വ്യാജ എഐ ചിത്രപ്രചരണം: ആരാധകരുടെ നടപടിക്കെതിരെ ജൂനിയർ എൻടിആറിന്റെ ഇടപെടൽ തേടി കമ്മീഷ്ണർ

','

' ); } ?>

ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി. സി. സജ്ജനാറിന്റെ എഐ നിർമ്മിത വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം വൻ വിവാദമാകുന്നു. ‘ദേവരാ’ എന്ന സിനിമയിലെ ‘ചുട്ടമല്ലെ’ എന്ന ഗാനവുമായി ബന്ധപ്പെട്ട ജാൻവി കപൂറിന്റെ ഡീപ്ഫേക്ക് കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു എന്ന തെറ്റായ സന്ദേശത്തോടൊപ്പമാണ് കമ്മീഷണറുടെ വ്യാജ ചിത്രം ഉപയോഗിച്ചത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിൽ കമ്മീഷണർ ശക്തമായ അമർഷം രേഖപ്പെടുത്തുകയും, നടൻ ജൂനിയർ എൻടിആറിന്റെ ആരാധകരെന്ന പേരിൽ ചിലർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടൻ തന്നെ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രചരിക്കുന്ന ഫോട്ടോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും യഥാർത്ഥമല്ലെന്നും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ സജ്ജനാർ വ്യക്തമാക്കി. ഇന്റർനെറ്റിൽ കാണുന്ന ദൃശ്യങ്ങൾ വിശ്വസനീയമാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുതെന്നും, തെറ്റായ വിവരങ്ങൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്മീഷണറുടെ കർശന മുന്നറിയിപ്പിനെ തുടർന്ന് ചിത്രം പങ്കുവെച്ച എക്സ് അക്കൗണ്ട് അത് നീക്കം ചെയ്യുകയും മാപ്പ് ചോദിക്കുകയും ചെയ്തെങ്കിലും, ആരോപണം നേരിട്ട ആരാധകർ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പ്രിയതാരത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ജൂനിയർ എൻടിആർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ കൊരട്ടാല ശിവ സംവിധാനം ചെയ്ത ‘ദേവര: പാർട്ട് വൺ’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന പ്രണയഗാന രംഗങ്ങൾ എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നടി ജാൻവി കപൂർ വിമർശിക്കുകയും, ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ പോലീസ് കമ്മീഷണറുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തുകൊണ്ടുള്ള പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *