തിയറ്ററുകളിൽ എത്തും മുൻപേ പണി കിട്ടി; എസ്.ആർ.കെയുടെ ‘കിംഗ്’ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനം

','

' ); } ?>

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘കിംഗ്’ (King) തിയറ്ററുകളിൽ എത്തും മുൻപേ വിവാദത്തിൽ. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും കോപ്പിയടി ആരോപണങ്ങളുമാണ് ഉയർന്നിരിക്കുന്നത്. രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’, ഡോൺ യെൻ നായകനായ ‘റേജിങ് ഫയർ 2’ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളുമായി ഇതിന് സാമ്യമുണ്ടെന്നാണ് ആരാധകരുടെ പ്രധാന ആക്ഷേപം.

ചൊവ്വാഴ്ച പുറത്തിറങ്ങിയ പോസ്റ്ററിൽ ചുണ്ടിൽ റോസാപ്പൂവുമായി തീവ്രമായ ഭാവത്തിലാണ് ഷാരൂഖ് ഖാനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്ററിലെ തീപാറുന്ന പശ്ചാത്തലവും ഫ്രെയിമിംഗും മറ്റ് ചിത്രങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ഈ പോസ്റ്റർ വിലകുറഞ്ഞ ഒരു എഐ നിർമ്മിതി മാത്രമാണെന്ന് ചിലർ വിമർശിക്കുമ്പോൾ, ചിത്രത്തിന്റെ തിരക്കഥ ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന സിനിമയിൽ നിന്നും പോസ്റ്റർ ഡിസൈൻ ‘ധുരന്ധർ 2’വിൽ നിന്നുമാണ് എടുത്തതെന്നും ചിലർ ആരോപിക്കുന്നുണ്ട്.

ഒരിക്കലും ധുരന്ധർ ആകാൻ കഴിയില്ല. ഈ പോസ്റ്റർ വിലകുറഞ്ഞ ഒരു AI നിർമ്മിത ചവറാണ്” എന്ന് ഒരു എക്സ് (X) ഉപയോക്താവ് പോസ്റ്ററിനെ വിമർശിച്ചുകൊണ്ട് എഴുതി.

“ബ്രോ ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന സിനിമയിൽ നിന്ന് തിരക്കഥ കോപ്പിയടിച്ചു, ഇപ്പോൾ പോസ്റ്ററും Dhurandhar2 ൽ നിന്ന് കോപ്പിയടിച്ചിരിക്കുന്നു” എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിൽ നിന്നാണ് പോസ്റ്റർ ഡിസൈൻ ആശയങ്ങൾ നിർമ്മാതാക്കൾ അടിച്ചുമാറ്റിയതെന്ന് മറ്റൊരാളും ആരോപിച്ചു. “അല്പം നാണമുണ്ടാകണം. നിങ്ങൾ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ കോൺസെപ്റ്റ് കോപ്പിയടിച്ചിരിക്കുന്നു (sic),” എന്നായിരുന്നു ആ പോസ്റ്റ്.

അതേസമയം, തന്റെ അറുപതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഷാറൂഖ് ഖാൻ മനസ്സ് തുറന്നിരുന്നു. ചിത്രത്തിൽ ക്രൂരനും ഗ്രേ ഷെയ്ഡുള്ളതുമായ ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നായകനും വില്ലനും തമ്മിലുള്ള വ്യത്യാസങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും, കരിയറിന്റെ തുടക്കത്തിൽ ‘ഡർ’, ‘ബാസിഗർ’, ‘ഡോൺ’ തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങൾ താൻ വിജയകരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാറൂഖ് ഖാനൊപ്പം മകൾ സുഹാന ഖാൻ, ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അർഷാദ് വാർസി, അനിൽ കപൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *