
ദൈവവിശ്വാസിയാണെങ്കിലും താൻ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ലെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി കീർത്തി സുരേഷ്. തന്റെ പുതിയ സീരീസായ ‘അക്ക’യുടെ പ്രചാരണത്തിന്റെ ഭാഗമായി യൂട്യൂബ് ചാനലായ ‘ഫിലിം ഗ്യാനി’ന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പ്രപഞ്ചത്തിൽ ഏതോ ഒരു വലിയ ശക്തിയുണ്ടെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും, ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമായ രീതിയിലാണ് പ്രാർത്ഥനകൾ നടത്താറുള്ളതെന്നും എന്നാൽ പരമ്പരാഗതമായ മതവിശ്വാസങ്ങളുടെ ഭാഗമല്ല താനെന്നും കീർത്തി വ്യക്തമാക്കി.
കീർത്തിയ്ക്കൊപ്പം രാധിക ആപ്തെയും ‘അക്ക’യിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. “എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. എന്തോ ഒരു ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഭക്തിയുള്ള ആളാണ്. എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പക്ഷേ, ഞാൻ മത വിശ്വാസിയല്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു”.- കീർത്തി സുരേഷ് പറഞ്ഞു.
വരാനിരിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയായ ‘അക്ക’യിൽ ഭവാനി എന്ന പ്രധാന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സും വൈ.ആർ.എഫ് എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ഈ സീരീസ് ഒക്ടോബർ 30 മുതലാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. പെർന്നുരു എന്ന സാങ്കൽപ്പിക തെലുങ്ക് നഗരത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീകൾ നിയന്ത്രിക്കുന്ന ഒരു അധോലോകത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. രാധിക ആപ്തെ, തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ തുടങ്ങിയ വലിയ താരനിര തന്നെ ഈ പരമ്പരയിൽ അണിനിരക്കുന്നുണ്ട്.