
ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ആപ്തെ. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘അക്ക’യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് നടി തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ നിലപാടുകളോടുള്ള തന്റെ വിയോജിപ്പ് തുറന്നുപറഞ്ഞത്.
സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഉത്തരേന്ത്യൻ നടിമാരെ കൂടുതലായി കാസ്റ്റ് ചെയ്യുന്നത് അവർക്ക് നിറം കൂടുതലായതുകൊണ്ടാകാമെന്ന് രാധിക അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിൽ കഴിവുള്ളവരും സുന്ദരിമാരുമായ നിരവധിയേറെ നടിമാരും തദ്ദേശീയ ഭാഷ നന്നായി സംസാരിക്കുന്നവരും ഉണ്ടായിട്ടും, ഭാഷയറിയാത്തവരെ പുറത്തുനിന്ന് കൊണ്ടുവന്ന് ഡബ്ബ് ചെയ്യിക്കുന്ന പ്രവണത ശരിയല്ലെന്ന് നടി ചൂണ്ടിക്കാട്ടി. ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും തനിക്ക് വെളുത്ത നിറമല്ലെന്നും അവർ വ്യക്തമാക്കി.
ഭാഷ അറിയാതെ ഡയലോഗുകൾ മാത്രം കാണാതെ പഠിച്ച് അഭിനയിക്കുന്നത് ഒരു കലാകാരി എന്ന നിലയിൽ സിനിമയോട് ചെയ്യുന്ന നീതിക്കേടാണെന്ന് തിരിച്ചറിഞ്ഞതും തെന്നിന്ത്യൻ സിനിമയിൽ നിന്ന് അകന്നുനിൽക്കാൻ കാരണമായി. പത്ത് വർഷം മുൻപ് അഭിനയിക്കുമ്പോൾ ഇൻഡസ്ട്രിയിൽ പ്രൊഫഷണലിസത്തേക്കാൾ കൂടുതൽ വ്യക്തിബന്ധങ്ങൾക്കും കുടുംബ അന്തരീക്ഷത്തിനുമാണ് മുൻഗണന നൽകിയിരുന്നതെന്നും, അത് പലപ്പോഴും തൊഴിൽപരമായ ബാധ്യതയായി മാറാറുണ്ടായിരുന്നു എന്നും രാധിക കൂട്ടിച്ചേർത്തു.
‘രക്ത ചരിത്ര’ത്തിലൂടെ തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിച്ച രാധിക ആപ്തെ ‘കബാലി’, ‘വെട്രി സെൽവൻ’, ‘ലയൺ’ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ‘ചിത്തിരം പേസുതടി 2’ ആണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ദക്ഷിണേന്ത്യൻ ചിത്രം.
രാധികയുടെ വാക്കുകൾ
“എന്റെ ധാരണ തെറ്റാകാം. എങ്കിലും എനിക്ക് തോന്നുന്നത്, തെന്നിന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്തിരുന്നത് അവർക്ക് കൂടുതൽ നിറമുള്ളതു കൊണ്ടാണ്. എനിക്ക് വെളുത്ത നിറമല്ല. സൗത്ത് ഇന്ത്യൻ സിനിമകളിൽ എന്തുകൊണ്ട് സൗത്ത് ഇന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്യാതെ ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നു എന്നാലോചിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇവിടെ അവർക്ക് വിദേശികളെയാണ് വേണ്ടത്. നമുക്ക് ആ ഒരു പ്രവണതയുണ്ട്. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. തെന്നിന്ത്യയിലെ സ്ത്രീകൾ സുന്ദരിമാരും പ്രതിഭാശാലികളും അതിശയകരമായ കഴിവുള്ളവരും വ്യക്തിത്വമുള്ളവരുമാണ്. അവർക്ക് ഇവിടുത്തെ ഭാഷ നന്നായി കൈകാര്യം ചെയ്യാനും അറിയാം.
അവർ മികച്ച അഭിനേത്രികളുമാണ്. മുംബൈയിൽ നിന്ന് വരുന്ന, ഇവിടുത്തെ ഭാഷ ഒട്ടും സംസാരിക്കാൻ അറിയാത്ത, മറ്റുള്ളവരെക്കൊണ്ട് ശബ്ദം ഡബ്ബ് ചെയ്യിക്കുന്ന ബോംബയിൽ നിന്നുള്ള ആളുകൾക്ക് പകരം, ഇവിടുത്തെ സ്ത്രീകൾക്ക് തന്നെ ദക്ഷിണേന്ത്യൻ സിനിമകളിൽ അവസരം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം പ്രവണതകളോട് എനിക്ക് വലിയ യോജിപ്പില്ലായിരുന്നു.
ചില പ്രത്യേക കാരണങ്ങളാൽ ഒരു പ്രത്യേക നടി തന്നെ ചെയ്യേണ്ട ഒരു വേഷമാണെങ്കിൽ എനിക്ക് അത് മനസിലാകും. എന്നാൽ ഇവിടെ ഭാഷയും എനിക്കൊരു വലിയ തടസമായി മാറി. ഒരു ഘട്ടത്തിൽ, എനിക്ക് അങ്ങനെ തോന്നിയിരുന്നില്ല, എനിക്ക് ഏത് ഭാഷയിലും അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ ഏഴ് വ്യത്യസ്ത ഭാഷകളിൽ സിനിമകൾ ചെയ്തു.
എന്നാൽ, കേവലം ഡയലോഗുകൾ ഓർത്തു വെക്കുക എന്നത് മാത്രമാണോ അഭിനയം ?. ഡയലോഗ് മറന്നുപോകുന്ന സാഹചര്യത്തിൽ, ആ സന്ദർഭത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ, ആദ്യം ആ ഭാഷ അറിഞ്ഞിരിക്കണം. എനിക്ക് ആ ഭാഷകൾ അറിയില്ലായിരുന്നതു കൊണ്ട്, ആ സിനിമകളോട് പൂർണമായും നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
പത്തു വർഷം മുൻപാണ് ഞാൻ അവസാനമായി ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ചത്. അന്നവിടെ കാര്യങ്ങൾ കുറച്ചുകൂടി അനൗപചാരികമായിരുന്നു എന്നാണ് എന്റെ ഓർമ. പല കാര്യങ്ങളും സൗഹൃദത്തിന്റെ പുറത്താണ് നടന്നിരുന്നത്. അവർ വളരെ സോഫ്റ്റായിട്ടുള്ള വളരെ കരുണയുള്ള ആളുകളാണ്. ‘നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ്’ എന്ന് അവരെന്നോട് പറയുമായിരുന്നു.
സ്വന്തം സഹോദരിയെപ്പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. അതിനർത്ഥം എനിക്ക് ചില കാര്യങ്ങൾ അവരോടുള്ള കടമയുടെ പേരിൽ ചെയ്യേണ്ടി വരും എന്നാണ്. അതൊരു പ്രശ്നമായി മാറിയേക്കാം. എങ്കിലും, അവരുടെ അടുത്ത് ചെന്ന് നിന്ന് സംസാരിക്കാൻ കഴിയുക എന്നത് നല്ലൊരു കാര്യമായിരുന്നു.”