
പോക്സോ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിന് തൃശൂർ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നിഷയുടെ വാദം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ നിഷ ഒളിവിൽ പോവുകയായിരുന്നുവെന്ന് തൃശൂർ വെസ്റ്റ് പൊലീസ് വ്യക്തമാക്കി. പതിനൊന്ന് വയസ്സുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് നിഷ റാഫേലിനെതിരെയുള്ള പരാതി.
തൃശൂരിൽ ഒരേ കെട്ടിടത്തിലെ വ്യത്യസ്ത അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്നവരുമായി ബന്ധപ്പെട്ട് നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിഷ നിയമവിരുദ്ധവും അനുചിതവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഫ്ലാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് അഭിഭാഷക ആശ ഉണ്ണിത്താനൊടൊപ്പം നിഷ യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി ഉയർന്നുവന്നത്.
കേസിൽ ഇതുവരെ നിഷ റാഫേൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം, നിഷ നിരപരാധിയാണെന്നും ഗൂഢാലോചനയുണ്ടെന്നും വാദിച്ചും, എതിർത്തും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചകളും പോസ്റ്റുകളും സജീവമാണ്. അവതാരകയും ജേണലിസ്റ്റുമായ ശരണ്യ മോൾ ഉൾപ്പെടെയുള്ളവർ നിഷയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ സംബന്ധിച്ച ആരോപണങ്ങളും മെഡിക്കോ-ലീഗൽ പരിശോധനയെക്കുറിച്ചുള്ള വിവരങ്ങളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാരനാക്കുകയോ കുട്ടിയുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണോ അതോ വസ്തുതാപരമായ അടിസ്ഥാനമുണ്ടോ എന്നത് പൊലീസ് അന്വേഷണത്തിലൂടെയും നിയമനടപടികളിലൂടെയും മാത്രമേ വ്യക്തമാകൂ. ആരോപണങ്ങൾ ഉയർന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാവില്ലെന്നും, അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നുമാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.