
ജെൻ സി തലമുറയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടെന്ന് നടി മീനാക്ഷി അനൂപ്. രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള ചർച്ചകളിൽ ഒതുങ്ങുന്നതല്ല രാഷ്ട്രീയമെന്നും, നിത്യജീവിതത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നും മിക്സ്റ്റേക്ക് ബൈ അഞ്ജന വിൻസന്റ് എന്ന പോഡ്കാസ്റ്റിൽ അവർ വ്യക്തമാക്കി.
ബോഡിഷെയ്മിങ് പോലുള്ള സൈബർ ആക്രമണങ്ങൾക്കും മോശം പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നതും ചോദ്യം ചെയ്യുന്നതും ഭൂരിഭാഗവും ജെൻ സി വിഭാഗത്തിൽപ്പെട്ടവരാണെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. ഒരു പെൺകുട്ടിയോട് പുറത്തുവെച്ച് മോശമായി പെരുമാറിയാൽ അതിനെ ചോദ്യം ചെയ്യാൻ നൂറുകണക്കിന് യുവതീയുവാക്കൾ മുന്നോട്ടുവരുന്നുണ്ട്. നിത്യജീവിതത്തിൽ തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയാൻ ഈ തലമുറ കാണിക്കുന്ന ആർജവമാണ് രാഷ്ട്രീയം.
ഇന്ത്യ പോലുള്ള ജനാധിപത്യ മതേതര രാജ്യത്ത് വ്യത്യസ്തരായ ലക്ഷക്കണക്കിന് മനുഷ്യരുണ്ടെന്നും, ഓരോരുത്തരുടെയും അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുന്ന ആശയങ്ങളുള്ള പാർട്ടികളെ പിന്തുണയ്ക്കുകയാണ് സ്വാഭാവികമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങൾ പിന്തുണയ്ക്കുന്ന പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്ന് കണ്ണടച്ച് ന്യായീകരിക്കരുതെന്നും, സ്വന്തം വീട്ടിലുള്ളവരായാലും തെറ്റ് ചെയ്താൽ അത് തുറന്നുപറയാനുള്ള മനോഭാവമാണ് വേണ്ടതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.