“ആ സിനിമയിൽ സ്വന്തം മാമനൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു”; വിവാദമായി രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ

','

' ); } ?>

തെന്നിന്ത്യൻ സിനിമാമേഖലയിലെ തൊഴിലിടങ്ങളിലെ അസമത്വങ്ങളും പുരുഷാധിപത്യ പ്രവണതകളും സംബന്ധിച്ച് നടി രാധിക ആപ്തെ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാകുന്നു. കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ദുഷ്കരമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒരു അഭിമുഖത്തിലൂടെയാണ് താരം തുറന്നുപറഞ്ഞത്. രാധിക ആപ്തെയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ ‘അക്ക’ എന്ന പുതിയ സീരീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്.

താൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് രാധിക സംസാരിച്ചു. സ്വന്തം മാമനെ വിവാഹം കഴിക്കേണ്ടിവരുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നതും, തന്നെക്കാൾ ഏറെ പ്രായമുള്ള മുതിർന്ന നായകനൊപ്പം പ്രണയരംഗങ്ങളിലും ആക്ഷൻ സീനുകളിലും അഭിനയിക്കേണ്ടിവന്നതും കടുത്ത മാനസിക അസ്വസ്ഥതയാണ് ഉണ്ടാക്കിയതെന്ന് നടി വ്യക്തമാക്കി. ചിത്രത്തിന്റെ പകുതിയാകുമ്പോൾ കഥാപാത്രം മരിച്ചുപോകുമെങ്കിലും, പിന്നീട് ആ മൃതദേഹത്തെ വെച്ച് നായകൻ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ താൻ ശരിക്കും മരിച്ചുപോകുമോ എന്ന് പോലും ഭയന്നുപോയെന്ന് രാധിക തമാശകലർന്ന ഗൗരവത്തോടെ പറഞ്ഞു.

നന്ദമൂരി ബാലകൃഷ്ണ നായകനായി 2014-ൽ പുറത്തിറങ്ങിയ ‘ലെജെൻഡ്’ എന്ന ചിത്രത്തെക്കുറിച്ചാണ് രാധിക ഈ പരാമർശം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മുൻപും ഈ ചിത്രത്തെക്കുറിച്ചും നായകനെക്കുറിച്ചും താരം പരസ്യമായി സംസാരിച്ചിട്ടുണ്ട്.

എന്നാൽ, സിനിമ ചെയ്യുന്നതിന് മുൻപ് തന്നെ കഥയും കഥാപാത്രവും രാധികയ്ക്ക് അറിയാമായിരുന്നില്ലേ എന്നും, വർഷങ്ങൾക്ക് ശേഷം മാത്രം ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്തിനാണ് എന്നുമുള്ള ചോദ്യങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. സിനിമാപ്രവേശനത്തിന്റെ തുടക്കകാലത്ത് വൻകിട പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും മുൻനിര താരങ്ങളിൽ നിന്നും പുതിയ കലാകാരന്മാർക്ക് പലപ്പോഴും പൂർണ്ണമായ തിരക്കഥ ലഭിക്കാറില്ലെന്നും, അന്ന് അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയവും വലിയ താരങ്ങളെ എതിർത്താൽ കരിയർ തകരുമെന്ന ആശങ്കയുമാണ് ഇത്തരം സാഹചര്യങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിതരാക്കുന്നതെന്നും സിനിമാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

രാധികയുടെ വാക്കുകൾ

‘‘ഞാൻ അഭിനയിച്ച ഒരു തെലുങ്ക് സിനിമ ഉണ്ടായിരുന്നു, അതിൽ എനിക്ക് എന്റെ മാമനെ (അമ്മയുടെ സഹോദരൻ) കല്യാണം കഴിക്കേണ്ടി വന്നു.  അതാണ് എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി തോന്നിയിട്ടുള്ളത്. അതിലെ കാര്യങ്ങളെല്ലാം എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.   അത് മാത്രമല്ല, എന്നെക്കാൾ പ്രായമുള്ള ഒരു നടന്റെ ജോഡിയായി എനിക്ക് പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു.

വളരെ പുരുഷാധിപത്യപരമായ ഒരു സാഹചര്യവും അന്തരീക്ഷവുമായിരുന്നു അത്. എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം അതായിരുന്നു. പോരാത്തതിന് സിനിമയുടെ പകുതിയാകുമ്പോൾ എന്റെ കഥാപാത്രം മരിക്കുകയും ചെയ്യുന്നു. അതിനുശേഷം എന്നെയും വച്ച് അയാൾ ആക്ഷൻ സീനുകൾ ചെയ്യണമായിരുന്നു… ദൈവമേ, ഞാൻ ശരിക്കും മരിച്ചുപോകുമോ എന്ന് പോലും ഞാൻ പേടിച്ചുപോയി.”