
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ മരിച്ച പത്തുകാരി നിദ ഫാത്തിമയുടെ ഓർമകളിൽ നീറുന്ന കുടുംബത്തിന്റെ വേദന വീണ്ടും ചർച്ചയാകുന്നു. എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ നായകനായ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമ തങ്ങളുടെ ജീവിത യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കി നിദ ഫാത്തിമയുടെ പിതാവ് ഷിഹാബുദ്ദീൻ രംഗത്തെത്തി.
സിനിമയിലെ നടൻ സുധീഷിന്റെ വൈകാരിക രംഗങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഷിഹാബുദ്ദീൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. മകൾ വിട്ടുപിരിഞ്ഞിട്ട് മൂന്ന് വർഷവും പത്ത് മാസവും പിന്നിടുമ്പോഴും സിനിമയിലെ ഓരോ രംഗവും തന്റെ മോളുടെ ഓർമകളാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ലോകത്തിന് ഇതൊരു സിനിമയായിരിക്കാമെങ്കിലും തങ്ങൾക്ക് ഇത് പൊന്നുമോളുടെ ജീവിതകഥയാണെന്നും ഷിഹാബുദ്ദീൻ കുറിച്ചു.
2022 ഡിസംബറിൽ നാഗ്പൂരിൽ വെച്ചാണ് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ അമ്പലപ്പുഴ സ്വദേശിനിയായ പത്തുകാരി നിദ ഫാത്തിമ മരണപ്പെട്ടത്. എന്നാൽ മകളുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി മഹാരാഷ്ട്ര പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്നും അന്വേഷണം നിലച്ച മട്ടിലാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മകളുടെ മരണത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നീതിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം ഇപ്പോഴും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം … ഞങ്ങളുടെ മോൾ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് മൂന്ന് വർഷവും പത്ത് മാസവും ആകുവാണ് ഈ സിനിമയിലെ ഒരോ രംഗവും കാണുമ്പോൾ ഞങ്ങളുടെ മോളുടെ ഓർമകൾ ആണ് മനസ്സിലേക്ക് ഓടിയെത്തുന്നത്… കാരണം ഇതൊരു സിനിമക്കഥയല്ല… ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച, ഇന്നും ഞങ്ങളുടെ ഹ്യദയത്തെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യം ആണ്…ലോകത്തിന് ഇതൊരു സിനിമയായിരിക്കാം.. പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ പൊന്നുമോളുടെ കഥയാണ്…മോളേ നീ ഞങ്ങളെ വിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വാപ്പിയുടെയും ഉമ്മിയുടെയും മനസ്സിൽ നീ ഇന്നും പഴയ കുഞ്ഞ് തന്നെയാണ്. കാലം എത്രകടന്ന് പോയാലും ഞങ്ങളുടെ ഹ്യദയത്തിൽ നീ ബാക്കിവെച്ച ശൂന്യത ഒരിക്കലും മായില്ല പൊന്നുമോളേ ഈ സിനിമ കാണുന്നവർക്ക് ഇതൊരു രംഗം മാത്രം ആയിരിക്കാം … പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ജീവിതമാണ് NIDA ZWORLD’.