
സിനിമയിൽ പാടുന്നതുകൊണ്ട് മാത്രം ഒരാൾ ഗായകനാകുന്നില്ലെന്നും സിനിമയല്ല ഒരു ഗായകനെ അംഗീകരിക്കാനുള്ള ഏക മാനദണ്ഡമെന്നും വ്യക്തമാക്കി ഗായിക ശ്വേതാ അശോക്. ഇൻഡിപെൻഡന്റ് മ്യൂസിക്, സ്റ്റേജ് ഷോകൾ തുടങ്ങി നിരവധി മേഖലകളിൽ പ്രതിഭകളായ ഗായകർ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്നോട് ജോലി എന്താണെന്ന് ചോദിക്കുമ്പോൾ സിനിമയിൽ പാടിയിട്ടുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പതിവായി ഉണ്ടാകാറുള്ളതെന്നും, ഈ മുൻവിധികൾ മാറേണ്ടതുണ്ടെന്നും അവർ കുറിച്ചു. റിയാലിറ്റി ഷോകളിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ശ്വേത, ‘ഷൈലോക്ക്’, ‘മിന്നൽ മുരളി’, ‘ഹൃദയം’ തുടങ്ങിയ ചിത്രങ്ങളിലൂടെയും കവർ സോങ്ങുകളിലൂടെയും സംഗീത ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഗായികയാണ്.
ശ്വേത അശോകിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ഉത്തരത്തിൽ ഒതുക്കാൻ കഴിയാത്തത് ആണ് എനിക്ക് “എന്ത് ചെയ്യുന്നു “എന്ന ചോദ്യം . മ്യൂസിഷ്യൻ എന്ന് ഉത്തരം പറഞ്ഞാൽ അതിൽ ഏത് വിഭാഗമാണ് എന്ന് അറിയണം, സിങ്ങർ എന്ന് അറിയുമ്പോ ഏറ്റവും ആദ്യത്തെ ചോദ്യം സിനിമയിൽ ഒക്കെ പാടിയിട്ടുണ്ടോ? എത്ര സിനിമ? എത്ര പാട്ടു? എത്ര എണ്ണം? . പറഞ്ഞ പാട്ടു അറിയില്ലെങ്കിൽ അപ്പുറത്തെ അവനോട് ചോദ്യം നിനക്ക് അറിയോ എന്ന്.
ഇനി മുതൽ കരിയർ ചോദിച്ചാൽ മറുചോദ്യം വരാത്ത ഒരു കള്ളം പറയാം. സിനിമയിൽ പാടിയാൽ മാത്രമെ സിങ്ങർ ആവു എന്നുള്ള ചിന്തകൾ മാറ്റുക. ഇൻഡിപെൻഡന്റ് മ്യൂസിക്ക്, സ്റ്റേജ് ഷോ തുടങ്ങി പല മേഖലകളിലും“സിംഗർ കൾ “ ഉണ്ട്. “സിനിമയിൽ “ പാടുമ്പോ ഓട്ടോമാറ്റിക് ആയിട്ട് സിങ്ങർ ആയി മാറുന്നതല്ല, അതിന് ഒക്കെ മുന്നേ ഒരു മനുഷ്യൻ പാടും ഹേ!! സിനിമ മാത്രമല്ല ഒരു സിംഗറിനെ അംഗീകരിക്കാനുള്ള മാനദണ്ഡം.