ദുരന്തമുഖത്തും ഇരകളെ വേട്ടയാടുന്ന സോഷ്യൽ മീഡിയ; നെടുമ്പാശ്ശേരി അപകടത്തിലെ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നിഹാൽ പിള്ള

','

' ); } ?>

നെടുമ്പാശ്ശേരി വാഹനാപകടത്തെത്തുടർന്നുണ്ടായ വിവാദങ്ങളിലും സമൂഹമാധ്യമങ്ങളിലെ മോശം പ്രതികരണങ്ങളിലും പ്രതികരിച്ച് നടനും വ്ളോഗറുമായ നിഹാൽ പിള്ള. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുന്ന മാതാപിതാക്കൾക്ക് കരഞ്ഞു തീർക്കാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് നിഹാൽ കുറ്റപ്പെടുത്തി. യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താനും ഒരു രക്ഷിതാവായതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്ന് നിഹാൽ പറഞ്ഞു. രണ്ട് ദിവസം മുമ്പ് സംസ്കരിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് നിവൃത്തികേടുകൊണ്ട് പിറ്റേദിവസം തന്നെ പ്രസ് മീറ്റിൽ പങ്കെടുക്കേണ്ടി വന്നു. മരിച്ച കുട്ടികളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആ മാതാപിതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ നിർബന്ധിതരായത്.

ഫേസ്ബുക്കിൽ ഉൾപ്പെടെ ചിലർ ഉന്നയിച്ച ചോദ്യങ്ങളും വിമർശനങ്ങളും അങ്ങേയറ്റം വേദനാജനകമാണെന്നും നിഹാൽ ചൂണ്ടിക്കാട്ടി. ‘രാത്രിയിൽ എന്തിന് ചായ കുടിക്കാൻ പോയി’ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. മകൾ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുന്ന പിതാവിന്, അവളുടെ ഭാഗത്തെ ന്യായം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കേണ്ടി വന്നത് ഇന്ത്യൻ സമൂഹത്തിലെ മോശം പ്രവണതയാണ് വ്യക്തമാക്കുന്നത്. ആ മാതാപിതാക്കൾക്ക് ഇത്തരം കാര്യങ്ങൾ വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും, എന്ത് ചെയ്യണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ പരാമർശങ്ങളാണ് വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്.

നിഹാൽ പിള്ളയുടെ വാക്കുകൾ;

”ഞാനും ഒരു രക്ഷിതാവായതുകൊണ്ടാണ് ഈ വിഷയത്തിൽ ഞാൻ ഇന്ന് സംസാരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മരിച്ച കുട്ടികളെ സംസ്കരിച്ചത്. പിറ്റേദിവസം തന്നെ ആ കുട്ടികളുടെ മാതാപിതാക്കൾക്ക് നിവൃത്തികേടുകൊണ്ട് പ്രസ് മീറ്റിൽ സംസാരിക്കേണ്ടി വന്നു. കരഞ്ഞ് വിഷമം തീർക്കാനുള്ള സമയം പോലും കിട്ടിയില്ല. ആ വാർത്താ സമ്മേളനം കണ്ടവർക്ക് അറിയാം… ആ കുടുംബങ്ങളുടെ അവസ്ഥ. ഒരു കുട്ടിയുടെ അമ്മയ്ക്ക് അവർ എന്താണ് പറയുന്നതെന്ന് പോലും ബോധമില്ല. അത്രയ്ക്കും ഡിപ്രസ്ഡ് ആണ് അവര്‍. എന്റെ കുഞ്ഞ് എന്ന് പറഞ്ഞ് കരയുകയാണ്. അങ്ങനൊരു സാഹചര്യത്തിൽ അവർ പ്രസ് മീറ്റിന് വന്നിരുന്നത് അവരുടെ മകളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാണ്. കേരളം സമൂഹം എത്രമോശമാണെന്ന് അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ലോകത്ത് എവിടെയും ഇതുപോലെ വൃത്തികെട്ട സമൂഹം കാണില്ല.

ഏതോ ഒരു ടീച്ചർ ഫേസ്ബുക്കിൽ എന്തോ ഒരു പോസ്റ്റിട്ടിരുന്നുവെന്ന് തോന്നുന്നു. ഇന്ത്യൻ സൊസൈറ്റിയിലെ ഏറ്റവും മോശം കാര്യമാണ് ഫേസ്ബുക്കിലെ ക്രൗഡ്. ഫേസ്ബുക്കിൽ വന്ന ചോദ്യം രാത്രിയിൽ എന്തിന് ചായ കുടിക്കാൻ പോയി എന്നതായിരുന്നു. ആ മാതാപിതാക്കളുടെ ഗതികേട് ഒന്ന് ആലോചിച്ച് നോക്ക്. മകൾ നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുന്ന പിതാവ് ഇത്തരം സംഭവങ്ങൾ കാരണം മകളുടെ ഭാഗത്തെ ന്യായം മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ട അവസ്ഥയുണ്ടായി. അതൊന്നും അവർ പറയേണ്ട ആവശ്യമില്ല. കാരണം എന്ത് ചെയ്യണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എന്നിട്ടും ആ ടീച്ചർ വീണ്ടും ന്യൂസിൽ വന്ന് ന്യായീകരിക്കുകയാണ് ചെയ്തത്”, നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.