്. ‘അമര’ത്തിന് സഹനടന് അവാർഡ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ട്.
കിട്ടിയിട്ടില്ല. ‘ജാലകം’, ‘പൊന്ന്’, ‘അനന്തരം’ ഈ സമയത്തൊക്കെ എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷത്തിലാണ് എന്റെ പേര് തള്ളിപ്പോകുന്നത്. അത് ചില വ്യക്തികൾ മാറ്റിയതാണെന്ന് അന്ന് ഞാൻ അറിഞ്ഞു. ‘മലയാള സിനിമ എന്നെ ആദരിക്കുന്നില്ല’ എന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയുമ്പോൾ എനിക്ക് തോന്നാറുണ്ട്. ഒരുപാട് പേര് ഇങ്ങനെ ചോദിക്കാറുണ്ട്.
സിനിമയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമൊക്കെ ചോദിക്കാറുണ്ട്. ആ രീതിയിലുള്ള ഒരംഗീകാരം, പുരസ്കാരങ്ങൾ കിട്ടേണ്ട പല സിനിമകളിൽ അഭിനയിച്ചിട്ടും ആ പുരസ്കാരം കിട്ടാതിരിക്കുക, ആദരവും അംഗീകാരവും കിട്ടാതിരിക്കുക. ഇതൊക്കെ ഒരുപാട് പേര് ചോദിക്കുമ്പോൾ ഞാനും ആലോചിക്കും, ശരിയാണല്ലോ എന്ന്.