
വിരമിച്ച സൈനികരെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്ന പരാതിയിൽ ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. ‘അനന്തപുരി സോൾജിയേഴ്സ്’ എന്ന സൈനിക കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്. ദിനേശിന് പുറമെ പരാമർശം അടങ്ങിയ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ശാന്തിവിള ദിനേശും രണ്ടാം പ്രതി യൂട്യൂബ് ചാനലുമാണ്.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മേജർ രവിയെ വിമർശിക്കുന്നതിനിടെ “വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന് ദിനേശ് പരാമർശിച്ചതാണ് കേസിന് ആസ്പദമായത്. രാജ്യസേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈനികരെ ഒന്നാകെ അപമാനിക്കുന്നതാണ് ഈ പരാമർശമെന്ന് ചൂണ്ടിക്കാട്ടി സൈനിക കൂട്ടായ്മയുടെ ഭാരവാഹിയായ രാജേന്ദ്രപ്രസാദാണ് പരാതി നൽകിയത്.
സമൂഹത്തിൽ ബോധപൂർവം പ്രകോപനമുണ്ടാക്കാനും കലാപത്തിന് ശ്രമിക്കാനും വകുപ്പുകളുള്ള ഭാരതീയ ന്യായ സംഹിതയിലെ പ്രത്യേക വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.