
തനിക്കെതിരെയുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടൻ അനൂപ് മേനോൻ. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താൻ സോഷ്യൽ മീഡിയയിൽ സജീവമല്ലെന്നും ജനങ്ങളുടെ തെറ്റിദ്ധാരണകളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും താരം വ്യക്തമാക്കിയത്.
സിനിമയിലെത്തിക്കഴിഞ്ഞാൽ ലോകം മുഴുവൻ തങ്ങളെയാണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്നൊരു തെറ്റായ ധാരണ പല താരങ്ങൾക്കുമുണ്ട്. എന്നാൽ ലോകത്തിന് മറ്റ് പല ജോലികളുണ്ടെന്നും ആരും നിരന്തരം നമ്മളെ ശ്രദ്ധിച്ചുകൊണ്ടിരിക്കില്ലെന്നും അനൂപ് മേനോൻ ഓർമ്മിപ്പിച്ചു. കുറച്ചെങ്കിലും യാത്രകൾ ചെയ്താൽ ഈ ലോകത്തിന്റെ വലുപ്പത്തിനു മുന്നിൽ നമ്മൾ എത്രത്തോളം അപ്രസക്തരാണെന്ന് തിരിച്ചറിയാൻ സാധിക്കും. മറ്റുള്ളവരുടെ ധാരണകളോ തെറ്റിദ്ധാരണകളോ മാറ്റാൻയോ അതിനെക്കുറിച്ച് ബോധവാനാകാനോ ഈ തിരക്കുപിടിച്ച ജീവിതത്തിൽ ആർക്കും സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ ഇല്ലെന്നും അതിന്റെ കാര്യങ്ങൾ നോക്കുന്നത് അഡ്മിൻമാരാണെന്നും താരം പറഞ്ഞു. ആളുകളുടെ കമന്റുകൾ താൻ വായിക്കാറില്ലാത്തതിനാൽ തന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടോ എന്ന് തനിക്ക് അറിയാൻ സാധിക്കാറില്ലെന്നും, ഒരു പ്രത്യേക ഘട്ടത്തിനു ശേഷം ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
അനൂപ് മേനോന്റെ വാക്കുകൾ;
“ആളുകൾക്ക് എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ എന്താണെന്ന് എനിക്കറിയില്ല. ഞാൻ അത്തരം കാര്യങ്ങളിൽ നിന്ന് കട്ട് ഓഫ് ആണ്. ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല, എന്റെ അഡ്മിൻസ് ഒക്കെയാണ് അത് നോക്കുന്നത്. കമന്റുകൾ ഞാൻ വായിക്കാറില്ല. അതുകൊണ്ട് ആളുകൾക്ക് എന്നെക്കുറിച്ച് ധാരണയുണ്ടോ, തെറ്റിദ്ധാരണ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ ഒരു പോയ്ന്റ് കഴിയുമ്പോൾ നമ്മളെ ഇതൊന്നും ബാധിക്കില്ല. എനിക്കത് തോന്നിയിട്ടില്ല.
കുറച്ചെങ്കിലും യാത്രകൾ ചെയ്ത് കഴിഞ്ഞാൽ മനസിലാകും, നമ്മൾ എത്രത്തോളം അപ്രസക്തമാണെന്ന കാര്യം. നമ്മളൊരു ചെറിയ മൺതരി പോലുമല്ല ഈ ലോകം വച്ചു നോക്കുമ്പോൾ. സിനിമയിലെത്തി കഴിഞ്ഞാൽ, എല്ലാവരുടെയുമല്ല, ഒരു വലിയ വിഭാഗത്തിന്റെ ധാരണ ലോകം മുഴുവൻ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ട് ആശാനേ.
അവർ അതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോൾ നോക്കും, അല്ലെങ്കിൽ ഒരു കമന്റിടും. അതോടെ ആ സംഭവം കഴിഞ്ഞു. അവർക്ക് അവരുടേതായ ജീവിതങ്ങളുണ്ട്. അവരുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആർക്കും സമയമില്ല, ഈ സമയത്ത്. അതിൽ ഞാനത്ര ബോധവാനല്ല”.