
നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ ലുക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന അനാവശ്യ വിമർശനങ്ങൾക്കും ഉപദേശങ്ങൾക്കും കൃത്യമായ മറുപടിയുമായി താരം തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. താൻ കണ്ണാടിയിൽ നോക്കിയപ്പോൾ അതിമനോഹരിയായി തോന്നി എന്നും ജീവിതത്തിൽ ഏറ്റവും ഭംഗി തോന്നിയ നിമിഷമായിരുന്നു അതെന്നും വ്യക്തമാക്കിയാണ് തനിക്കെതിരെ ഉയർന്ന നെഗറ്റീവ് കമന്റുകളോട് അഹാന പ്രതികരിച്ചത്.
വിവാഹദിവസത്തെ ഒരുക്കവും വസ്ത്രധാരണവും വധൂവരന്മാരുടെ വ്യക്തിത്വത്തിന്റെയും ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനം മാത്രമാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെ അഹാന ചൂണ്ടിക്കാട്ടി. ഒരുങ്ങി നിൽക്കുമ്പോൾ സ്വന്തം മനസ്സിന് എന്തുതോന്നുന്നു എന്നതിനാണ് ഏറ്റവും പ്രധാന്യമെന്നും അല്ലാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കല്ലെന്നും താരം വ്യക്തമാക്കി. വീണ്ടുമൊരു അവസരം ലഭിച്ചാലും ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയിൽ തന്നെയാകും താൻ ഒരുങ്ങുകയെന്നും അഹാന കൂട്ടിച്ചേർത്തു.
അഹാനയുടെ വിവാഹ ലുക്ക് ‘ഡാൻസ് പെർഫോമൻസിന് പോകുന്നതുപോലെ ഉണ്ടെ’ന്നും വേണ്ടത്ര നന്നായില്ലെന്നും ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അഹാനയുടെ പ്രതികരണത്തിന് പിന്നാലെ അമ്മയും അനുജത്തിമാരും ഉൾപ്പെടെയുള്ള കുടുംബവും നിരവധി ആരാധകരും താരത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബ്രൈഡൽ ലുക്കുകളിലൊന്നാണ് ഇതെന്ന് ആരാധകർ വിലയിരുത്തുമ്പോൾ, സ്വന്തം വ്യക്തിത്വത്തോട് നീതി പുലർത്തി ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച അഹാന മറ്റ് സ്ത്രീകൾക്ക് വലിയൊരു മാതൃകയാണെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാണിക്കുന്നു.
അഹാനയുടെ കുറിപ്പിന്റെ പൂർണരൂപം;
‘‘എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഭംഗി തോന്നിയ നിമിഷം!
നമ്മുടെ കാഴ്ചപ്പാടും പ്രയത്നവും അതിന്റെ അവസാന ഫലവും തികച്ചും പൂർണതയോടെ ഒത്തുവരുമ്പോൾ ലഭിക്കുന്ന ഒരു പ്രത്യേക തരം സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് നൽകിയത് കൃത്യമായി ആ ഒരു ആത്മനിർവൃതിയാണ്. എനിക്ക് വീണ്ടും ഒരുങ്ങി വരാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ, ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഇതേ രീതിയിൽ തന്നെ ഞാൻ ഇനിയും ഒരുങ്ങും!
എന്റെ അമ്മ എന്നെ നോക്കി പറഞ്ഞത്, ഈ ലുക്കിൽ നിന്ന് ഞാൻ മാറരുത് എന്നാണ്, കാരണം അമ്മയ്ക്ക് എന്നെ ഇങ്ങനെ തന്നെ കണ്ടുകൊണ്ടിരിക്കാനാണ് തോന്നുന്നത്!
പ്രിയപ്പെട്ട വധൂ വരന്മാരേ, നിങ്ങളുടെ വിവാഹത്തിനായോ (അല്ലെങ്കിൽ മറ്റേതെങ്കിലും ദിവസത്തിലോ) നിങ്ങൾ ഒരുങ്ങാൻ തിരഞ്ഞെടുക്കുന്ന രീതി, നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നു, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയുടെ പ്രതിഫലനം മാത്രമാണ്. നിങ്ങൾക്ക് നിങ്ങളെ ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്കാണ്!
നിങ്ങളുടെ മുടി ഇതിലും വ്യത്യസ്തമായി ചെയ്യാമായിരുന്നു, വസ്ത്രം വേറെ രീതിയിലാകാമായിരുന്നു, ആഭരണങ്ങൾ അങ്ങനെയല്ലായിരുന്നു വേണ്ടത്, കളർ മറ്റൊന്നാവണമായിരുന്നു എന്നിങ്ങനെ ആയിരം കാര്യങ്ങൾ പറയാൻ എപ്പോഴും ആളുകളുണ്ടാകും.
പക്ഷേ സത്യമെന്തെന്നാൽ, അതൊന്നും ഒരു വിഷയമേയല്ല. സത്യത്തിൽ, അതൊരിക്കലും ഒരു വിഷയമാകാനും പാടില്ല. നിങ്ങളും നിങ്ങളുടെ ഒരുക്കവും തമ്മിൽ നിൽക്കേണ്ട ഒരേയൊരു കാര്യം, കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നത് മാത്രമാണ്.
എന്നോട് ചോദിച്ചാൽ, ഞാൻ കണ്ണാടിയിൽ എന്നെത്തന്നെ നോക്കിയപ്പോൾ എനിക്ക് അതിമനോഹരിയായി തോന്നി. ഉള്ളിൽ നിന്ന് ഉത്ഭവിച്ച് ചുറ്റിലും തിളങ്ങിനിൽക്കുന്ന തരത്തിലുള്ള ഒരു ഭംഗി. അതുകൊണ്ട്, നിങ്ങളുടെ ആ തിളക്കം നിങ്ങൾ തന്നെ കണ്ടെത്തൂ. അത് മറ്റൊരിടത്തും തിരഞ്ഞു നടക്കേണ്ടതില്ല. അതെല്ലാം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്.’’–