
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’-ലെ പാരിസ് ലക്ഷ്മിയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ‘നളിനി’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് പോസ്റ്ററിൽ പാരിസ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നവംബർ 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിനുമുമ്പ് ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ പ്രധാന താരങ്ങളുടെയെല്ലാം ലുക്ക് പോസ്റ്ററുകൾ പുറത്തുവന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
2012-ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക് പദവി നേടിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായി, 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം എത്തുന്നത്. യുവനിരയിലെയും മുൻനിരയിലെയും വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നും ‘അവരുടെ’ എന്നുമാണ് ‘D’EUX’ എന്ന വാക്കിൻ്റെ അർത്ഥം.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.