
കാർത്തിക് സുബ്ബരാജ് ചിത്രമായ ‘ഡൊറോത്തി’യിലെ മികച്ച പ്രകടനത്തിന് നടന്മാരായ സനന്തിനും റിഷികാന്തിനും തന്റെ കൈവിരലിലെ സ്വർണമോതിരം സമ്മാനിച്ച് നടനും സംവിധായകനുമായ മിഷ്കിൻ. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടയായിരുന്നു മിഷ്കിന്റെ ഈ വൈകാരികമായ അഭിനന്ദനം.
തമിഴ് സിനിമയിലെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ഇരുവരും യഥാർഥ ഹീറോകളായി മാറിയിരിക്കുകയാണെന്ന് മിഷ്കിൻ പറഞ്ഞു. ഇരുന്നൂറുപേരെ അടിച്ച്, പ്രണയിച്ച്, പതിവ് ഡയലോഗുകൾ പറഞ്ഞ് വലിയ ഹീറോകളാകുന്ന പരമ്പരാഗത ടെംപ്ലേറ്റുകൾ തകർത്തെറിഞ്ഞാണ് സനന്തും റിഷികാന്തും ശ്രദ്ധേയരായത്. ഫാൻസ് ക്ലബ്ബുകൾ ഉണ്ടാക്കി കോമഡി കാണിക്കരുതെന്നും തങ്ങൾക്കുമുള്ള വലിയ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നല്ല രീതിയിൽ മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വലിയ വിജയങ്ങൾക്കൊപ്പം പ്രതിസന്ധികളും പിറകെയുണ്ടാകുമെന്നതിനാൽ അതീവ ജാഗ്രത വേണം. അവരുടെ കാൽക്കൽ വീഴാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാത്തതുകൊണ്ടാണ് താൻ അണിഞ്ഞിരുന്ന സ്വർണമോതിരം സമ്മാനിക്കുന്നതെന്നും മിഷ്കിൻ കൂട്ടിച്ചേർത്തു.
ട്രാൻസ് സമൂഹത്തിന്റെ ജീവിതവും പ്രശ്നങ്ങളും മുഖ്യധാര സിനിമയിലൂടെ ശക്തമായി ചർച്ച ചെയ്ത ‘ഡൊറോത്തി’യിൽ കീർത്തി സുരേഷാണ് ടൈറ്റിൽ റോളിലെത്തിയത്. സനന്തും റിഷികാന്തും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
മിഷ്കിന്റെ വാക്കുകൾ:
‘നിങ്ങൾ രണ്ടുപേരും വളരെ അപകടം പിടിച്ച ഒരു സ്ഥലത്താണ് നിൽക്കുന്നത്. 200 പേരെ അടിച്ച്, 4 പേരെ പ്രേമിച്ച്, അമ്മ പാസം ഡയലോഗ് പറഞ്ഞ്, അച്ഛനെ കെട്ടിപ്പിടിച്ച് അങ്ങനെയൊക്കെയാണ് വലിയ ഹീറോ ആകേണ്ടത്. നിങ്ങൾ ആ ടെംപ്ലേറ്റ് തകർത്ത് ഒരു റിയൽ ഹീറോ ആയി മാറിയിരിക്കുന്നു, സിനിമയിലും ജീവിതത്തിലും. ഫാൻസ് ക്ലബ്ബൊക്കെ ഉണ്ടാക്കി കോമഡി കാണിക്കരുത്. നിങ്ങൾക്ക് രണ്ടുപേർക്കും വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങൾ ഇരുവരും നല്ല മാതാപിതാക്കളുടെ മക്കളാണ്. ആ ഉത്തരവാദിത്തം കാണിക്കണം. വലിയ വിജയം കൈവരിക്കുമ്പോൾ ദുഷ്ടശക്തിയും പിറകെയുണ്ടാകും, ശ്രദ്ധയോടെ വേണം ഇനി മുന്നോട്ടുപോകാൻ. സനന്തിന്റെയും റിഷിയുടേയും കാലിൽ വീഴണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിന് കഴിയില്ല. അതിനാൽ ഇപ്പോൾ ഞാൻ എന്റെ സ്വർണമോതിരം നിങ്ങൾക്ക് ഇരുവർക്കും സമ്മാനിക്കുകയാണ്. നിങ്ങൾ എന്നെ വണങ്ങരുത്, ഞാനാണ് നിങ്ങളെ വണങ്ങേണ്ടത്’, മിഷ്കിന് പറഞ്ഞു.