
മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ഇഷ്ടമാണിതെന്നും പ്രായവ്യത്യാസമുണ്ടെങ്കിലും ക്രഷ് ക്രഷ് തന്നെയാണെന്നും താരം വ്യക്തമാക്കി. ഓണസ്റ്റ് ടൗൺഹാൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് അനുപമ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്
തന്റെ കുടുംബം മുഴുവൻ മോഹൻലാലിന്റെ വലിയ ആരാധകരാണെന്നും അനുപമ പറഞ്ഞു. തന്നേക്കാൾ കൂടുതൽ മോഹൻലാലിനോട് ക്രഷ് ഉള്ളത് തന്റെ അനിയനാണെന്നും, തങ്ങൾ തമ്മിലുള്ള ചാറ്റുകളിൽ പോലും അദ്ദേഹത്തിന്റെ റീലുകളും വിശേഷങ്ങളുമാണ് പങ്കുവെക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും താരം ഓർമിച്ചു.
ഒക്ടോബർ 16 ന് തിയറ്ററുകളിലെത്തിയ ‘ക്രെയ്സി കല്യാണം’ എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. കോമഡി എന്റർടെയ്നറായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അനുപമയുടെ വാക്കുകൾ
“എനിക്ക് സെലിബ്രിറ്റികളിൽ എപ്പോഴും ഒരേ ഒരാളോടെ ക്രഷ് തോന്നിയിട്ടുള്ളൂ. അത് മോഹൻലാൽ സാറിനോടാണ്. അത് എന്റെ അമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണ്.
എന്റെ അമ്മ വലിയൊരു മോഹൻലാൽ ഫാൻ ആണ്. എന്റെ അനിയനും അങ്ങനെയാണ്. എനിക്ക് തോന്നുന്നു എന്നേക്കാൾ മോഹൻലാലിനോട് ക്രഷ് ഉള്ളതെന്ന് അവനാണെന്ന്. ഇപ്പോൾ പോലും എന്റെ ഇൻസ്റ്റഗ്രാം എടുത്തു നോക്കിയാൽ മതി. ചേച്ചി സുഖമാണോ എന്നൊന്നും അവൻ ചോദിക്കില്ല. മോഹൻലാലിന്റെ റീലുകളും അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും മാത്രമേ അവൻ എന്നോട് ചാറ്റ് ചെയ്യാറുള്ളൂ.
മോഹൻലാൽ സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടാണ് വളർന്നത്. എനിക്കറിയാം, പ്രായം തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന്. പക്ഷേ ക്രഷ് എന്ന് പറഞ്ഞാൽ ക്രഷ് ആണല്ലോ.”