
ആന്ധ്രപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് സംഘർഷത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി നടിയും, മുൻ മന്ത്രിയും, വൈഎസ്ആർസിപി നേതാവുമായ റോജ സെൽവമണി. തിങ്കളാഴ്ച മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിരഞ്ഞെടുപ്പ് തർക്കങ്ങളെ തുടർന്ന് മുനിസിപ്പാലിറ്റിയിലേക്ക് കാറിലെത്തിയ റോജയെ പൊലീസ് ബാരിക്കേഡുകളും അയൺ ഫെൻസിങ്ങും ഉപയോഗിച്ച് വഴിയിൽ തടയുകയായിരുന്നു.
ഇതിൽ പ്രകോപിതയായ റോജ കാറിൽ നിന്ന് ഇറങ്ങി ഉദ്യോഗസ്ഥനെ തള്ളിമാറ്റുകയും പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് കാൽനടയായി മുന്നോട്ടുപോയ അവർ പിന്നീട് പ്രവർത്തകന്റെ ബൈക്കിൽ കയറി സ്ഥലംവിട്ടു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങൾക്കിടെ റോജ മുനിസിപ്പാലിറ്റിയേക്ക് വരുന്നു എന്നറിഞ്ഞാണ് പൊലീസ് ബാരിക്കേഡുകൾ ഒരുക്കിയത്. റോജയെ തടയാനായി ബാരിക്കേഡും അയൺ ഫെൻസിങ്ങും പൊലീസ് ഒരുക്കിയിരുന്നു. ഇതാണ് പൊലീസും റോജയും തമ്മിലുള്ള തർക്കത്തിലേക്ക് എത്തിച്ചത്.
സംഭവസ്ഥലത്ത് റോജയും YSRCP പ്രവർത്തകരും ചേർന്ന് പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.