മഹാ നടി സാവിത്രി മുതൽ സുബ്ബുവിന്റെ ഡൊറോത്തി വരെ; സെൻസേഷണൽ ക്വീൻ കീർത്തിക്ക് ജന്മദിനാശംസകൾ

','

' ); } ?>

 

വർഷങ്ങൾക്ക് മുൻപ് ‘ഓപ്പോൾ’ എന്ന ചിത്രത്തിന് ചിത്രത്തിലെ നായിക മേനകയ്ക്ക് എല്ലാവരും നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് സാധ്യമായില്ല. അന്നൊക്കെ മേനകയുടെ ഇളയമകൾ ‘അമ്മ വിഷമിക്കണ്ട എന്നും താനൊരു നടിയായിട്ട് അമ്മയ്ക്ക് നാഷണൽ അവാർഡ് കൊണ്ട് തരുമെന്നൊക്കെ’ പറയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഏറ്റവും മനോഹരമായി, അഭിമാനമായി ആ മകളാ വാക്ക് പാലിച്ചു. 2018 ൽ മഹാനടിയെന്ന ചിത്രത്തിലൂടെ അനശ്വര നായിക സാവിത്രിയുടെ ജീവിതം അവിസ്മരണീയമാക്കിയതിലൂടെ. മേനകയുടെയും സുരേഷ് കുമാറിന്റെയും മകളെന്ന ലേബലിൽ സിനിമയിലേക്ക് കയറി വന്ന് പിന്നീട് അമ്മയെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ സിനിമയുടെ നെറുകയിൽ തന്റെ പേരെഴുതിയ കീർത്തിക്കിന്ന് ജന്മദിനമാണ്. ഇന്ത്യൻ സിനിമയുടെ ജൂനിയർ മഹാനടി ‘കീർത്തി സുരേഷിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1992 ഒക്ടോബർ 17 ന് നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായാണ് കീർത്തിയുടെ ജനനം. ബാലതാരമായാണ് കീർത്തി സിനിമയിലെത്തുന്നത്. കുബേരനെന്ന ചിത്രത്തിൽ ദിലീപിന്റെ മകളായി അരങ്ങേറി പിൽക്കാലത്ത് ‘റിങ് മാസ്റ്റർ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ തന്നെ നായികയായി ‘കീർത്തി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കുബേരന് ശേഷം ഫാഷൻ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞ കീർത്തി പിന്നീട് 2013 ൽ പുറത്തിറങ്ങിയ “ഗീതാഞ്ജലിയിലൂടെയാണ്” നായികയായി അരങ്ങേറുന്നത്. ചിത്രത്തിലൂടെ മികച്ച പുതുമുഖ താരത്തിനുള്ള സൈമ അവാർഡുൾപ്പടെ ഒന്നിലധികം അവാർഡുകൾ കീർത്തി സ്വന്തമാക്കി.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു ബാലതാരമായി ചുവടുവെച്ച്, പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ മുൻനിര നായികയായി വളർന്ന കീർത്തി സുരേഷ്, ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. കുടുംബപരമായി സിനിമയുടെ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന കീർത്തി, തന്റെ കഠിനാധ്വാനം കൊണ്ടും സമർപ്പണം കൊണ്ടും മാത്രമാണ് ഇന്ന് കാണുന്ന ഉയരങ്ങൾ കീഴടക്കിയത്.

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബയോപിക്കുകളിൽ ഒന്നായ നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’ എന്ന ചിത്രത്തിൽ സാവിത്രിയെന്ന ഇതിഹാസ നടിയായി കീർത്തി വേഷമിട്ടപ്പോൾ, അത് വെറുമൊരു വേഷപ്പകർർച്ചയായിരുന്നില്ല; മറിച്ച് സാവിത്രിയുടെ പുനർജന്മം തന്നെയായിരുന്നു. ഒരു അഭിനേത്രിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാവിത്രിയുടെ ജീവിതം ചലച്ചിത്രമാക്കുമ്പോൾ ആ കഥാപാത്രത്തെ ഉൾക്കൊള്ളുക എന്നത്. സാവിത്രിയുടെ കരിയറിന്റെ ഔന്നത്യവും, അവരുടെ സൗന്ദര്യവും, പ്രതാപവും, ഒപ്പം ജീവിതത്തിന്റെ അവസാന ഘട്ടത്തിലുണ്ടായ കണ്ണീരും ഏകാന്തതയും ഒരേപോലെ സ്ക്രീനിൽ എത്തിക്കുക എന്നത് അസാധ്യമായ കാര്യമായിട്ടാണ് പലരും കരുതിയത്. എന്നാൽ കീർത്തി സുരേഷ് ആ കഥാപാത്രത്തെ ഏറ്റെടുത്തപ്പോൾ, സാവിത്രിയുടെ ശരീരഭാഷയും, ചിരിയും, ഭാവങ്ങളും മാത്രമല്ല, അവരുടെ ആത്മാവിനെയാണ് തന്നിലേക്ക് ആവാഹിച്ചത്. സാവിത്രിയുടെ കണ്ണുകളിലെ ആഴവും സ്വകാര്യ ദുഃഖങ്ങളും പ്രേക്ഷകരെ കരയിപ്പിക്കുന്നതായിരുന്നു. തെന്നിന്ത്യയുടെ സുവർണ്ണ കാലഘട്ടത്തെയും ഒപ്പം ആ കാലഘട്ടത്തിന്റെ രാജ്ഞിയായി വാണ ഒരു നടിയുടെ തകർച്ചയെയും വളരെ ആധികാരികമായിട്ടാണ് കീർത്തി ചിത്രീകരിച്ചത്. സാവിത്രിയുടെ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങൾ – അതായത് തിളങ്ങിനിൽക്കുന്ന യൗവനവും, പിന്നീട് വാർദ്ധക്യത്തിലും ദുഃഖത്തിലും തളർന്നുപോയ അവസ്ഥയും – കീർത്തി തന്റെ അഭിനയമികവ് കൊണ്ട് തികഞ്ഞ കയക്കടക്കത്തോടെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കീർത്തിയെ തേടിയെത്തിയപ്പോൾ, അത് ചരിത്രത്തിന്റെയോ അഭിനയലോകത്തിന്റെയോ ചരിത്രത്തിൽ ഏറ്റവും അർഹതപ്പെട്ട അംഗീകാരങ്ങളിൽ ഒന്നായി മാറി. സാവിത്രി എന്ന ചരിത്രപുരുഷന്റെ ജീവസ്സുറ്റ രൂപമായി കീർത്തി മാറിയത് ഇന്ത്യൻ സിനിമാലോകം അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.

‘പൈലറ്റ്സ്’, ‘ആകാശത്തോണി’ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ കലാജീവിതം പിന്നീട് ഫാഷൻ ഡിസൈനിംഗ് പഠനത്തിനു ശേഷമാണ് നായികാരംഗത്തേക്ക് വഴിമാറിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘ഗീതാഞ്ജലി’ എന്ന മലയാള ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ടവേഷം കൈകാര്യം ചെയ്തുകൊണ്ട് തനിക്ക് സങ്കീർണ്ണമായ കഥാപാത്രങ്ങളെയും മനോഹരമായി ഫലിപ്പിക്കാൻ കഴിയുമെന്ന് കീർത്തി തെളിയിച്ചു. തുടർന്ന് ‘റിംഗ് മാസ്റ്റർ’ എന്ന ചിത്രത്തിൽ കാഴ്ചപരിമിതിയുള്ള പെൺകുട്ടിയായി അഭിനയിച്ച് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി.

മലയാളത്തിൽ തുടക്കം കുറിച്ചെങ്കിലും കീർത്തി സുരേഷിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായത് തമിഴ്, തെലുങ്ക് സിനിമാരംഗത്തേക്കുള്ള കടന്നുവരവായിരുന്നു. ‘ഇതു എന്ന മയം’, ‘രജനി മുരുഗൻ’, ‘തൊടരി’, ‘ഭൈരവ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ തമിഴകത്തെ ജനപ്രിയ നായികമാരിൽ ഒരാളായി കീർത്തി മാറി. തമിഴിലെ പ്രമുഖ താരങ്ങളായ വിജയ്, വിക്രം, ധനുഷ്, ശിവകാർത്തികേയൻ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ കീർത്തിക്ക് സാധിച്ചു. പെൻഗ്വിൻ’, ‘മിസ് ഇന്ത്യ’, ‘സാണി കായിദം’ തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളെ സമർത്ഥമായി അവതരിപ്പിച്ചുകൊണ്ട് കീർത്തി തന്റെ അഭിനയ സാദ്ധ്യതകളെ വീണ്ടും വിപുലീകരിച്ചു. ‘സാണി കായിദം’ എന്ന ചിത്രത്തിലെ തീക്ഷ്ണമായ പ്രതികാര കഥാപാത്രം കീർത്തിയുടെ അഭിനയജീവിതത്തിലെ വേറിട്ട ഒരു അധ്യായമായിരുന്നു. പിന്നീട് ‘ദസറ’, ‘മാമന്നൻ’ തുടങ്ങിയ വൻ വിജയ ചിത്രങ്ങളിലൂടെ കീർത്തി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം കൂടുതൽ ഭദ്രമാക്കി.

സാവിത്രിയുടെ മഹാ വിജയത്തിന് ശേഷവും ആറു മാസത്തോളം സംവിധായകരാരും താരത്തെ സമീപിക്കുകയുണ്ടായില്ല. പിന്നീട് വന്ന വേഷങ്ങളിലൊന്നും പച്ച പിടിച്ചുമില്ല. ബോക്സ്ഓഫീസിൽ പരാജയ നായികയെന്നൊരു ലേബൽ തലയ്ക്ക് മുകളിൽ വട്ടം പിടിച്ചെങ്കിലും കീർത്തിക്ക് വേണ്ടി കഥകളെഴുതാൻ ആളുകൾ തിരക്ക് കൂട്ടി. ഏറ്റവും ഒടുവിൽ കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡൊറോത്തി ഇന്ന് വലിയൊരു വിജയമാണ്. തോറ്റുപോയെന്ന് ലോകം മുഴുവൻ അലറിയെങ്കിലും തളരാതെ മുന്നോട്ട് പോയൊരു കലാകാരിയുടെ മഹാ വിജയം കൂടിയായിരുന്നു ചിത്രത്തിന്റെ വിജയം.

അഭിനയത്തിന് പുറമേ കീർത്തിയുടെ ലളിതമായ പെരുമാറ്റവും ഫാഷൻ രംഗത്തെ തനിമയാർന്ന ശൈലിയും ആരാധകർക്കിടയിൽ ഏറെ പ്രശംസനീയമാണ്. തെന്നിന്ത്യൻ അതിരുകൾ കടന്ന് ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുന്ന ഈ പ്രതിഭയ്ക്ക് വരുംകാലങ്ങളിൽ കൂടുതൽ മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ വിസ്മയിപ്പിക്കാൻ സാധിക്കട്ടെ. ജന്മദിനം ആഘോഷിക്കുന്ന പ്രിയ നടി കീർത്തി സുരേഷിന് ആയുസ്സും ആരോഗ്യവും നിറഞ്ഞ തിളക്കമാർന്ന എല്ലാവിധ ജന്മദിനാശംസകളും നേരുകയും വരാനിരിക്കുന്ന എല്ലാ പുതിയ സംരംഭങ്ങൾക്കും വലിയ വിജയം ആശംസിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *