
കാൻസർ ബാധിച്ച് അന്തരിച്ച ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷന്റെ മരണാനന്തര ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെതിരെയുള്ള വിമർശനങ്ങളിൽ മറുപടിയുമായി ഭർത്താവ് അംബുജാക്ഷൻ. ലേഖയുടെ ഓർമകൾ നിലനിർത്താനാണ് വിഡിയോകൾ പങ്കുവയ്ക്കുന്നതെന്നും ഇഷ്ടമില്ലാത്തവർക്ക് അൺഫ്രണ്ട് ചെയ്ത് പോകാം എന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയുടെ മരണം പോലും സമൂഹമാധ്യമങ്ങളിൽ റീച്ചിനായി ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അംബുജാക്ഷന്റെ പ്രതികരണം. ലേഖയുടെ സ്നേഹിതർക്കുവേണ്ടിയാണ് താൻ വിഡിയോ ഇടുന്നതെന്നും, കാൻസറിന്റെ കടുത്ത വേദനയിലും തങ്ങളെ വിമർശിച്ചവരോട് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിതാഭസ്മം ഏറ്റുവാങ്ങിയുള്ള യാത്രാമധ്യേയും മക്കളുടെ അവസ്ഥ ഓർത്തുണ്ടായ തീവ്രമായ സങ്കടങ്ങളും അദ്ദേഹം പങ്കുവച്ച വിഡിയോകളിൽ വ്യക്തമായിരുന്നു. ഭാര്യ ബാക്കിവച്ച ആഗ്രഹങ്ങൾ ഓരോന്നായി പൂർത്തീകരിക്കാൻ താൻ ഏതറ്റം വരെയും പോകുമെന്ന് അംബുജാക്ഷൻ കൂട്ടിച്ചേർത്തു.
രണ്ട് വർഷത്തോളമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ലേഖയുടെ വിയോഗം വലിയ വേദനയാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയത്. അസുഖബാധിതയായിരുന്ന സമയത്തും ലേഖ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചത് ലേഖയായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തത് ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. കൂടാതെ നാഗാ വംശജരുടെ ജീവിതം പ്രമേയമാക്കി ഇവർ ചെയ്ത ഡോക്യുമെന്ററിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അംബുജാക്ഷന്റെ വാക്കുകൾ;
‘‘നൂറുകണക്കിന് സുഹൃത്തുക്കൾ വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് എന്റെ മുത്തിന്റെ സ്നേഹിതർക്കുവേണ്ടി ഞാൻ ഈ വിഡിയോ ഇടുന്നത്.ആർക്കെങ്കിലും ഇഷ്ടമില്ലെങ്കിൽ മാറിനിൽക്കാം… ഞാൻ സോറി പറയുന്നു. കാൻസറിന്റെ വേദനയിൽ കഴിയുമ്പോൾ പോലും ലേഖയെ തെറിപറഞ്ഞ ഒരുപാട് പേരുണ്ട്. അവരോടൊന്നും എനിക്ക് ഒന്നും പറയാനില്ല… കാരണം, അവർക്കുള്ള മറുപടി എന്റെ മുത്ത് തന്നെ കൊടുത്തതാണ്.
ഇന്ന് അവൾ ഇവിടെ ഇല്ല…പക്ഷേ അവളുടെ വാക്കുകളും, അവളുടെ സ്നേഹവും, അവളുടെ ധൈര്യവും എന്റെ കൂടെയുണ്ട്. എന്റെ മുത്തിനെ സ്നേഹിച്ചവർക്കും, അവൾക്കുവേണ്ടി പ്രാർഥിച്ചവർക്കും, ഇന്നും അവളുടെ ഓർമ്മകളെ നെഞ്ചിലേറ്റി നടക്കുന്ന ഓരോരുത്തർക്കും നന്ദി.
ഇത് എന്റെ ഭാര്യയുടെ ഭാഷയാണ്…അവളുടെ ഓർമകൾക്കുവേണ്ടിയാണ് ഞാൻ ഇത് പങ്കുവയ്ക്കുന്നത്. ഇഷ്ടമില്ലാത്തവർ ദയവായി എന്നെ അൺഫ്രണ്ട് ചെയ്ത് പോയിക്കോളൂ. എനിക്ക് ആരോടും വിരോധമില്ല…എന്റെ മുത്തിന്റെ ഓർമ്മകളെ സംരക്ഷിക്കുക മാത്രമാണ് ഇനി എന്റെ ജീവിതം. സോറി… ഇത് എന്റെ ലേഖയുടെ ഭാഷയാണ്. എന്റെ മുത്തിന്റെ ഭാഷ
ലേഖയെ മനസ്സിലാക്കിയവർ ഒരിക്കലും ഇത്തരം മെസേജുകൾ ഇടില്ല…അവൾ വേദനയിൽ പുളഞ്ഞുനിൽക്കുമ്പോൾ, ഞാൻ പോലും അറിയാതെ ഒരിക്കൽ ഒരു വിഡിയോ ഇട്ടിരുന്നു. അതിനകത്ത് എന്റെ മുത്തിനെ തകർത്ത ഒരുപാട് പേരുണ്ടായിരുന്നു. അതിനൊന്നും ഞാൻ മറുപടി പറഞ്ഞതല്ല… അവൾ തന്നെയാണ് മറുപടി കൊടുത്തിരുന്നത്. ഒരു കാര്യം നിങ്ങൾ ഓർക്കണം…തന്റെ ശത്രുക്കൾക്കുപോലും കാൻസർ വരരുതേ എന്നായിരുന്നു ഞാനും മോളും പ്രാർഥിച്ചിരുന്നത്. അതായിരുന്നു എന്റെ ലേഖ.
ഇന്ന് അവൾ ബാക്കിവച്ച ആഗ്രഹങ്ങൾ ഓരോന്നായി പൂർത്തിയാക്കാൻ ഞാൻ ഏതറ്റം വരെയും പോകും. കാരണം, അവളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ ഞാൻ പിന്മാറിയാൽ, എന്റെ മുത്ത് എന്റെ ഹൃദയത്തിൽ നിന്ന് എന്നോട് പിണങ്ങും. അത് എന്താണെന്ന് അംബുവിനെയും ലേഖയെയും അറിയുന്നവർക്ക് അറിയാം. അവർക്ക് ലേഖയെ മനസ്സിലാക്കാൻ മറ്റാരുടെയും വാക്കുകൾ ആവശ്യമില്ല.
ഇന്ന് ഞാൻ ചിതാഭസ്മം വാരിക്കൊണ്ട് വന്നതാണ്…ഞാനും എന്റെ മക്കളും…കൈകളിൽ എന്റെ മുത്തിന്റെ ചിതാഭസ്മവും, നെഞ്ചിൽ അവളുടെ ഓർമ്മകളും,മനസ്സിൽ അവൾ ബാക്കിവെച്ച ആഗ്രഹങ്ങളുമായി…ഓർക്കുക… മനുഷ്യജന്മം അങ്ങിനെയാണ്. ഇന്ന് നമ്മൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം…നാളെ നമ്മളും ഈ ലോകത്തോട് വിടപറയേണ്ടി വരും.അതിനാൽ ആരെയും വിധിക്കരുത്…ആരെയും തകർക്കരുത്…കാരണം ഓരോ മനുഷ്യന്റെയും ഉള്ളിൽ നമ്മൾ കാണാത്ത ഒരു വേദനയുണ്ടാകും.എന്റെ ലേഖ… നീ പോയിട്ടില്ല.എന്റെ ഹൃദയത്തിൽ നീയുണ്ട്. നിന്റെ ആഗ്രഹങ്ങൾ പൂർത്തിയാകുന്നതുവരെ ഞാൻ നിർത്തില്ല.’’–അംബുജാക്ഷന്റെ വാക്കുകൾ.