
നടി സുനൈനയുടെ മോർഫ് ചെയ്ത് വ്യാജ എഐ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നിയമനടപടിയുമായി താരം രംഗത്ത്. വീഡിയോ കണ്ടപ്പോൾ കടുത്ത ഞെട്ടലും വെറുപ്പും തോന്നിയെന്നും ഇത് ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും അവർ വ്യക്തമാക്കി.
തന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എഐ നിർമിത വ്യാജ അശ്ലീല വീഡിയോക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി നടി സുനൈന പ്രസ്താവന പുറത്തിറക്കി. ഈ ഹീനവും ദുഷ്ടവുമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കിയ താരം, ഡിജിറ്റലായി നിർമ്മിച്ച ഈ ഉള്ളടക്കം തന്റെ അന്തസ്സിനെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും സുനൈന വ്യക്തമാക്കി.
വീഡിയോ നിർമ്മിച്ചവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും യാതൊരു മുന്നറിയിപ്പുമില്ലാതെ കർശനമായ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് നടി മുന്നറിയിപ്പ് നൽകി. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2023-ലെ ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം ഇതൊരു ക്രിമിനൽ കുറ്റമാണെന്ന് അവർ ചൂണ്ടിക്കാട്ടി. എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഈ വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും ഷെയർ ചെയ്യുന്നത് നിർത്തിവെക്കണമെന്നും താരം ആവശ്യപ്പെട്ടു.
ചലച്ചിത്ര മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദുരുപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശബ്ദമുയർത്തുന്ന പ്രമുഖരുടെ നിരയിലേക്ക് സുനൈനയും എത്തിയിരിക്കുകയാണ്. നേരത്തെ രശ്മിക മന്ദാന, കീർത്തി സുരേഷ്, ജാൻവി കപൂർ, ജൂനിയർ എൻടിആർ തുടങ്ങിയ താരങ്ങളും സമാനമായ എഐ മോർഫിംഗ് വ്യാജ വീഡിയോകൾക്കെതിരെ പ്രതികരിക്കുകയും നിയമനടടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
സുനൈനയുടെ വാക്കുകൾ
“എന്റെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല ഉള്ളടക്കത്തോടൊപ്പം ചേർത്തുവെച്ച ഒരു എഐ വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ഉള്ളടക്കം ഡിജിറ്റലായി നിർമ്മിച്ചതോ കൃത്രിമമായി ഉണ്ടാക്കിയതോ ആണ്, എന്നെപ്പോലെ കാണപ്പെടുന്ന മറ്റൊരു വ്യക്തിയെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഈ ഹീനവും ദുഷ്ടവുമായ പ്രവൃത്തിയിൽ എനിക്ക് കടുത്ത ഞെട്ടലും വെറുപ്പും തോന്നിയിട്ടുണ്ട്, ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു.” സുനൈനയുടെ പ്രസ്താവനയിൽ പറയുന്നു.
ഇത് ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും തന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്തു: “ഈ ഉള്ളടക്കത്തിന്റെ നിർമ്മാണത്തിനോ പ്രസിദ്ധീകരണത്തിനോ പ്രചാരണത്തിനോ ഞാൻ യാതൊരുവിധത്തിലും സമ്മതം നൽകിയിട്ടില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുമായി എനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഏതൊരു സൂചനയും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇത് എന്റെ അന്തസ്സ്, സ്വകാര്യത, വ്യക്തിത്വം എന്നിവയുടെ ഗുരുതരമായ ലംഘനമാണ്. ഇത് ലൈംഗികാതിക്രമത്തിന് തുല്യമാണ്,
അപകീർത്തികരമാണ്, കൂടാതെ 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2023-ലെ ഭാരതീയ ന്യായ സംഹിത എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ നിയമപ്രകാരം ഇതൊരു ക്രിമിനൽ കുറ്റവുമാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ ആകില്ല.
ഈ ഉള്ളടക്കം നിർമ്മിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും റീപോസ്റ്റ് ചെയ്യുന്നതും ഉടനടി നിർത്താൻ സുനൈന ഏവരോടും ആവശ്യപ്പെട്ടു. കൂടാതെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും അക്കൗണ്ടുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും ഇത് പൂർണ്ണമായും ഡിലീറ്റ് ചെയ്യണമെന്നും താരം മുന്നറിയിപ്പ് നൽകി. വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ യാതൊരു മുന്നറിയിപ്പുമില്ലാതെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും.