
സ്വീഡിഷ് ഇൻസ്റ്റഗ്രാം താരം കാൾ സ്വാൻബർഗിന്റെ പുതിയ ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമ’ത്തിലെ “പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ…” എന്ന ജനപ്രിയ ഗാനത്തിനാണ് കാൾ ചുവടുവെച്ചിരിക്കുന്നത്. കാമുകിയുടെ വീട്ടുപറമ്പിൽ ചുറ്റിപ്പറ്റി നിൽക്കുന്നതും ഒടുവിൽ കാമുകിയുടെ അച്ഛനെ കണ്ട് പേടിച്ചോടുന്നതുമായ രസകരമായ പ്രണയരംഗങ്ങൾ ചിത്രത്തിലെ ‘ജോർജ്’ എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം പുനരവിഷ്കരിച്ചിരിക്കുന്നത്.
വിഡിയോ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ, ചിത്രത്തിൽ മേരിയായി വേഷമിട്ട നടി അനുപമ പരമേശ്വരൻ തന്നെ നേരിട്ടെത്തി കമന്റ് ബോക്സിൽ സ്മൈലി ഇമോജികളിലൂടെ തന്റെ സന്തോഷം പങ്കുവെച്ചു. “ഏതോ മലയാളി സുഹൃത്തിന്റെ കരങ്ങൾ ഇതിനു പിന്നിലുണ്ട്”, “നിവിൻ പോളിക്ക് ഭീഷണിയാകുമോ” തുടങ്ങി രസകരമായ കമന്റുകളുമായി നിരവധി മലയാളി ആരാധകരും റീൽ ഏറ്റെടുത്തിട്ടുണ്ട്. വർഷങ്ങൾ പിന്നിട്ടിട്ടും ‘പ്രേമ’ത്തിലെ ഗാനങ്ങൾക്കും രംഗങ്ങൾക്കും ആഗോളതലത്തിലുള്ള ജനപ്രീതി തെളിയിക്കുന്നതാണ് ഈ പുതിയ വീഡിയോ.
നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നീ താരങ്ങളുടെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ ചിത്രമാണ് ‘പ്രേമം’. റിലീസ് ചെയ്തിട്ട് വർഷങ്ങളായെങ്കിലും പ്രേമത്തിലെ ഡയലോഗുകളും പാട്ടുകളും ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിറഞ്ഞുനിൽക്കാറുണ്ട്.