
നടനും തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും നടിയുമായ ശ്വേതാ മേനോൻ എത്തുന്നുവെന്ന സൂചനകൾ ശക്തം. വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നടി ഔദ്യോഗികമായി അനുമതി തേടിയിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ടിവികെ കേരള ഘടകം കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ മുഖേനയാണ് വിജയിയുടെ ഓഫീസിന് ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. ശ്വേതാ മേനോൻ, പങ്കാളി ശ്രീവത്സൻ മേനോൻ, അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർ ഉൾപ്പെടുന്ന സംഘത്തിനാണ് വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കൂടിക്കാഴ്ചയ്ക്ക് വിജയ് അനുമതി നൽകിയിരുന്നുവെന്നും എന്നാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി ദുബായിൽ ആയതിനാലാണ് കൂടിക്കാഴ്ച അന്ന് നടക്കാതെ പോയതെന്നും അഭിഭാഷകൻ ഫിറോസ് ദേശികൻ വ്യക്തമാക്കി. പുതിയ തീയതി ഉടൻ ലഭിക്കുമെന്നും അതിനുശേഷമാകും ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഷൂട്ടിങ് തിരക്കുകളിലുള്ള ശ്വേതാ മേനോൻ വിഷയത്തിൽ നേരിട്ട് പ്രതികരിച്ചിട്ടില്ല. പാർട്ടി പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അഭിഭാഷകൻ തയ്യാറായില്ല.