“പാട്ട് നിര്‍ത്തില്ല, അത്ഭുതങ്ങള്‍ നടന്നാലോ?”; സൈബർ വിമർശനത്തിന് ചുട്ട മറുപടിയുമായി വിനായക് ശശികുമാർ

','

' ); } ?>

സിനിമയിലെ വിമര്‍ശനങ്ങള്‍ക്ക് മാതൃകാപരമായ ശൈലിയില്‍ മറുപടി നല്‍കി ശ്രദ്ധ നേടുകയാണ് പ്രമുഖ ഗാനരചയിതാവ് വിനായക് ശശികുമാര്‍. തനിക്കെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ ചിരിയോടെയും അതേസമയം കൃത്യമായ നിലപാടുകളോടെയുമാണ് അദ്ദേഹം നേരിട്ടത്.

സെപ്റ്റംബറിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ‘വര്‍ണ്ണജാലം’ എന്ന ഗാനത്തെ മുന്‍നിര്‍ത്തി മലയാളം മൂവി ആന്റ് മ്യുസിക് ഡാറ്റ ബേസ് ഗ്രൂപ്പില്‍ വന്ന പോസ്റ്റിന് താഴെയായിരുന്നു സംഭവം. ഗാനത്തെയും രചയിതാവിനെയും രൂക്ഷമായി വിമര്‍ശിച്ച് സുമ കിരണ്‍ എന്ന പ്രൊഫൈലില്‍ നിന്നും വന്ന കമന്റാണ് ചര്‍ച്ചയായത്. പാട്ട് തീരെ മോശമാണെന്നും വിനായകിന്റെ ഇപ്പോഴത്തെ സൃഷ്ടികള്‍ തേര്‍ഡ് റേറ്റ് നിലവാരത്തിലുള്ളതാണെന്നുമായിരുന്നു വിമര്‍ശനം. ഗാനരചന നിര്‍ത്തി സിനിമയില്‍ വേറെയെന്തെങ്കിലും മേഖലയിലേക്ക് പോകുന്നതാണ് നല്ലതെന്നും ‘കഞ്ചാവ് പടങ്ങളുടെ ഗാനരചയിതാവ്’ എന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

ആദ്യം ട്രോള്‍ രൂപത്തിലുള്ള മറുപടിയാണ് വിനായക് നല്‍കിയതെങ്കിലും, തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായതോടെ താരം ഗൗരവത്തോടെയും മാന്യമായും പ്രതികരിക്കുകയായിരുന്നു. “ഇരുനൂറോളം സിനിമകളിലായി അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം പോലും താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് താങ്കള്‍ പറയുന്നു; ഒരുപക്ഷെ ശരിയായിരിക്കാം. എന്നാലും നോക്കാം, അത്ഭുതങ്ങള്‍ നടന്നാലോ,” എന്ന് വിനായക് കുറിച്ചു.

പാട്ട് നിര്‍ത്തി വേറെ മേഖലയിലേക്ക് കടക്കണമെന്ന ഉപദേശത്തിനും താരം കൃത്യമായ മറുപടി നല്‍കി. സിനിമയിലെ മറ്റ് മേഖലകളിലേക്ക് വരും വര്‍ഷങ്ങളില്‍ കടക്കുന്നുണ്ടെന്നും എന്നാല്‍ അത് പാട്ട് നിര്‍ത്തിക്കൊണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന താരങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ് വിനായകിന്റെ ഈ പക്വതയാര്‍ന്ന പ്രതികരണം.

”200 സിനിമകള്‍ ആയി. 500 ഇല്‍ കൂടുതല്‍ പാട്ടുകളും. ഇതില്‍ ഒരെണ്ണം പോലും താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വന്നില്ല എന്നത് ദൗര്‍ഭാഗ്യം തന്നെ ആണ്. എന്നാലും എപ്പോഴെങ്കിലും താങ്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ട് എഴുതാന്‍ പറ്റട്ടെ. എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് താങ്കള്‍ പറയുന്നു. ഒരുപക്ഷെ ശരിയായിരിക്കാം. എന്നാലും നോക്കാം. അത്ഭുതങ്ങള്‍ നടന്നാലോ. പിന്നെ പാട്ട് നിര്‍ത്തി വേറെ മേഖലയിലേക്ക് കടക്കുന്ന കാര്യം. സിനിമയിലെ വേറെ മേഖലകളിലേക്ക് വരും വര്‍ഷങ്ങളില്‍ കടക്കുന്നുണ്ട്. പക്ഷെ അത് പാട്ട് നിര്‍ത്തിക്കൊണ്ടാകില്ല. സോറി” എന്നായിരുന്നു വിനായകിന്റെ മറുപടി.