
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ട് മാത്രം ഒരു സിനിമയെ മുഴുവനായി മാറ്റിമറിക്കാൻ കഴിയില്ലെന്നും, ചില രംഗങ്ങളിൽ നിശബ്ദതയ്ക്കാണ് കൂടുതൽ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുകയെന്നും സംവിധായകൻ കമൽ. ‘പോർട്രയൽസ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് തന്റെ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിന്റെ അനുഭവങ്ങളും നിലവിലെ സിനിമകളിലെ സംഗീത ഉപയോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചത്.
ചിത്രത്തിലെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ പശ്ചാത്തല സംഗീതമോ മറ്റ് ഇഫക്റ്റുകളോ ഉണ്ടായിരുന്നില്ലെന്ന് കമൽ ഓർത്തെടുക്കുന്നു. നടൻ ഔസേപ്പച്ചൻ ചിത്രം കണ്ടപ്പോൾ തന്നെ ആ രംഗങ്ങൾ ഇമോഷണലായി സ്പർശിക്കുകയും തുടർന്ന് അതിമനോഹരമായി റീ-റെക്കോർഡിംഗ് പൂർത്തിയാക്കുകയുമായിരുന്നു. കഥയെയും കഥാപാത്രങ്ങളെയും പിന്തുണയ്ക്കുക മാത്രമാണ് റീ-റെക്കോർഡിംഗിന്റെ ദൗത്യമെന്നും അല്ലാതെ വെറുതെ സംഗീതം കുത്തിനിറയ്ക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യജിത് റേ, കെ. ജി. ജോർജ്ജ് തുടങ്ങിയ പ്രഗത്ഭരായ മാസ്റ്റർ സംവിധായകർ നിശബ്ദതയെ തങ്ങളുടെ ചിത്രങ്ങളിൽ എത്രത്തോളം മികച്ച രീതിയിലാണ് ഉപയോഗിച്ചിരുന്നതെന്ന് കമൽ ചൂണ്ടിക്കാട്ടി. സംഗീത സംവിധായകൻ ജോൺസണുമൊത്തുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. അനാവശ്യമായി സംഗീതം നിറയ്ക്കാൻ ജോൺസൺ കൂട്ടാക്കാറില്ലെന്നും, സൈലൻസ് ആവശ്യമുള്ളയിടങ്ങളിൽ അത് നൽകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും കമൽ പറഞ്ഞു.
എന്നാൽ, ആധുനിക സിനിമകളിൽ തുടക്കം മുതൽ ഒടുക്കം വരെ ബി.ജി.എം കുത്തിക്കയറ്റുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും, പശ്ചാത്തല സംഗീതത്തിൽ നിശബ്ദതയ്ക്കുള്ള പ്രാധാന്യം പലരും മറന്നുപോകുന്നുവെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കമലിന്റെ വാക്കുകൾ;
“രാത്രിയിലാണ് ആ സീൻ ഷൂട്ട് ചെയ്യുന്നത്. രാത്രിയിലാണല്ലോ വീട്ടിലേക്ക് വരുന്നത്. എന്നിട്ട് ജനലിൽ കൂടി നോക്കുന്നു. ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ, ക്ലോസ്അപ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ കുറേ വൈകി. പക്ഷേ രേവതി ആ മൂഡുമായി ഭയങ്കരമായിട്ടും സെറ്റായിട്ടുണ്ടായിരുന്നു. ഇത്രയും ദിവസം ഷൂട്ട് ചെയ്തല്ലോ. ഷൂട്ട് ചെയ്ത് ചെയ്ത് വന്നപ്പോഴേക്കും ആ മൂഡ് സെറ്റായി. അപ്പോൾ സ്വഭാവികമായിട്ടും ആ എക്സ്പ്രഷനൊക്കെ കറക്ടായി വരും. റീ റെക്കോർഡിങ് ഒന്നും അന്ന് ചെയ്തിട്ടില്ല.
മ്യൂസിക്കും ഒന്നുമില്ല. ആ ഒരു ഫീലിൽ ആണ് രേവതി പെർഫോം ചെയ്തത്. അതിന്റെ റീ റെക്കോർഡിങ് ചെയ്തത് ഔസേപ്പച്ചൻ ആയിരുന്നു. അതുകണ്ട് കഴിഞ്ഞപ്പോൾ ആ ഇമോഷൻ ഔസേപ്പച്ചന് കിട്ടിയെന്നുള്ളതാണ്. ഡബിൾ പോസിറ്റീവ് എന്നാണ് അന്നൊക്കെ പറയുക. എന്ന് വച്ചാൽ മ്യൂസിക് ഇല്ലാതെ ഡയലോഗ് മാത്രമേ ഉണ്ടാവുകയുള്ളൂ. എഫക്ട്സ് ഒന്നുമുണ്ടാകില്ല. സീൻ എഡിറ്റ് ചെയ്തിട്ടുണ്ടാകും.
ഡയലോഗ് ഒക്കെയായി പടം കണ്ട് കഴിഞ്ഞപ്പോൾ, ഞാൻ നോക്കുമ്പോൾ ഔസേപ്പച്ചൻ കണ്ണൊക്കെ തുടക്കുന്നുണ്ട്, കണ്ണ് നിറഞ്ഞിട്ട്. കാരണം ഇമോഷണലി ഔസേപ്പച്ചനെ അത് ഭയങ്കരമായി ഇരുത്തി. അതാണ് ആ മ്യൂസിക് അത്രയും ആഴത്തിൽ വരാൻ കാരണമായത്. സിനിമയിൽ മ്യൂസിക് നമുക്ക് വേണം. റീ റെക്കോർഡിങ് എന്ന് പറയുന്നത്, കഥയെയും കഥാപാത്രങ്ങളെയും സപ്പോർട്ട് ചെയ്യുന്നതായിരിക്കണം.
അതല്ലാതെ, മ്യൂസിക് കൊണ്ട് ഒരു സിനിമയെ മൊത്തം മാറ്റി മറിക്കാം എന്നുള്ള ചിന്താഗതി തെറ്റാണ്. നിശബ്ദത കൊണ്ടും നമുക്കത് പറ്റും. അത് മാസ്റ്റേഴ്സിന്റെ സിനിമകൾ കണ്ടാൽ നമുക്കത് അറിയാം. സൈലൻസ് കൊണ്ട് നമുക്കാ സിനിമയുടെ ഫീൽ മുഴുവൻ കൊണ്ടുവരാൻ പറ്റും. സത്യജിത് റേയുടെ സിനിമകളൊക്കെ കണ്ടാൽ നമുക്കതറിയാൻ പറ്റും. മലയാളത്തിലും ഉണ്ട് അങ്ങനെ.
കെ ജി ജോർജിന്റെയൊക്കെ സിനിമകൾ കണ്ടാൽ സൈലൻസ് ആയിരിക്കും അതിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്. സൈലൻസിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ടെന്ന്, എനിക്ക് തോന്നുന്നു ഈ അടുത്ത കാലത്ത് പലരും മറന്നു പോകുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ ആദ്യം മുതൽ അവസാനം വരെ ബിജിഎമ്മിട്ട് കുത്തിക്കയറ്റുന്നുണ്ട്.
അതിൽ നമ്മുടെ സംഗീത സംവിധായകരൊന്നും ഒട്ടും മോശമല്ല. മലയാളത്തിൽ അന്നുമുണ്ടായിരുന്നു. സംഗീത സംവിധായകർ ഫുൾ ഫില്ല് ചെയ്ത് വയ്ക്കും. പക്ഷേ നമ്മൾ മിക്സിങ്ങിന് വരുമ്പോൾ, സംഗീത സംവിധായകരോട് പറയും മ്യൂസിക് അവിടെ നിന്ന് കട്ട് ചെയ്യുകയാണെന്ന് പറയും. ചിലപ്പോൾ നല്ല മ്യൂസിക് ആണെങ്കിൽ അവർക്ക് വിഷമം ഉണ്ടാകും.
പക്ഷേ സൈലൻസ് ആണ് നല്ലതെന്ന് വച്ച് അവർ ഓക്കെ പറയും. അങ്ങനെ പലയിടത്തും ഞാൻ മ്യൂസിക് കട്ട് ചെയ്തിട്ടുണ്ട്. നന്നായിട്ട് ചെയ്ത മ്യൂസിക് ഫൈനൽ മിക്സിൽ കട്ട് ചെയ്യും. അക്കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ജോൺസൺ ആയിരുന്നു. ജോൺസൺ ഒരുപാട് ഗ്യാപ് ഇടും, സൈലൻസ് ഇടും. ജോൺസൺ പറയും, ‘അവിടെ മ്യൂസിക് വേണ്ടടോ… മ്യൂസിക് വന്നാൽ ആണ് വൃത്തിക്കേട് ആവുക. ഞാനെന്ത് മ്യൂസിക് ആണ് അവിടെ കൊടുക്കുക’ എന്നൊക്കെ പറയും.
അനാവശ്യമായിട്ട് എന്തെങ്കിലും ഫില്ല് ചെയ്യാനായി മ്യൂസിക് ഇടുന്ന പരിപാടി ജോൺസണ് ഇല്ല. ജോൺസണ് ഫീൽ ചെയ്യണം, മ്യൂസിക് അവിടെ വേണമെന്ന്. എങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. പക്ഷേ ഇന്നിപ്പോൾ അങ്ങനെയല്ല. കീബോർഡിലും പുതിയ ഓർക്കസ്ട്രേഷന്റെ പരിപാടി വച്ചിട്ട്, ഫില്ല് ചെയ്യലാണല്ലോ ഫുൾ ആയിട്ട്. അങ്ങനെയൊക്കെയുള്ള വ്യത്യാസങ്ങളുണ്ട്.”