
ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരന്റെ മകൾ ഭദ്രകീർത്തിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് മുൻ ഡിജിപി ടി.പി.സെൻകുമാർ സിനിമാസംവിധായകനും നടനുമായ വിനീത് ശ്രീനിവാസന് തുറന്ന കത്തെഴുതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയയായ എഐഎസ്എ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറയുടെ റീൽ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനോട് പ്രതികരിച്ചുകൊണ്ടാണ് സെൻകുമാറിന്റെ കത്ത്.
നേഹ ബോറയെപ്പോലൊരു മകളെ ആഗ്രഹിക്കുന്നതിനേക്കാൾ, പിതാവിന് നീതി തേടി ഒറ്റയാൾ പോരാട്ടം നടത്തിയ ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് വിനീതും സമൂഹവും ശ്രമിക്കേണ്ടതെന്ന് സെൻകുമാർ അഭിപ്രായപ്പെട്ടു. നാരീശക്തിയുടെ മഹത്തായ രൂപമാണ് ഭദ്ര കാണിച്ചതെന്നും, ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും അവൾ കാണിച്ച ധൈര്യവും ഉറച്ച നിലപാടും യുവതലമുറയ്ക്ക് വലിയ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ട ഭദ്രയ്ക്കൊപ്പം നിൽക്കേണ്ടതും അവൾക്ക് പിന്തുണ നൽകേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഭദ്ര പൊലീസിനും ഭരണകൂടത്തിനുമെതിരെ ഉറച്ച നിലപാടോടെ സമരം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കുറ്റക്കാരനായ കൗമാരക്കാരന്റെ പിതാവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് നിർബന്ധിതരായത്.
നേരത്തെ, അവകാശങ്ങളെക്കുറിച്ച് അറിഞ്ഞു വളരുന്നതും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുമായ ഒരു മകളെയാണ് തനിക്ക് ആവശ്യമെന്ന കുറിപ്പോടെയാണ് നേഹ ബോറയുടെ വീഡിയോ വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത്. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് മുൻ ഡിജിപിയുടെ പരസ്യ പ്രതികരണം.
സെൻകുമാറിന്റെ വാക്കുകൾ:
‘‘പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത്. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിൽ! ഭദ്രാ, നിന്നെയോർത്ത് അഭിമാനം തോന്നുന്നു!
പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയിൽ വിടപറഞ്ഞ ആ ദുരിതഘട്ടത്തിൽപ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പർശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്.
കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഈ ധീരയായ മകളെ ചേർത്തുപിടിക്കുകയും അവൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ അവൾക്കൊപ്പം നിൽക്കാനും അന്തസ്സോടെ ജീവിതം പുനർനിർമിക്കാൻ അവളെ സഹായിക്കാനും നമുക്ക് കഴിയണം.
നിന്റെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകൾക്ക് പ്രചോദനമാകട്ടെ. കരുത്തോടെ മുന്നേറുക, ഭദ്രാ! നിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ സമൂഹം നിനക്കൊപ്പം നിലകൊള്ളും.’’