‘എൻ ഇനിയ പൊൻ നിലാവേ’ പകർപ്പവകാശ കേസ്: ഇളയരാജയുടെ അപ്പീൽ തള്ളി സുപ്രീം കോടതി; സാരേഗമയ്ക്ക് വിജയം

','

' ); } ?>

 

തമിഴ് ഗാനം ‘എൻ ഇനിയ പൊൻ നിലാവേ…’യുടെ പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, ഇളയരാജയുടെ അപ്പീൽ തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രമുഖ സംഗീത കമ്പനിയായ സാരേഗമയ്ക്ക് അനുകൂലമായി പുറപ്പെടുവിച്ച ഹൈക്കോടതി വിധിയാണ് ഇതോടെ അന്തിമമായി നിലവിൽ വന്നിരിക്കുന്നത്.

‘മൂടുപനി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികളുടെയും സൗണ്ട് റെക്കോർഡിങ്ങിന്റെയും പകർപ്പവകാശം സാരേഗമയ്ക്കാണ് ഉള്ളതെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. ചിത്രത്തിന്റെ യഥാർത്ഥ നിർമാതാവിൽ നിന്നുള്ള അസൈൻമെന്റ് വഴിയാണ് പകർപ്പവകാശം തങ്ങൾക്ക് ലഭിച്ചതെന്ന സാരേഗമയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇളയരാജയിൽ നിന്ന് ലൈസൻസ് ലഭിച്ചെന്ന് അവകാശപ്പെട്ട് മറ്റൊരു സിനിമാ നിർമ്മാണ കമ്പനി ഗാനത്തിന്റെ പുനഃസൃഷ്ടിച്ച രൂപം തങ്ങളുടെ ചിത്രത്തിൽ ഉപയോഗിച്ചതോടെയാണ് തർക്കം നിയമനടപടികളിലേക്ക് നീങ്ങിയത്.

ഗാനത്തിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്നും, വരികളിലോ സൗണ്ട് റെക്കോർഡിംഗിലോ അദ്ദേഹത്തിന് പകർപ്പവകാശമില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കിയിരുന്നു. മെയ് 21-ലെ ഹൈക്കോടതി ഉത്തരവിനെതിരെ ഇളയരാജ സമർപ്പിച്ച പുനഃപരിശോധനാ ഹർജി മെയ് 26-ന് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി കൂടി അപ്പീൽ തള്ളിയതോടെ ഗാനത്തിന്റെ വരികളുടെയും സൗണ്ട് റെക്കോർഡിംഗിന്റെയും പകർപ്പവകാശത്തിൽ സാരേഗമയുടെ അനുകൂല നിലപാട് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.