“രാമായണയിൽ ഖവാലി”; റഹ്‌മാനെ കല്ലെറിയുന്നത് എന്തിന്?

','

' ); } ?>

എ.ആർ. റഹ്മാൻ – ഹാൻസ് സിമ്മർ കൂട്ടുകെട്ടിൽ നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’ എന്ന സിനിമയിലെ പുതിയ ഗാനമായ ‘മംഗൾ രംഗ്’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ശ്രീരാമന്റെയും സീതയുടെയും പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയെത്തിയ ഗാനം സൂഫി ഖവാലി ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഭാരതീയ സംസ്കാരത്തോട് ഈ ശൈലി നീതി പുലർത്തിയില്ലെന്നും രാമായണത്തെ ഒരു ‘റോം കോം’ ശൈലിയിലാക്കി മാറ്റിയെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഗാനത്തിന് വേണ്ടത്ര ഗവേഷണം നടത്തിയില്ലെന്നും എ.ആർ. റഹ്മാന് പകരം അജയ് – അതുൽ, ശങ്കർ എഹ്സാൻ ലോയ് തുടങ്ങിയവരെയാണ് സംഗീത സംവിധാനത്തിനായി പരിഗണിക്കേണ്ടിയിരുന്നതെന്നും ഇവർ വാദിക്കുന്നു. ചിത്രത്തിലെ മറ്റ് ഘടകങ്ങളെല്ലാം പ്രശംസിക്കപ്പെടുമ്പോൾ റഹ്മാന്റെ സംഗീതത്തിന് നേരെ മാത്രം ഉയരുന്ന ഈ വിമർശനങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട മുൻവിധികളാണെന്നും അഭിപ്രായങ്ങളുണ്ട്.

ഇത്തരം വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ ഗാനം വൻ ട്രെൻഡിംഗായി മാറുന്നുണ്ട്. ഒരു ഇതിഹാസകാവ്യത്തെ സിനിമയായി ദൃശ്യവൽക്കരിക്കുമ്പോൾ സംവിധായകനും സംഗീത സംവിധായകനും തങ്ങളുടെ സർഗാത്മക സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും, കേൾക്കാൻ ഇമ്പമുള്ള ഇത്തരം പരീക്ഷണങ്ങളെ സംഗീതാസ്വാദകർ വലിയതോതിൽ ഏറ്റെടുക്കുന്നുണ്ടെന്നുമാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും നിലപാട്.

ഈ വിമർശകർക്ക് ‘രാമായണ’ സിനിമയിലെ ബാക്കി എല്ലാത്തിനോടും യോജിപ്പാണ്. കോസ്റ്റ്യൂമും പ്രൊഡക്ഷൻ ഡിസൈനും ആഭരണങ്ങളും വിഎഫ്‌എക്സും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഇവർക്ക് മികച്ചതാണ്. റഹ്മാൻ മാത്രമാണ് പ്രശ്നം. റഹ്മാന്റെ സംഗീതം. ‘മംഗൾ രംഗ്’ എന്ന പാട്ട് കേൾക്കുമ്പോൾ, ആ സന്ദർഭത്തോട് ഈണം നീതിപുലർത്തുന്നില്ല എന്ന് ഒരു ഘട്ടത്തിലും ആർക്കും തോന്നാൻ ഇടയില്ല. എന്നിട്ടും എന്തിനാണ് ഈ വിമർശനം. അത് റഹ്മാനെ ‘രാമായണ’ സംഗീത സംവിധായകനായി പ്രഖ്യാപിച്ച അന്ന് തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ വിശ്വാസമാണ് പലരേയും അലോസരപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി കൂടി വേണം റഹ്മാൻ നിരാശപ്പെടുത്തി എന്ന ഈ വിമർശനങ്ങളെ കാണാൻ. അത് അത്ര നിഷ്കളങ്കമല്ല. ഭാഷകൾ പഠിക്കൂ

എന്നാൽ, ഇത്തരം മുറുമുറുപ്പുകൾക്ക് ഭൂരിഭാഗം പ്രേക്ഷകരും ചെവികൊടുക്കുന്നില്ലെന്നാണ് ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്. ഇനിയിപ്പോ ഖവാലി ശൈലിയിലാണ് ആ ഗാനം എന്ന് വയ്ക്കുക. കേൾക്കാൻ ഇമ്പമുണ്ടെങ്കിൽ അതിലെന്താണ് പ്രശ്നം. ഇവിടെ ഒരു ഇതിഹാസത്തിനാണ്, മിത്തിനാണ് നിതേഷ് തിവാരി ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. നിതേഷിന് തന്റെ സങ്കൽപ്പത്തിന് അനുസരിച്ച് ആ ചിത്രം രൂപപ്പെടുത്താം. റഹ്മാന് അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് ആ ചലച്ചിത്ര ഭാഷ്യത്തിന് സംഗീതം നൽകാം. അവിടെയാണ് സിനിമ മനോഹരമായ കൂടിച്ചേരലാകുന്നത്. സർഗാത്മക രൂപമാകുന്നത്.