
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘റെട്രോ’ ഒരു മോശം സിനിമയാണെന്ന് തുറന്നടിച്ച് സംവിധായകൻ മിഷ്കിൻ. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രമായ ‘ഡൊറോത്തി’യുടെ വിജയാഘോഷ ചടങ്ങിനിടയിലാണ് വേദിയിൽ വെച്ച് മിഷ്കിന്റെ ഈ പരസ്യ വിമർശനം ഉയർന്നത്. ചിത്രത്തെ രൂക്ഷമായി വിമർശിച്ചതിനൊപ്പം തന്നെ കാർത്തിക്കിന്റെ കഠിനാധ്വാനത്തെയും സിനിമയോടുള്ള സമർപ്പണത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
തന്റെ മുൻ ചിത്രമായ ‘പിശാശ്’ റിലീസ് ചെയ്ത കാലത്ത് തിയേറ്റർ സന്ദർശന വേളകളിൽ കാർത്തിക് കാണിച്ച ആത്മാർത്ഥത മിഷ്കിൻ ഓർത്തെടുത്തു. രാവിലെ മുതൽ വൈകുന്നേരം വരെ തിയേറ്ററിൽ ഇരുന്ന് ചിത്രം കണ്ട കാർത്തിക്കിനെ കണ്ടപ്പോഴേ അവൻ എല്ലാവരെയും വെട്ടിച്ച് മുന്നേറുമെന്ന് തനിക്ക് മനസ്സിലായിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ അതേ വേദിയിൽ വെച്ച് തന്നെ ‘റെട്രോ’ ഒരു മൊക്ക പടമാണെന്നും, ചിത്രത്തിലെ കട്ടുകളില്ലാത്ത ഡാൻസ് സീക്വൻസ് തീർത്തും മോശമായിരുന്നുവെന്നും മിഷ്കിൻ യാതൊരു കൂസലുമില്ലാതെ തുറന്നടിച്ചു.
മിഷ്കിന്റെ ഈ മാസ് പ്രസംഗവും കാർത്തിക് സുബ്ബരാജിന്റെ ചിത്രത്തെക്കുറിച്ചുള്ള പരിഹാസവും ചടങ്ങിൽ വലിയ ചിരി പടർത്തി. സംവിധായകൻ കാർത്തിക് സുബ്ബരാജ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ഈ വിമർശനത്തെ വളരെ സ്പോർട്മാൻ സ്പിരിറ്റോടെയും ചിരിയോടെയുമാണ് സ്വീകരിച്ചത്. വളച്ചുകെട്ടുകളില്ലാതെ മിഷ്കിൻ നടത്തിയ ഈ തുറന്നപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്.
‘‘ഈ ചിത്രത്തിന് തൊട്ടുമുമ്പ് അവൻ ചെയ്തൊരു സിനിമയുണ്ട്, സത്യം പറഞ്ഞാൽ അതൊരു മൊക്ക സിനിമ തന്നെയാണ്. ഞാൻ ആ പടം കണ്ടതാണ്. കാർത്തിക്കിനെ നേരത്തെ തന്നെ അറിയാം. ഞാൻ ‘പിശാശ്’ ഒക്കെ ചെയ്യുന്ന സമയത്ത്, ഉച്ചയ്ക്ക് ഒരു മണിക്ക് ഞാൻ തിയറ്റർ വിസിറ്റിന് എത്തുമെന്ന് അറിഞ്ഞ് കാർത്തിക് രാവിലെയും ആ പടം കണ്ടു, ഉച്ചയ്ക്കും കണ്ടു, വൈകുന്നേരവും കണ്ട് അവിടെത്തന്നെ നിൽക്കുകയാണ്! ഞാൻ അകത്തേക്ക് കയറുമ്പോഴാണ് കാർത്തിക് വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. ഉടനെ ഞാൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു, അവൻ അപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ്. അന്ന് അവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാണ്, ‘ഇവൻ എല്ലാവരെയും വെട്ടിച്ച് മുന്നേറും’ എന്ന്. പക്ഷേ ‘റെട്രോ’ മോശം സിനിമയാണ്. അതിൽ കട്ടുകളില്ലാത്ത ഒരു ഡാൻസ് സീക്വൻസ് ഉണ്ട്. എന്തൊരു മോശമായിരുന്നു അത്.’’–മിഷ്കിന്റെ വാക്കുകൾ.