
നടൻ നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പനജി പൊലീസ്. മരണകാരണവും സാഹചര്യങ്ങളും കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 194 ആം വകുപ്പ് പ്രകാരമാണ് പനജി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ നിതിൻ നായിക്കിനാണ് അന്വേഷണ ചുമതല. ഡോണ പോളയിലെ ഓഷ്യൻ പാർക്ക് വസതിയിൽനിന്ന് മണിപാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും നടൻ മരിച്ചിരുന്നുവെന്ന് പൊലീസ് റെക്കോർഡുകളിൽ പറയുന്നു. ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്നു വ്യക്തമായാൽ കേസ് ഫയൽ ക്ലോസ് ചെയ്യും. എന്നാൽ എന്തെങ്കിലും തരത്തിലുള്ള സംശയകരമായ സാഹചര്യങ്ങളോ അപാകതകളോ കണ്ടെത്തിയാൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
‘‘ആശുപത്രിയിൽ എത്തിക്കും മുൻപ് അദ്ദേഹം മരിച്ചിരുന്നു. തുടർന്നു നിയമപരമായ നടപടികളുടെ ഭാഗമായി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതൊരു ഹൃദയാഘാതമാണെങ്കിലും അതിലേക്കു നയിച്ച കൃത്യമായ കാരണം വ്യക്തമല്ല. അദ്ദേഹം ഹൃദ്രോഗബാധിതനായിരുന്നുവെന്നും അതിനായുള്ള മരുന്നുകൾ കഴിച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്’’ – മണിപാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സാൽക്കർ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ വസതിയിൽ വച്ചാണ് നാനാ പടേക്കർക്ക് ഹൃദയാഘാതം ഉണ്ടായത്. മണിപാൽ ആശുപത്രിയിലെ ഡോക്ടർമാർ ഏകദേശം 45 മിനിറ്റോളം സിപിആർ നൽകി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലർച്ചെ 5.20 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഭൗതികശരീരം ബന്ധുക്കൾക്കു വിട്ടുനൽകി. തുടർന്ന് രാത്രി വൈകി പുണെ ജില്ലയിലെ ഡോൺജെയിലുള്ള ഫാംഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ.