
തന്റെ വാക്കുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് വാർത്ത നൽകിയതിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടി ഗൗരി കിഷൻ. താൻ പറഞ്ഞ കാര്യങ്ങൾ ഭാഗികമായി മാത്രം ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ തലക്കെട്ട് നൽകിയതിനെതിരെ സോഷ്യൽ മീഡിയയിലൂടെയാണ് ഗൗരി പ്രതികരിച്ചത്. സിനിമയിലെത്തിയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗൗരി നൽകിയ അഭിമുഖത്തിലെ ഒരു പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
സിനിമയിലെത്തിയതോടെ പേഴ്സണൽ സ്പേസ് കുറഞ്ഞുവെന്നും, സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി പാനിപൂരി കഴിക്കുന്നത് പോലുള്ള ചെറിയ സന്തോഷങ്ങൾ പോലും പലപ്പോഴും ആസ്വദിക്കാൻ സാധിക്കാറില്ലെന്നും ഗൗരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശം “സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാൻ പോലും സാധിക്കുന്നില്ല” എന്ന രീതിയിൽ റിപ്പോർട്ടർ ഫിലിംസ് കാർഡായി പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇതിനെതിരെ വാർത്തയുടെ കമന്റ് ബോക്സിലാണ് താരം ആദ്യം പ്രതികരിച്ചത്. വാർത്തയുടെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കാതെ ഒരു ഭാഗം മാത്രം തലക്കെട്ടാക്കുമ്പോൾ സന്ദർഭം മാറിപ്പോകുന്നുവെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തനിക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെയും അംഗീകാരത്തെയും പരാതിയായി ചിത്രീകരിക്കരുതെന്നും, വായനക്കാർ ഒരു വാചകം മാത്രം കണ്ട് തെറ്റിദ്ധരിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.
തുടർന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യണമെന്ന് താരം ഓർമ്മിപ്പിച്ചു. തലക്കെട്ടുകൾക്ക് വേണ്ടി വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുതെന്നും, ഏത് വാർത്ത നൽകമ്പോഴും അതിന്റെ പശ്ചാത്തലം (Context) വളരെ പ്രധാനമാണെന്നും ഗൗരി വ്യക്തമാക്കി.
’96’ എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗൗരി, പ്രേക്ഷകർ തനിക്ക് നൽകുന്ന സ്നേഹത്തെ വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും, തന്റെ വാക്കുകൾ പ്രശസ്തിക്കെതിരെയുള്ള പരാതിയായിരുന്നില്ലെന്നും ഉറപ്പിച്ചുപറഞ്ഞു.
ഗൗരിയുടെ വാക്കുകൾ;
‘ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യത്തിന്റെ ഒരു ഭാഗം മാത്രം തലക്കെട്ടായി വരുമ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥം മാറിപ്പോകാം. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങുന്നതും സാധാരണ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നതും പോലെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ എനിക്ക് ലഭിക്കുന്ന സ്നേഹത്തെയോ അംഗീകാരത്തെയോ കുറിച്ചുള്ള പരാതിയായിരുന്നില്ല അത്. ഒരു വാചകം മാത്രം വായിച്ച് തെറ്റിദ്ധകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വാര്‍ത്ത പങ്കിട്ടു കൊണ്ട് ഗൗരി പ്രതികരിക്കുന്നുണ്ട്. കോണ്ടക്സ്റ്റ് പ്രധാനമാണ്. എനിക്ക് ലഭിക്കുന്ന സ്നേഹത്തിനും അംഗീകാരങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിത്യ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെക്കുറിച്ചായിരുന്നു എന്റെ വാക്കുകള്‍. ഒരിക്കലും ഒരു പരാതിയായിരുന്നില്ല. കുറേക്കൂടി ഉത്തരവാദിത്തത്തോടെയുള്ള റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. തലക്കെട്ടിന് വേണ്ടി വായനക്കാരെ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കരുത്.
ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ വന്ന ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗൗരി സംസാരിച്ചത്. ”96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്.” ഗൗരി പറയുന്നു.
”ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില് ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്” എന്നുമാണ് ഗൗരി പറഞ്ഞത്.