‘മോഹൻലാൽ മലയാളികൾക്ക് വലിയ സംഭവമാണ്, എന്നാൽ എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല’; രശ്‌മികയ്ക്ക് പിന്തുണ

','

' ); } ?>

മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ച് അറിയാത്തതിന്റെ പേരിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കുമെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റ്. അനു ചന്ദ്ര എന്ന യൂസർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെയുണ്ടായ പരാമർശത്തിന്റെ പേരിൽ നടി രശ്മിക മന്ദാനയ്ക്ക്നേരെ കടുത്ത ട്രോളുകളും അധിക്ഷേപങ്ങളുമാണ് ഉയർന്നത്. പ്രമുഖ താരങ്ങളുടെ വിശേഷണങ്ങൾ നൽകി ആരാണെന്ന് കണ്ടെത്തുക എന്ന ടാസ്കിനിടെ ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണം മോഹൻലാലിനാണെന്ന് തിരിച്ചറിയാൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് രശ്മികയ്ക്കും ഒപ്പമുണ്ടായിരുന്ന വിജയ് ദേവരകൊണ്ടയ്ക്കുമെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഒരു നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെയാണ് അനു ചന്ദ്ര രംഗത്തെത്തിയത്. മോഹൻലാൽ മലയാളികൾക്ക് വലിയ സംഭവമാണെങ്കിലും ഇന്ത്യയിലെ ഓരോ സിനിമാ താരത്തിനും അദ്ദേഹത്തെക്കുറിച്ച് അറിയണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും, രശ്മികയ്ക്ക് അറിയാത്തതിന്റെ പേരിൽ അപമാനിക്കുന്നത് ശരിയല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

മോഹൻലാൽ എന്ന ലെജന്റിന്റെ മഹത്വം രശ്മികയ്ക്ക് അദ്ദേഹത്തെ അറിയാമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രങ്ങളും സിനിമയ്ക്ക് നൽകിയ സംഭാവനകൾ തന്നെയാണ് ആ മഹത്വത്തിന്റെ അടിസ്ഥാനമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. തനിക്കുള്ള പേരിന്റെയും പ്രശസ്തിയുടെയും പേരിൽ അഹങ്കരിക്കാത്ത, വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ലാലേട്ടന്റെ സ്വഭാവ സവിശേഷതകളും കുറിപ്പിൽ എടുത്തുപറയുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രങ്ങളും സിനിമയ്ക്ക് നൽകിയ സംഭാവനകളും തന്നെയാണ് ആ മഹത്വത്തിന്റെ അടിസ്ഥാനമെന്നും അനു ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് ഇങ്ങനെയായിരുന്നു… ഇന്ത്യയിൽ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന നടൻ ആരാണെന്ന് രശ്മിക മന്ദാനക്കറിയില്ലത്രേ. കോഫി വിത്ത് കരൺ എന്ന പരിപാടിക്കിടെ പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്ന പേരുകള്‍ കരൺ ജോഹർ പറയുമ്പോൾ അത് ഏത് താരമാണെന്ന് കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്.

ഐക്കണ്‍ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ എന്ന് രശ്മിക മറുപടി നല്‍കി. റോക്കിങ് സ്റ്റാര്‍ യഷ് ആണെന്നും താരം പറഞ്ഞു. കംപ്ലീറ്റ് ആക്ടര്‍ എന്ന് കരണ്‍ പറഞ്ഞതോടെ ഞാന്‍ എന്നായിരുന്നു തമാശ രൂപേണെ വിജയ് ദേവരകൊണ്ടെയുടെ മറുപടി.

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലെന്ന് കരണ്‍ പറഞ്ഞതോടെ വിജയ് ദേവരകൊണ്ടയും രശ്മികയും മോഹന്‍ലാല്‍ സാറോ എന്ന് ചോദിക്കുന്നുമുണ്ട്. അതായത് മോഹൻലാൽ ആണ് കംപ്ലീറ്റ് ആക്ടർ എന്ന കാര്യം അവർക്കറിയില്ല എന്നാണ് ആ ചോദ്യം കൊണ്ട് അർത്ഥമാക്കുന്നത്. ഇതേ തുടർന്ന് സ്വഭാവികമെന്നോണം രശ്മികയെ തെറി പറഞ്ഞ് തുടങ്ങിയിട്ടുണ്ട് മലയാളികൾ.

എന്നാൽ ഒരു കാര്യം കേട്ടോളൂ… നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം മോഹൻലാൽ എന്നത് നമുക്കൊക്കെ വല്ല്യ സംഭവമാണ്. പതിറ്റാണ്ടുകളായി മലയാളികളുടെ സിനിമാ ആസ്വാദനത്തിലും സാംസ്കാരിക ജീവിതത്തിലും ആഴത്തിൽ ഇടംപിടിച്ച ഒരു വ്യക്തിത്വവുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ നമ്മൾ മലയാളികൾക്ക് അടങ്ങാത്ത അഭിമാനമുണ്ടാകുന്നത്.

പക്ഷെ ആദ്ദേഹത്തെ പറ്റി ഇത്തരമൊരു പരിചയം ഇന്ത്യയിലെ ഓരോ സിനിമാ താരത്തിനും ഉണ്ടായിരിക്കണമെന്നൊന്നും നമ്മളാരും നിർബന്ധം പിടിക്കരുത്. അതിപ്പോൾ രശ്മികക്ക് അറിയില്ലെങ്കിൽ ആ പേരിൽ വരെ അപമാനിക്കാനും പാടില്ല. മറിച്ച് മോഹൻലാലിനെ കുറിച്ച് അറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ അവർക്ക് പരിചയപ്പെടുത്താം. അദ്ദേഹത്തിന്റെ നല്ല പ്രകടനങ്ങൾ അവർക്ക് കാണിച്ച് കൊടുക്കാം. അതേപറ്റി ചർച്ച ചെയ്യാം.

അല്ലാതെ അതിനുപകരം ഇങ്ങനെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് എന്തിനാണ്?. പിന്നെ മോഹൻലാൽ എന്ന ലെജന്റിന്റെ മഹത്വം രശ്മികയ്ക്ക് അദ്ദേഹത്തെ അറിയാമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ലല്ലോ നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രങ്ങളും സിനിമയ്ക്ക് നൽകിയ സംഭാവനകളും തന്നെയാണ് ആ മഹത്വത്തിന്റെ അടിസ്ഥാനം.

അത്രയെ ഉള്ളൂ… എന്നായിരുന്നു കുറിപ്പ്. ലോകം അറിയപ്പെടുന്ന നടനാണെങ്കിലും ആരെ പരിചയപ്പെടുമ്പോഴും അങ്ങോട്ട് തന്റെ പേര് പറഞ്ഞ് സംസാരിച്ച് തുടങ്ങുന്നയാളാണ് ലാലേട്ടൻ. ആരുടേയും അം​ഗീകാരത്തിന് വേണ്ടി കാത്ത് നിൽക്കാറുമില്ല… തനിക്കുള്ള പേരിന്റെയും പ്രശസ്തിയുടേയും പേരിൽ അഹങ്കരിക്കാറുമില്ല അദ്ദേഹം. തനിക്ക് എതിരെ വരുന്ന വിമർശനങ്ങളെ പോലും ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനാണ് അദ്ദേഹം എന്നും ശ്രമിക്കാറുള്ളത്.